വാഷിങ്ടൻ ∙ 2024ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനു സ്ഥാനാർഥിത്വം പ്രഖ്യാപിച്ച് നിക്കി ഹേലി (51). ഇന്ത്യൻ വംശജയായ പ്രമുഖ റിപ്പബ്ലിക്കൻ നേതാവും യുഎന്നിലെ മുൻ അംബാസഡറുമാണ്. ‘‘ഞാൻ നിക്കി ഹേലി, പ്രസിഡന്റാകാൻ മത്സരിക്കുന്നു’’– വിഡിയോ പ്രസ്താവനയിൽ അവർ വ്യക്തമാക്കി. പഞ്ചാബിൽനിന്ന് 1960 കളിൽ കാനഡയിലേക്കും തുടർന്ന് അമേരിക്കയിലേക്കും കുടിയേറിയ അജിത് സിങ് രൺധാവ – രാജ് കൗർ ദമ്പതികളുടെ മകളാണ് നിക്കി ഹേലി.
‘‘പുതുതലമുറ നേതൃത്വത്തിന്റെ സമയമായി. രാജ്യത്തിന്റെ സമ്പദ്‌രംഗം വീണ്ടെടുക്കുന്നതിന്, അതിർത്തികൾ സുരക്ഷിതമാക്കുന്നതിന്, രാജ്യത്തെ കരുത്തുറ്റതാക്കുന്നതിന്, നമ്മുടെ അഭിമാനവും ലക്ഷ്യവും നേടിയെടുക്കുന്നതിനു മാറ്റം ആവശ്യമാണ്. ഇന്ത്യക്കാരായ കുടിയേറ്റക്കാരുടെ അഭിമാനമുള്ള മകളാണ്. വെളുപ്പോ കറുപ്പോ അല്ല; ഞാൻ വ്യത്യസ്തയാണ്’’– പിറന്നാൾ ദിവസം പുറത്തിറക്കിയ വിഡിയോയിൽ നിക്കി ഹേലി പറഞ്ഞു.
2024 നവംബറിലെ തിരഞ്ഞെടുപ്പിൽ ട്രംപ് റിപ്പബ്ലിക്കൻ സ്ഥാനാർഥിയായി മത്സരിക്കാനിരിക്കെയാണ് നിക്കി ഹേലിയുടെ രംഗപ്രവേശം. ട്രംപ് ഭരണകൂടത്തിൽ ഇന്ത്യൻ വംശജരിൽ ഏറ്റവും ഉയർന്ന പദവി വഹിച്ചയാളാണ്. റിപ്പബ്ലിക്കൻ സ്ഥാനാർഥിയായി മത്സരിക്കാൻ ട്രംപ് (76) മാത്രമാണ് നിലവിൽ മുന്നോട്ടുവന്നിട്ടുള്ളത്. ട്രംപ് മത്സരിക്കുകയാണെങ്കിൽ താൻ സ്ഥാനാർഥിയാവില്ലെന്ന മുൻ നിലപാട് തിരുത്തിയാണ് നിക്കി ഹേലിയുടെ പ്രഖ്യാപനം. യുഎസ് ചരിത്രത്തിലെ ഏറ്റവും പ്രായം ചെന്ന പ്രസിഡന്റായ ജോ ബൈഡന് (80) മറ്റൊരു ഊഴം നൽകരുതെന്നും പറഞ്ഞു.
English Summary: Nikki Haley Announces 2024 US Presidential Bid