ADVERTISEMENT

വാഷിങ്ടൻ∙ യുഎസ് സൈന്യം മിസൈൽ ഉപയോഗിച്ച് തകർത്ത ചൈനീസ് ചാര ബലൂണിൽ ഘടിപ്പിച്ചിരുന്ന ചില നിർണായക ഇലക്ട്രോണിക് ഉപകരണങ്ങൾ വീണ്ടെടുത്തതായി വെളിപ്പെടുത്തൽ. വിവരശേഖരണത്തിന് ഉപയോഗിക്കുന്ന സെൻസറുകൾ ഉൾപ്പെടെ ഇക്കൂട്ടത്തിലുണ്ടെന്നാണു വിവരം. കാലാവസ്ഥാ നിരീക്ഷണത്തിനുള്ളതെന്നു ചൈന ആവർത്തിച്ച് അവകാശപ്പെടുന്ന ബലൂണിൽനിന്നാണ് യുഎസ് സൈന്യം ഇലക്ട്രോണിക് ഉപകരണങ്ങൾ കണ്ടെടുത്തത്. വെടിവച്ചുവീഴ്ത്തിയ ബലൂണിന്റെ അവശിഷ്ടങ്ങളിൽനിന്നാണ് ഇവ ലഭിച്ചതെന്നാണ് വിവരം.

‘‘വെടിവച്ചിട്ട ചാര ബലൂണിന്റെ അവശിഷ്ടങ്ങൾക്കിടയിൽനിന്നു നിർണായകമായ ചില ഉപകരണങ്ങൾ ലഭിച്ചിട്ടുണ്ട്. വിവരശേഖരണത്തിന് ഉപയോഗിക്കുന്ന സെൻസറുകളും ചില ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഭാഗങ്ങളും ബലൂണിന്റെ അവശിഷ്ടങ്ങളും ഇക്കൂട്ടത്തിലുണ്ട്’’ – യുഎസ് സൈന്യത്തിന്റെ വടക്കൻ കമാൻഡ് പ്രസ്താവനയിൽ അറിയിച്ചു. വീണ്ടെടുത്ത സെൻസർ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ എഫ്ബിഐ പരിശോധനയ്ക്കു വിധേയമാക്കും.

നേരത്തെ, മൂന്നു നാൾ നീണ്ടുനിന്ന ദുരൂഹതയ്ക്കൊടുവിലാണു ചൈനീസ് നിരീക്ഷണ ബലൂൺ യുഎസ് മിസൈൽ ഉപയോഗിച്ചു തകർത്തത്. കാനഡയുടെ പിന്തുണയോടെയാണു സൗത്ത് കാരലൈന തീരത്ത് യുഎസ് വ്യോമസേനയുടെ എഫ്–22 യുദ്ധവിമാനം ബലൂൺ വീഴ്ത്തിയത്. തീരത്തുനിന്ന് ഏകദേശം 10 കിലോമീറ്റർ അകലെ അറ്റ്ലാന്റിക് സമുദ്രത്തിലാണു ബലൂൺ പതിച്ചത്. ബലൂണിന്റെ അവശിഷ്ടങ്ങൾ വീണ്ടെടുത്തു വിശകലനം ചെയ്യാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചതായി പ്രതിരോധ സെക്രട്ടറി ലോയ്ഡ് ജെ.ഓസ്റ്റിൻ അറിയിച്ചിരുന്നു.

ജനുവരി 28ന് അലൂഷ്യൻ ദ്വീപുകൾക്കു സമീപം തങ്ങളുടെ വ്യോമാതിർത്തിയിൽ പ്രവേശിച്ചപ്പോഴാണ് ബലൂൺ ആദ്യമായി യുഎസിന്റെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് കാനഡയിലെ അലാസ്കയിലൂടെ സഞ്ചരിച്ച് ഐഡഹോയ്ക്കു മുകളിലൂടെ ബലൂൺ വീണ്ടും യുഎസ് വ്യോമാതിർത്തിയിൽ പ്രവേശിച്ചു. അപകടമില്ലാതെ ബലൂൺ താഴെയിറക്കാൻ പ്രസിഡന്റ് ജോ ബൈഡൻ അനുമതി നൽകിയതോടെയാണ് ബലൂൺ വീഴ്ത്തിയത്.

ഇതുൾപ്പെടെ ഇതുവരെ നാലു ബലൂണുകളാണ് യുഎസ് പോർവിമാനങ്ങൾ വെടിവച്ചു വീഴ്ത്തിയത്. അതേസമയം, ആദ്യത്തേതൊഴികെയുള്ളവ ചൈന അയച്ചതാണെന്ന് യുഎസ് ആരോപിച്ചി‍ട്ടില്ല. ഏറ്റവും ഒടുവിൽ കാനഡ അതിർത്തിയോടു ചേർന്നുള്ള ഹ്യുറോൺ തടാകത്തിനു സമീപത്തു വച്ചാണ് 20,000 അടി ഉയരത്തിൽ പറന്ന ബലൂൺ യുഎസ് വ്യോമസേനയുടെ എഫ്–16 പോർവിമാനങ്ങൾ വീഴ്ത്തിയത്. ശനിയാഴ്ച കാനഡയിലെ യുകോണിനു മുകളിലും വെള്ളിയാഴ്ച യുഎസിലെ അലാസ്കയിലും സമാനമായ ബലൂണുകൾ യുഎസ് വീഴ്ത്തിയിരുന്നു.

English Summary: U.S. military says it recovers key sensors from downed Chinese spy balloon

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com