ADVERTISEMENT

യുഎസുമായുള്ള ‘ന്യൂ സ്റ്റാർട്ട്’ അണ്വായുധ കരാറിൽനിന്നു റഷ്യ പിന്മാറിയത് ആഗോള തലത്തിൽ വൻ പ്രത്യാഘാതം സൃഷ്ടിക്കുമെന്നു വിലയിരുത്തൽ. കരാറിന്റെ കാലാവധി കഴിയുന്ന 2026 വരെ ചില കാര്യങ്ങളിൽനിന്നു വ്യതിചലിക്കില്ലെന്നു റഷ്യ പറയുമ്പോഴും അത് യുഎസിനുണ്ടാക്കുന്ന ആശങ്ക ചെറുതല്ല. യുഎസ് പ്രസിഡന്റ് ജോ ബൈഡൻ തിങ്കളാഴ്ച യുക്രെയ്നിന് ഐക്യദാർഢ്യവുമായി തലസ്ഥാനമായ കീവ് സന്ദർശിച്ചിരുന്നു. ഇതിനു മറുപടിയായാണ് പുട്ടിന്റെ പ്രഖ്യാപനം. ‘‘ഞങ്ങളുടെ ബന്ധം പൂർണമായും ഇല്ലാതായി. അത് യുഎസിന്റെ കുഴപ്പം മാത്രമാണ്. യുഎസ് പരീക്ഷണം നടത്തിയാൽ ഞങ്ങളും നടത്തും. ആഗോള യുദ്ധതന്ത്ര സമത്വം തകർക്കാമെന്ന് ആർക്കും മിഥ്യാധാരണ വേണ്ട’’ – റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ ചൊവ്വാഴ്ച ലോകത്തോടു പറഞ്ഞു.

കഴിഞ്ഞ 50 വർഷത്തിലേറെയായി ലോകത്തെ ഏറ്റവും വലിയ ആണവ ശക്തികളായ യുഎസും റഷ്യയും തമ്മിൽ പലതരത്തിലുള്ള ആണവ കരാറുകൾ ഉണ്ടായിരുന്നു. ആണവായുധങ്ങൾ നിർമിക്കുക, വിന്യസിക്കുക തുടങ്ങിയവ പരിമിതപ്പെടുത്താനുള്ള നിബന്ധനകളാണ് ഈ കരാറിൽ. അതുകൊണ്ടുതന്നെ പുട്ടിൻ ഏകപക്ഷീയമായി കരാറിൽനിന്നു പിന്മാറുമ്പോൾ അതു ശീതയുദ്ധകാലത്തെ ആയുധ മത്സരത്തിന്റെ തനിയാവർത്തനം ആകുമോ എന്നാണു ലോകം ഉറ്റുനോക്കുന്നത്. യുക്രെയ്നിലെ റഷ്യയുടെ അധിനിവേശം ഈ ആശങ്കയിൽ തീ കോരിയൊഴിക്കുന്നു.

∙ എന്താണ് ന്യൂ സ്റ്റാർട്ട് കരാർ

കൈവശമുള്ള ആണവായുധങ്ങൾ കുറച്ചുകൊണ്ടുവരുമെന്ന് യുഎസും റഷ്യയും തമ്മിലുണ്ടാക്കിയ കരാറിനെയാണ് ന്യൂ സ്റ്റാർട്ട് (സ്ട്രാറ്റെജിക് ആംസ് റിഡക്‌ഷൻ ട്രീറ്റി) എന്നു വിശേഷിപ്പിക്കുന്നത്. യുഎസും അന്നത്തെ യുഎസ്എസ്ആറും തമ്മിൽ 1991ൽ ഒപ്പുവച്ച് 1994 ൽ നിലവിൽവന്ന സ്റ്റാർട്ട് – 1 കരാർ ആണ് ആദ്യമുണ്ടായിരുന്നത്. അന്ന് ഇരുരാജ്യങ്ങൾക്കും ആണവായുധങ്ങളുടെ എണ്ണം 6000 വും ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകളുടെ എണ്ണം 1600 ഉം ആയി നിജപ്പെടുത്തിയിരുന്നു. പിന്നീട് 2009 ൽ സോർട്ട് (SORT - സ്ട്രാറ്റജിക് ഒഫെൻസീവ് റിഡക്‌ഷൻസ് ട്രീറ്റി അല്ലെങ്കിൽ ട്രീറ്റി ഓഫ് മോസ്കോ) നിലവിൽ വന്നു. അതിനുശേഷം 2010 ഏപ്രിൽ എട്ടിന് പ്രേഗിൽ വച്ച് ന്യൂ സ്റ്റാർട്ട് കരാറിൽ ഒപ്പിട്ടു. 2011 ഫെബ്രുവരി 5ന് ഇതു പ്രാവർത്തികമായി. അന്നത്തെ യുഎസ് പ്രസി‍ഡന്റ് ബറാക് ഒബാമയും റഷ്യൻ പ്രസിഡന്റ് ദിമിത്രി മെദ്‌വെദേവും ആയിരുന്നു കരാറിൽ ഒപ്പിട്ടത്.

കരാർ പ്രകാരം, വിന്യസിച്ചിരിക്കുന്ന ആണവായുധ ശേഖരത്തിന്റെ എണ്ണം 1,550 ആയി നിജപ്പെടുത്തിയിട്ടുണ്ട്. വിന്യസിച്ചിരിക്കുന്നതും അല്ലാത്തതുമായ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ (ഐസിബിഎം) ലോഞ്ചറുകൾ, സബ്മറൈൻ ലോഞ്ച്ഡ് ബാലിസ്റ്റിക് മിസൈൽ (എസ്എൽബിഎം), ആണവ സാമഗ്രികൾ വഹിക്കാനുള്ള ബോംബർ വിമാനങ്ങൾ എന്നിവയുടെ എണ്ണം 800ൽ കൂടാനാകില്ല. ഇതിൽ വിന്യസിച്ചവയുടെ എണ്ണം 700 ആയും നിജപ്പെടുത്തിയിട്ടുണ്ട്. ഇവ കൃത്യമായി പാലിക്കപ്പെടുന്നുണ്ടോ എന്നു പരീക്ഷിക്കാൻ ഓൺ–സൈറ്റ്, ഉപഗ്രഹ നിരീക്ഷണം തുടങ്ങിയവ നടത്തണമെന്നും കരാറിൽ വ്യവസ്ഥയുണ്ട്.

പത്തുവർഷത്തേക്കായിരുന്നു കരാർ. വീണ്ടും അഞ്ചുവർഷത്തേക്കു കൂടി നീട്ടാനും വ്യവസ്ഥയുണ്ടായിരുന്നു. ഡോണൾഡ് ട്രംപിന്റെ കാലത്ത്, കരാർ റഷ്യയ്ക്ക് അനുകൂലമാണെന്ന് ആരോപിച്ച് യുഎസ് അതു പുതുക്കിയില്ല. പിന്നീട് പലവട്ടം ചർച്ചകൾക്കു ശ്രമിച്ചെങ്കിലും മുന്നോട്ടുപോയില്ല. ബൈഡൻ അധികാരത്തിൽ കയറിയതിനു പിന്നാലെ 2021 ഫെബ്രുവരി 3ന് കരാർ അഞ്ചുവർഷത്തേക്കു കൂടി നീട്ടി. 2026 വരെ പ്രാബല്യത്തിലുണ്ടായിരുന്ന കരാറിൽനിന്നാണ് ചൊവ്വാഴ്ച പുട്ടിൻ സാങ്കേതികമായി പിന്മാറിയത്. പുതിയ ന്യൂ സ്റ്റാർട്ട് കരാർ പ്രാബല്യത്തിലായി ഈ ഫെബ്രുവരി ഒന്നുവരെ ഇരു രാജ്യങ്ങളും തമ്മിൽ 328 ഓൺസൈറ്റ് ഇൻസ്പെക്‌ഷനും 42 ബൈആന്വൽ ഡേറ്റ ഏക്സചേഞ്ചുകളും നടന്നിട്ടുണ്ട്.

റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ മോസ്കോയിൽ രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുന്നു. ഫെബ്രുവരി 21ലെ ചിത്രം. (Photo by Sergei SAVOSTYANOV / SPUTNIK / AFP)
റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ മോസ്കോയിൽ രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുന്നു. ഫെബ്രുവരി 21ലെ ചിത്രം. (Photo by Sergei SAVOSTYANOV / SPUTNIK / AFP)

∙ നേരത്തേയും ‘കരാറുകളിൽനിന്ന്’ പിന്മാറിയിട്ടുണ്ട്

ഇതാദ്യമായല്ല വ്‌ളാഡിമിർ പുട്ടിൻ ആയുധ കരാറിൽനിന്നു പിന്മാറുന്നത്. ശീതയുദ്ധകാലത്ത് ഒപ്പിട്ട കൺവെൻഷനൽ ആംഡ് ഫോഴ്സസ് ഇൻ യൂറോപ്പ് എന്ന കരാറിൽനിന്ന് 2015ൽ റഷ്യ പിന്മാറിയിട്ടുണ്ട്. ബാൾട്ടിക് രാജ്യങ്ങളിലേക്കു കടന്നുകയറി നാറ്റോ സഖ്യം വിപുലപ്പെടുത്താനുള്ള ശ്രമങ്ങളാണ് അന്ന് പിന്മാറ്റത്തിനു കാരണമായി പറഞ്ഞത്. റീഗൻ ഭരണകൂടവുമായി ഒപ്പുവച്ച ഇന്റർമീഡിയറ്റ് – റേഞ്ച് ന്യൂക്ലിയർ ഫോഴ്സസ് ട്രീറ്റിയിൽനിന്ന് ട്രംപ് 2019ൽ പിന്മാറിയിരുന്നു. റഷ്യ സഹകരിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു 30 വർഷത്തെ കരാറിൽനിന്നുള്ള പിന്മാറ്റം. അതുകൊണ്ടുതന്നെ ഇപ്പോഴത്തെ ന്യൂ സ്റ്റാർട്ട് കരാറാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള അവസാനത്തെ കരാർ.

∙ പുട്ടിന്റെ പ്രഖ്യാപനത്തിനു പിന്നിലെന്ത്?

കരാർ റദ്ദാക്കുന്നു എന്നതിനർഥം പൂർണമായും റഷ്യ ഇതിൽനിന്നു പിന്നോട്ടുപോകുമെന്നല്ലെന്നാണ് വിലയിരുത്തൽ. നാറ്റോ രാജ്യങ്ങളെ തങ്ങളുടെ ആണവ ആയുധശേഖരം പരിശോധിക്കാൻ ഇനി റഷ്യ അനുവദിക്കില്ല. റഷ്യൻ വ്യോമ താവളങ്ങളിൽ ഡ്രോൺ ആക്രമണം നടത്തുന്നതിന് യുക്രെയ്നെ സഹായിക്കുന്നത് നാറ്റോ രാജ്യങ്ങളാണെന്നാണ് റഷ്യയുടെ ആരോപണം.

∙ ഇനി എന്ത്?

ആയുധങ്ങൾ നിയന്ത്രിക്കാനുള്ള യുഎസ് നീക്കമാണിതെന്ന് ആക്ഷേപിച്ചെങ്കിലും കരാർ മുന്നോട്ടുകൊണ്ടുപോകുമെന്ന് ഈ മാസം ആദ്യം റഷ്യ പറഞ്ഞിരുന്നു. ലോകത്തെ ആകെയുള്ള അണ്വായുധങ്ങളിൽ 90 ശതമാനവും റഷ്യയുടെയും യുഎസിന്റെയും കൈവശമാണ്. ആണവരാജ്യങ്ങൾ തമ്മിലുള്ള യുദ്ധം എന്തുവന്നാലും ഒഴിവാക്കേണ്ടതാണെന്ന് ഇരുരാജ്യങ്ങളും പലപ്പോഴും വ്യക്തമാക്കിയിട്ടുമുണ്ട്. എന്നാൽ, കഴിഞ്ഞ 60 വർഷമായി ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷത്തെ യുക്രെയ്ൻ യുദ്ധം മൂർധന്യത്തിലെത്തിച്ചു. രാജ്യത്തിന്റെ ‘പ്രാദേശിക സമഗ്രത’ പ്രതിരോധിക്കാൻ ഏതു മാർഗവും സ്വീകരിക്കുമെന്നാണ് റഷ്യയുടെ നിലപാട്.

∙ ഇന്ത്യയെ ബാധിക്കില്ല; യുഎസിനെ ഭീഷണിപ്പെടുത്താനുള്ള തന്ത്രം

ഇതു രണ്ടു രാജ്യങ്ങൾ മാത്രം ഉൾപ്പെടുന്ന കരാറാണെന്നും അവരുടെ ആയുധച്ചെലവു കുറയ്ക്കാനായി കൊണ്ടുവന്നതാണെന്നും വിദേശകാര്യ വിദഗ്ധനും മുൻ നയതന്ത്രജ്ഞനുമായ ടി.പി. ശ്രീനിവാസൻ അഭിപ്രായപ്പെടുന്നു. ഇരു രാജ്യങ്ങളും തമ്മിൽ ബാലൻസ് ചെയ്യാനുള്ള അവരുടെ നടപടിയായിരുന്നു അത്. ആയുധങ്ങൾ കുറഞ്ഞിരിക്കുക എന്നത് എല്ലാവർക്കും പ്രധാനപ്പെട്ടതാണ്. അല്ലാതെ മറ്റു ലോകരാജ്യങ്ങളെ അതു പ്രത്യക്ഷത്തിൽ ബാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പക്ഷേ, റഷ്യ കൂടുതൽ ആയുധങ്ങൾ നിർമിക്കുന്നത് യുക്രെയ്നിൽ പ്രയോഗിച്ചേക്കാമെന്ന ആശങ്കയുണ്ട്. നിരായുധീകരണം വേണമെന്നാണ് ഇന്ത്യയുടെ നിലപാട്. ആവശ്യത്തിൽ കൂടുതൽ തുക ആയുധങ്ങൾക്കായി ചെലവിടാനുള്ള പ്രവണത ഇനി കൂടും. ഇരുരാജ്യങ്ങളും തമ്മിലുള്ള കരാറായതിനാൽ മറ്റു രാജ്യങ്ങളെ ബാധിക്കില്ല. റഷ്യ ഇനിയും ആയുധങ്ങൾ നിർമിക്കാൻ തുടങ്ങിയാൽ അത് യുഎസിനെയാണ് ആശങ്കപ്പെടുത്തുക. അവർ തമ്മിലുള്ള സംഘർഷസാധ്യത വർധിക്കും. അതു പരോക്ഷമായി ലോകത്തെയും ബാധിക്കും. യുഎസിനെ ഭീഷണിപ്പെടുത്താനുള്ള തന്ത്രമാണ് പുട്ടിന്റെ പിന്മാറ്റമെന്നും ടി.പി. ശ്രീനിവാസൻ പറയുന്നു.

English Summary: What Putin's 'suspension' of the New START nuclear treaty means, will it impact India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com