ADVERTISEMENT

തിരുവനന്തപുരം ∙ കരിപ്പൂര്‍ വിമാനത്താവളത്തിൽനിന്നും സൗദിയിലെ ദമാമിലേക്ക് 176 യാത്രക്കാരും 6 ജീവനക്കാരുമായി പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം (ഐഎക്സ് 385) ടേക്ക് ഓഫിനിടെ പിൻഭാഗം നിലത്ത് ഉരസിയതിനെ തുടർന്ന് എമർജൻസി ലാൻഡിങിനായി എത്തുന്നുവെന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ അറിയിപ്പ് ലഭിച്ചത് രാവിലെ 10 മണിയോടെ. എടിസി (എയർ ട്രാഫിക് കൺട്രോൾ) ഉടൻ തന്നെ അടിയന്തര നടപടികൾ ആരംഭിച്ചു. തകരാർ ചെറുതെങ്കിൽ ലോക്കൽ സ്റ്റാൻഡ്ബൈ എന്നാണ് പറയുക. എന്നാൽ, പൂർണ ജാഗ്രതാ നിർദേശമാണ് എടിസി നൽകിയത്. ഇതനുസരിച്ച് വിമാനത്താവളത്തിലെ അഗ്നിരക്ഷാ സേന തയാറെടുത്തു. സുരക്ഷാ ക്രമീകരണങ്ങളും സജ്ജമാക്കി. വിമാനത്തെ സംബന്ധിച്ച റിപ്പോർട്ട് ചെന്നൈയിലുള്ള ഡിജിസിഎ (ഡയറക്ട്രേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ) ഓഫിസിനും കൈമാറി.

ഷെഡ്യൂൾ ചെയ്ത വിമാനം പറന്നുയരുന്നതിനു മുൻപ് നിരവധി അനുമതികൾ വാങ്ങേണ്ടതുണ്ട്. ഫ്ലൈറ്റ് പ്ലാൻ എന്നാണ് ഇത് അറിയപ്പെടുന്നത്. അടിയന്തര സാഹചര്യമുണ്ടായാൽ ഏതു വിമാനത്താവളമാണ് ലാൻഡിങ്ങിനായി തിരഞ്ഞെടുക്കുന്നതെന്ന് ഫ്ലൈ പ്ലാനിൽ വ്യക്തമാക്കണം. നിരവധി സാങ്കേതിക ഘടകങ്ങളും വിമാനത്തിന്റെ പ്രത്യേകതയും കണക്കിലെടുത്താണ് ഇതു തീരുമാനിക്കുന്നത്. തൊട്ടടുത്തുള്ള വിമാനത്താവളം ലാൻഡിങ്ങിനായി തിരഞ്ഞെടുക്കണമെന്നില്ല. ഉദാഹരണത്തിന്, മുംബൈയ്ക്കു സമീപം പുണെ വിമാനത്താവളം ഉണ്ടെങ്കിലും വലിയ വിമാനമാണെങ്കിൽ ചില കാലാവസ്ഥകളിൽ അവിടെ ലാൻഡിങ് സാധ്യമാകണമെന്നില്ല. വിമാനത്തിന്റെ വലുപ്പവും ഇന്ധനശേഷിയുമെല്ലാം ഇവിടെ പരിഗണിക്കേണ്ടതുണ്ട്. പൈലറ്റ് ഇക്കാര്യങ്ങളെല്ലാം പരിശോധിച്ച ശേഷമാണ് ലാൻഡിങ്ങിനുള്ള മറ്റു വിമാനത്താവളങ്ങൾ ഫ്ലൈറ്റ് പ്ലാനിൽ രേഖപ്പെടുത്തുന്നത്. 

 Read Also: അടിയന്തര ലാന്‍ഡിങ്ങിനു മുൻപ് വിമാന ഇന്ധനം പുറന്തള്ളുന്നത് എന്തിന്, എങ്ങനെ?

കോഴിക്കോടുനിന്ന് ഗൾഫ് മേഖലയിലേക്ക് പോകുന്ന വിമാനങ്ങൾക്ക് ഏറ്റവും അടുത്തുള്ള വലിയ വിമാനത്താവളങ്ങൾ കൊച്ചിയും തിരുവനന്തപുരവുമാണ്. എയർ ഇന്ത്യയ്ക്ക് മെയിന്റനൻസ് റിപ്പയർ യൂണിറ്റ് തിരുവനന്തപുരം വിമാനത്താവളത്തോട് ചേർന്നുണ്ട്. ഇതാണ് ഇവിടം തിരഞ്ഞെടുക്കാനുള്ള പ്രധാന കാരണം. വിമാനം ടേക്ക് ഓഫ് ചെയ്ത ഉടനെ തകരാർ പൈലറ്റിനു മനസിലായി. അപ്പോൾ തന്നെ തിരുവനന്തപുരത്ത് സന്ദേശമെത്തി. തിരുവനന്തപുരം മികച്ച റണ്‍വേ സംവിധാനവും സുരക്ഷിതത്വവുമുള്ള വിമാനത്താവളങ്ങളിൽ ഒന്നാണ്. ആവശ്യമായ നീളം റൺവേയ്ക്കുണ്ട്. കാറ്റും കാലാവസ്ഥയും ലാൻഡിങ്ങിന് അനുയോജ്യമാണ്. മറ്റു വിമാനത്താവളങ്ങളെ അപേക്ഷിച്ച് കാലാവസ്ഥാ വ്യതിയാനം കുറവാണ്. കൊച്ചിയുമായി താരതമ്യം ചെയ്യുമ്പോൾ വിമാനങ്ങളുടെ എണ്ണവും കുറവ്. ഒരു വിമാനം അടിയന്തരമായി ലാൻഡ് ചെയ്യേണ്ടി വന്നാൽ മറ്റു വിമാനങ്ങളെ ഏറെനേരം തടഞ്ഞിടേണ്ട സാഹചര്യം ഉണ്ടാകില്ല. 

അടിയന്തര സാഹചര്യം കൈകാര്യം ചെയ്യാൻ എടിസി എസ്ഒപിക്ക് (സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് പ്രൊസീജ്യർ) രൂപം നൽകിയിട്ടുണ്ട്. 60 പേജുള്ളതാണിത്. അടിയന്തര ഘട്ടത്തിൽ ഒരു വിമാനം ലാൻഡ് ചെയ്യാനെത്തിയാൽ, ഈ സമയത്ത് ലാൻഡിങ് നടത്തേണ്ട മറ്റു വിമാനങ്ങളോട് ആകാശത്തു തുടരാൻ നിർദേശിക്കും. ടേക്ക് ഓഫിനുള്ള വിമാനങ്ങൾ തടഞ്ഞിടും. ഇന്ധനത്തിന്റെ അളവു കുറയ്ക്കാനുള്ള നിർദേശങ്ങള്‍ വിമാനത്തിനു നൽകും. അഗ്നിരക്ഷാ സേനയ്ക്കും ആവശ്യമായ നിർദേശങ്ങൾ നൽകും. വിമാനത്തിന്റെ വലുപ്പം അനുസരിച്ച് അഗ്നിരക്ഷാ സേനയുടെ തയാറെടുപ്പുകളിൽ മാറ്റം വരും. വിമാനം ലാൻഡ് ചെയ്താലുടൻ റൺവേയിൽനിന്നും സുരക്ഷിതമായ സ്ഥാനത്തേക്കു മാറ്റും. വിമാനം മാറ്റുന്നതിനും അഗ്നിരക്ഷാ സേന നിലയുറപ്പിക്കുന്നതിനുമെല്ലാം പ്രത്യേക മേഖലകള്‍ മുൻകൂട്ടി നിശ്ചയിച്ചിട്ടുണ്ട്.

ഇന്ധനം നിറച്ച ശേഷം പറന്നുയരുന്നതിനാൽ, ഈ സമയത്ത് വിമാനത്തിന്റെ ഭാരം കൂടുതലായിരിക്കും. ഭാരം ഒഴിവാക്കാനും തീപിടുത്ത സാധ്യത കുറയ്ക്കാനുമാണ് ഇന്ധനത്തിന്റെ അളവു കുറയ്ക്കുന്നത്. ഓരോ വിമാനത്താവളങ്ങളിലും ഇന്ധനത്തിന്റെ അളവു കുറയ്ക്കാനുള്ള പോയിന്റുകളുണ്ട്. ആകാശത്തുവച്ച് അതിശക്തമായി ഇന്ധനം പുറത്തേക്ക് തുറന്നുവിടുമ്പോൾ അത് അന്തരീക്ഷത്തിൽത്തന്നെ ലയിക്കും. തിരുവനന്തപുരം വിമാനത്താവളത്തിൽ ശംഖുമുഖത്തിന് അപ്പുറത്തായി അറബിക്കടലിൽ പ്രത്യേക ഉയരത്തിലാണ് ഇത്തരത്തിൽ ഇന്ധനത്തിന്റെ അളവു കുറയ്ക്കുന്നത്. ആകാശത്തുവച്ച് ഇന്ധനം ശക്തിയായി പുറത്തേക്ക് തുറന്നുവിടുകയോ അല്ലെങ്കില്‍ ഏറെ സമയം വിമാനം ചുറ്റിക്കറങ്ങി ഇന്ധനം എരിച്ച് തീര്‍ക്കുകയോ ആണ് ചെയ്യാറുള്ളത്. ഇതില്‍ രണ്ടാമത്തെ മാര്‍ഗമാണ് തിരുവനന്തപുരത്ത് സ്വീകരിച്ചത്.

ഇവിടെ തകരാർ നേരിട്ട വിമാനം ഇന്ധനം കുറച്ച ശേഷം 12.15നാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ ലാൻഡ് ചെയ്തത്. ലാൻഡ് ചെയ്ത വിമാനത്തെ സുരക്ഷിത സ്ഥാനത്തേക്കു മാറ്റിയശേഷം യാത്രക്കാരെ പുറത്തിറക്കി. വിമാനത്തിന്റെ പരിശോധന ആരംഭിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് ഡിജിസിഎയ്ക്ക് റിപ്പോർട്ട് നൽകുമെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു.

English Summary: Kozhikode-Dammam Air India Express flight makes emergency landing at Trivandrum airport - Follow Up

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com