ADVERTISEMENT

ന്യൂഡൽഹി∙ സമാജ്‌വാദി പാർട്ടി നേതാവ് ഫഹദ് അഹമ്മദിനെ വിവാഹം കഴിച്ച ബോളിവുഡ് താരം സ്വര ഭാസ്കർക്കെതിരെ അധിക്ഷേപ പരാമർശവുമായി വിഎച്ച്പി നേതാവ് സാധ്വി പ്രാചി. സ്വരയെ കാത്തിരിക്കുന്നത് ശ്രദ്ധ വോൾക്കറുടെ വിധിയാണെന്നായിരുന്നു പ്രാചിയുടെ പരാമർശം. ജീവിതത്തിലെ സുപ്രധാന കാര്യങ്ങളിൽ തീരുമാനമെടുക്കുന്നതിന് മുൻപ് ഫ്രിജ് തുറന്ന് നോക്കേണ്ടിയിരുന്നുവെന്നായിരുന്നു പ്രാചി പ്രതികരിച്ചത്. 

‘ശ്രദ്ധ വോൾ‌ക്കറുടെ ശരീരം 35 കഷ്ണങ്ങളായി മുറിച്ച് ഫ്രിജിൽ സൂക്ഷിച്ച വാർത്ത ഒരുപക്ഷേ സ്വര ശ്രദ്ധിച്ചുകാണില്ല. ഇത്തരത്തിൽ വലിയൊരു തീരുമാനം എടുക്കുന്നതിനു മുൻപ് ഒരിക്കലെങ്കിലും സ്വര ഫ്രിജ് കാണേണ്ടിയിരുന്നു. അത് അവരുടെ സ്വന്തം തീരുമാനമാണ്. അതേകുറിച്ച് കൂടുതലൊന്നും പറയാനില്ല. എന്നാൽ ശ്രദ്ധയ്ക്ക് സംഭവിച്ചത് എന്താണോ അത് സ്വരയ്ക്കും സംഭവിച്ചേക്കാം.’– സാധ്വി പ്രാചി പറഞ്ഞു. 

പ്രാചിയുടെ പരാമർശത്തിനെതിരെ സ്വര രംഗത്തുവന്നു. ' എത്ര വെറുപ്പും വർഗീയതയും പ്രചരിപ്പിക്കാൻ ശ്രമിച്ചാലും സ്നേഹം വിജയിക്കുമെന്നും നിലനിൽക്കുമെന്നു'മുള്ള  ട്വീറ്റ് ഹൃദയ ചിഹ്നത്തോടെ പങ്കുവച്ചായിരുന്നു സ്വരയുടെ മറുപടി. ഡൽഹിയെ നടുക്കിയ ഫ്രിജ് കൊലപാതകത്തോട് സ്വരയുടെ വിവാഹത്തെ താരതമ്യം ചെയ്തത് പ്രാചിയുടെ വിഷലിപ്തമായ മനസിനെയാണ് കാണിക്കുന്നതെന്ന് പലരും ട്വീറ്റ് ചെയ്തു. 

വർഗീയമായ മനസുകൾക്ക് സ്നേഹത്തെയോ, മതസൗഹാർദത്തെയോ ഉൾക്കൊള്ളാനാവില്ലെന്നും ആളുകൾ കുറിച്ചു. സ്വരയുടെ വിവാഹ ചിത്രങ്ങൾക്ക് ചുവടെ വ്യാപകമായ അധിക്ഷേപങ്ങളും വർഗീയ പരാമർശങ്ങളും ഇപ്പോഴും തുടരുകയാണ്. കടുത്ത മോദി വിമർശകയും ആക്ടിവിസ്റ്റുമായ സ്വര ഫെബ്രുവരി 16നാണ് സമാജ്‌വാദി പാർട്ടി നേതാവായ ഫഹദ് അഹമ്മദിനെ സ്പെഷൽ മാരേജ് ആക്ട് വഴി വിവാഹം കഴിച്ചത്. സൗഹൃദം പ്രണയമായി വളരുകയായിരുന്നുവെന്ന് വിവാഹ വാർത്തപങ്കുവച്ച് സ്വര വ്യക്തമാക്കിയിരുന്നു.

മുംബൈയെ നടുക്കിയ ശ്രദ്ധ വോൾക്കർ കൊലപാതകം 2022 മേയ് 18നാണ് നടന്നത്. പങ്കാളിയെ കൊന്നു കൊലപ്പെടുത്തി മൃതദേഹം 35 കഷണങ്ങളാക്കി വെട്ടിനുറുക്കി 3 ആഴ്ച റഫ്രിജറേറ്ററിൽ സൂക്ഷിച്ചത്. 18 ദിവസം കൊണ്ട് നഗരത്തിൽ പല ഭാഗങ്ങളിലായി ഉപേക്ഷിച്ചു. മകളെ കാണാനില്ലെന്നു ശ്രദ്ധയുടെ പിതാവ് വികാശ് മദൻ വാൽക്കർ നൽകിയ പരാതിയിലാണു കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. സംഭവത്തിൽ ശ്രദ്ധയുടെ പങ്കാളി അഫ്താബ് പൂനെവാല അറസ്റ്റിലായിരുന്നു. 

English Summary: 'Swara Bhasker should have seen the fridge once...': Sadhvi Prachi's attack

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com