ന്യൂഡൽഹി∙ ബഹുസ്വരതയും ന്യൂനപക്ഷ അവകാശ സംരക്ഷണവും മനോഹരമായി സമന്വയിപ്പിച്ച രാഷ്ട്രീയ മാതൃകയാണ് മുസ്‌ലിം ലീഗ് എന്ന്, മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി. മുസ്‌ലിം യൂത്ത് ലീഗിന്റെ ദേശീയ എക്സിക്യൂട്ടീവ് വെർച്വൽ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഏഴര പതിറ്റാണ്ട് പിന്നിടുമ്പോൾ ലീഗിന്റെ വിജയകരമായ പരീക്ഷണം വിമർശകർ പോലും അംഗീകരിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
‘‘മുസ്‌ലിം ലീഗ് പാർട്ടി ജനാധിപത്യ ഇടപെടലിന്റെ അപൂർവ മാതൃകയാണ്. ഇന്ത്യയിലെ ഈ വിജയകരമായ മാതൃക ആഗോള സമൂഹം ചർച്ച ചെയ്യണം. യുദ്ധക്കൊതിയുടെ വർത്തമാനകാലത്ത് സമാധാനപരമായ സഹവർത്തിത്വത്തിന് വലിയ പ്രസക്തിയുണ്ട്. സാംസ്കാരികമായ വ്യക്തിത്വം കാത്തുസൂക്ഷിച്ച് തന്നെ ജനാധിപത്യം, മതേതരത്വം തുടങ്ങിയ ആശയങ്ങളെ നേരത്തെ തന്നെ സ്വീകരിച്ചു എന്നതാണ് മുസ്‌ലിം ലീഗിന്റെ സവിശേഷത. മുസ്‌ലിം ലീഗ് എന്ന ഇന്ത്യൻ ആശയത്തെ ലോക ശ്രദ്ധയിൽ കൊണ്ടുവരാന്‍ ചെന്നൈയിൽ നടക്കുന്ന പാർട്ടി സമ്മേളനം ലക്ഷ്യമിടുന്നു. മുസ്‌ലിം ലീഗ് രൂപീകരണത്തിന്റെ പ്ലാറ്റിനം ജൂബിലി സമ്മേളനം ചരിത്ര സംഭവമാക്കുന്നതിന് യൂത്ത് ലീഗ് ഘടകങ്ങൾ ജാഗ്രത പാലിക്കണം’’ – അദ്ദേഹം പറഞ്ഞു.
English Summary: PK Kunhalikutty inaugurated Youth League National Executive Meeting