ADVERTISEMENT

തിരുവനന്തപുരം∙ രാജ്യാന്തര വനിതാദിനത്തില്‍ വനിതാ സംരംഭകര്‍ക്ക് പ്രോത്സാഹനമേകുന്ന പ്രഖ്യാപനങ്ങളുമായി സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പിന്റെ വനിതാ സംരംഭക സംഗമം. 'വി മിഷന്‍ കേരള' വായ്പ 50 ലക്ഷമായി ഉയര്‍ത്തുകയും വനിതാ സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനത്തിന് അഞ്ചു ലക്ഷം വീതം അനുവദിക്കുന്നതുള്‍പ്പെടെയുള്ള പ്രഖ്യാപനങ്ങളാണ് നിയമ-വ്യവസായ-കയര്‍ മന്ത്രി പി.രാജീവ് നടത്തിയത്.

വനിതാ സംരംഭകര്‍ക്കായി കെഎസ്ഐഡിസി നല്‍കുന്ന 'വി മിഷന്‍ കേരള' വായ്പ 50 ലക്ഷമാക്കി ഉയര്‍ത്തുമെന്ന് മന്ത്രി പറഞ്ഞു. നേരത്തെ ഇത് 25 ലക്ഷമായിരുന്നു. അഞ്ചു ശതമാനമാണ് പലിശ. മൊറട്ടോറിയം ആറു മാസത്തില്‍നിന്ന് ഒരു വര്‍ഷമായി ഉയര്‍ത്തും. വനിതാ സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനത്തിനായി അഞ്ചു ലക്ഷം നല്‍കും. ഇത് തിരിച്ചടയ്‌ക്കേണ്ട. പുതിയ സാമ്പത്തിക വര്‍ഷത്തില്‍ ആരംഭിക്കുന്ന സഹകരണ സംഘങ്ങള്‍ക്കും നിലവില്‍ പ്രവര്‍ത്തനം നിലച്ചവയുടെ ആധുനികവത്കരണം, വിപുലീകരണം എന്നിവയ്ക്കും ഈ ഗ്രാന്റ് ലഭിക്കും. ബാങ്കുകളില്‍നിന്ന് വായ്പ ലഭിക്കാനും പ്രോജക്ട് റിപ്പോര്‍ട്ട് തയാറാക്കാനും വ്യവസായ വകുപ്പ് സഹായിക്കും. കോഴിക്കോട്ടെ ഇന്‍കുബേഷന്‍ സെന്റര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാന്‍ വനിതാ സംരംഭകര്‍ക്ക് ഏപ്രില്‍ ഒന്നു മുതല്‍ 50 ശതമാനം വാടകയിളവും മന്ത്രി പ്രഖ്യാപിച്ചു. 

p-rajeev-women-entrepreneurs-meet
സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പിന്റെ വനിതാ സംരംഭക സംഗമത്തിന്റെ ഉദ്ഘാടനത്തിനെത്തിയ മന്ത്രി പി.രാജീവ്

സ്ത്രീകള്‍ തൊഴില്‍ ദാതാക്കളാകുക എന്നത് സ്ത്രീശാക്തീകരണത്തില്‍ പ്രധാനമാണെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത ആരോഗ്യ-വനിതാ ശിശുവികസന മന്ത്രി വീണാ ജോർജ് പറഞ്ഞു. സ്ത്രീകളിലെ സംരംഭകത്വം പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതിക്കായി വനിതാ വികസന വകുപ്പ് പ്രത്യേകം തുക അനുവദിച്ചിട്ടുണ്ടെന്നും എല്ലാ ജില്ലകളിലും പരിശീലനം നല്‍കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഡയറി ഫാമുകള്‍ സ്ഥാപിക്കുന്നതിനും മൃഗസംരക്ഷണ മേഖലയില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും ധാരാളം സ്ത്രീകള്‍ മുന്നോട്ടു വന്നിട്ടുണ്ടെന്ന് പിഎംഎഫ്എംഇ പ്രമോഷനല്‍ ഫിലിമിന്റെ ഉദ്ഘാടനം നിര്‍വഹിച്ച ക്ഷീരവികസന-മൃഗസംരക്ഷണ മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു. കൂടുതല്‍ സ്ത്രീകളെ സംരംഭകത്വത്തിലേക്കു കൊണ്ടുവരാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

വനിതാ സംരംഭകരെ സൃഷ്ടിക്കുന്നതില്‍ പ്രധാനം, മികച്ച വിദ്യാഭ്യാസവും തൊഴിലവസരങ്ങളില്‍ സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പുവരുത്തുകയുമാണെന്ന് വ്യവസായ വകുപ്പ്-നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറി സുമന്‍ ബില്ല അഭിപ്രായപ്പെട്ടു. മികച്ച വനിതാ സംരംഭകര്‍ക്ക് ജില്ല, സംസ്ഥാന തലങ്ങളില്‍ പുരസ്‌കാരം നല്‍കുമെന്നും ഇത് മേയ് മാസത്തില്‍ പ്രഖ്യാപിക്കുമെന്നും വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടര്‍ എസ്.ഹരികിഷോര്‍ പ്രഖ്യാപിച്ചു.

സംരംഭക വര്‍ഷം പദ്ധതിയുടെ ഭാഗമായി 43,000ത്തില്‍ അധികം വനിതകളാണ് സംസ്ഥാനത്ത് പുതിയ സംരംഭങ്ങള്‍ ആരംഭിച്ചത്. അഞ്ഞൂറിലധികം വനിതാ സംരംഭകരാണ് സംരംഭക സംഗമത്തില്‍ പങ്കെടുത്തത്. കേരളത്തിലെ നിലവിലെ സംരംഭക സൗഹാർദ നയങ്ങളും സംരംഭക സൗഹൃദാന്തരീക്ഷവും വെളിപ്പെടുത്തുന്നതായിരുന്നു സംരംഭക വര്‍ഷത്തിന്റെ ഭാഗമായി നടന്ന ഈ പരിപാടി.

English Summary: 'We Mission Kerala' loan for women entrepreneurs may increase to 50 lakhs, says Minister P Rajeev

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com