ADVERTISEMENT

കണ്ണൂര്‍∙ സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽനിന്നു പിന്മാറാനും മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ തെളിവുകൾ നശിപ്പിക്കാനും 30 കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന് സ്വപ്ന സുരേഷ് ആരോപിച്ച വിജേഷ് പിള്ളയ്ക്കെതിരെ ആരോപണവുമായി സംവിധായകൻ മനോജ് കാന. വിജേഷ് പിള്ള തന്നെ വഞ്ചിച്ചതായി ‘കെഞ്ചിര’ സിനിമയുടെ സംവിധായകനായ മനോജ് കാന ആരോപിച്ചു. വിജേഷ് പിള്ളയുടെ ആക്‌ഷൻ പ്രൈം ഒടിടി വഴിയാണ് സിനിമ പ്രദർശിപ്പിക്കാമെന്നു പറഞ്ഞത്. കരാർ ഉണ്ടാക്കിയ ശേഷം പ്രദർശിപ്പിക്കാമെന്നു പറഞ്ഞു. എന്നാൽ പ്രദർശനം സുഗമമായിരുന്നില്ല. വക്കീൽ നോട്ടിസ് അയച്ചിട്ട് മറുപടി പോലും നൽകിയില്ലെന്ന് മനോജ് കാന പറഞ്ഞു.

‘‘വലിയ ഓഫറാണ് തന്നത്. മറ്റ് ഏത് ഒടിടി പ്ലാറ്റ്ഫോമിൽ െകാടുത്താലും കിട്ടാവുന്നതിൽ അധികം ഇതിലൂടെ കിട്ടുമെന്ന് പറഞ്ഞു. എന്നാൽ, പ്രാഥമികമായി ചെയ്യേണ്ട കാര്യങ്ങൾ പോലും ചെയ്യാതെ, ലൈസൻസ് പോലും പൂർത്തിയാവാതെയാണ് ഒടിടി പ്ലാറ്റ്ഫോം ലോഞ്ച് ചെയ്തത്. അതുകൊണ്ട് ആർക്കും ചിത്രം കാണാനായില്ല. ഇവർ സിനിമയുടെ പേരിൽ കള്ളത്തരം കാണിച്ചു ജീവിക്കുന്നവരാണ്. അതിന്റെ അനുഭവസ്ഥനാണ് ഞാൻ’’– മനോജ് കാന പറഞ്ഞു.

ബെംഗളൂരു മല്ലേശ്വരം ബ്രിഗേഡ് ഗേറ്റ്‍വേ ക്യാംപസിലെ വേൾഡ് ട്രേഡ് സെന്ററിലാണ് വിജേഷ് സിഇഒ ആയി പ്രവർത്തിക്കുന്ന ആക്‌ഷൻ ഒടിടി എന്ന ഓൺലൈൻ വിഡിയോ സ്ട്രീമിങ് സ്ഥാപനം. ബ്രോഡ്കാസ്റ്റിങ്, മീഡിയ പ്രൊഡക്‌ഷൻ കമ്പനിയായ ഡബ്ല്യുജിഎൻ ഇൻഫോടെക് പ്രൈവറ്റ് ലിമിറ്റഡിന്റേതാണിത്. ഓൺലൈൻ പ്ലാറ്റ്ഫോം തുടങ്ങുന്നതായി 2021 ജൂലൈ ആദ്യം കൊച്ചിയിൽ പത്രസമ്മേളനം നടത്തി വിജേഷ് പ്രഖ്യാപിച്ചിരുന്നു.

കമ്പനിയുടെ കൊച്ചിയിലെ ഓഫിസ് അധികകാലം പ്രവർത്തിച്ചില്ല. വാടക കുടിശിക വരുത്തിയാണ് ഓഫിസ് പൂട്ടിപ്പോയതെന്ന് ഇടപ്പള്ളിയിലെ കെട്ടിടം ഉടമ ജാക്സൺ മാത്യു പറഞ്ഞിരുന്നു. ഡബ്ല്യുജിഎൻ പ്രൊഡക്‌ഷൻസ് എന്ന പേരിൽ മലയാള സിനിമാ നിർമാണത്തിനും വിജേഷ് പിള്ള ശ്രമിച്ചിരുന്നു. ചലച്ചിത്ര നിർമാണത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കുന്ന റാക്കറ്റിന്റെ ഭാഗമാണോ എന്ന സംശയത്തിൽ വിജേഷിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം തുടങ്ങിയിരുന്നു.

English Summary: Manoj Kana alleged that he was cheated by Vijesh Pillai

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com