ADVERTISEMENT

കൊച്ചി∙ സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്‍റെ ആരോപണങ്ങള്‍ പച്ചക്കള്ളമെന്ന് കേസ് ഒത്തുതീര്‍പ്പാക്കാന്‍ എത്തിയെന്ന് ആരോപിക്കപ്പെട്ട വിജേഷ് പിള്ള. സ്വപ്നയുമായി ബിസിനസ് ഇടപാട് മാത്രമാണ് സംസാരിച്ചത്. വെബ് സീരീസ് വരുമാനത്തിന്റെ 30 ശതമാനം നൽകാമെന്ന് പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെ തനിക്ക് നേരിട്ട് പരിചയമില്ല. മാധ്യമങ്ങളിൽ കണ്ട പരിചയം മാത്രമേയുള്ളൂ. ഗോവിന്ദന്റെ നാട്ടുകാരനാണെന്ന് താൻ സംസാരത്തിനിടെ പരാമർശിച്ചു. മുഖ്യമന്ത്രിയെക്കുറിട്ട് പരാമർശം ഉണ്ടായില്ലെന്ന് വിജേഷ് പറഞ്ഞു. 

താൻ ഭീഷണിപ്പെടുത്തിയെന്ന ആരോപണം സ്വപ്ന തെളിയിക്കണം. വെബ് സീരീസിൽ പറയുന്ന കാര്യങ്ങളിൽ ആധികാരികത വേണമെന്ന് പറഞ്ഞിരുന്നു. സ്വപ്നയുടെ കയ്യിലുള്ള തെളിവുകൾ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. ആധികാരികത ബോധ്യപ്പെടുത്തണമെന്ന് പറഞ്ഞതിനെ സ്വപ്ന വളച്ചൊടിക്കുകയായിരുന്നു. സ്വപ്നയോട് പേര് മാറ്റിപ്പറഞ്ഞിട്ടില്ല. അഭിഭാഷകനാണെന്ന് പരിചയപ്പെടുത്തിയിട്ടുമില്ല. സ്വപ്നയ്ക്കെതിരെ പൊലീസ് മേധാവിക്ക് ഇ–മെയിൽ വഴി പരാതി നൽകിയെന്ന് വിജേഷ് പറഞ്ഞു.

സ്വപ്നയുടെ ആരോപണത്തില്‍ ചോദ്യംചെയ്യാന്‍ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) വ്യാഴാഴ്ച വിളിച്ചെന്നും വിജേഷ് പിള്ള വ്യക്തമാക്കി. ‘‘ഒരു വാസ്തവവും ഇല്ലാത്ത കാര്യങ്ങളാണു പറഞ്ഞിരിക്കുന്നത്. എല്ലാം പച്ചക്കള്ളമാണ്. ഒരു വെബ് സീരീസുമായി ബന്ധപ്പെട്ട കാര്യത്തിനാണ് അവരുമായി കൂടിക്കാഴ്ച നടത്തിയത്. അവർ പ്രാഥമികമായി ഓകെ എന്നു പറഞ്ഞിരുന്നതിനാൽ ചർച്ചകൾക്കായി കാണുകയായിരുന്നു. ഷൂട്ടോ കാര്യങ്ങളോ അല്ല, വെബ് സീരീസിന്റെ ചർച്ചയായിരുന്നു. ഹോട്ടലിന്റെ റസ്റ്ററന്റിൽ ഇരുന്നായിരുന്നു ചർച്ച.

അവർ പരസ്യമായി പൊതുയിടത്തിൽ പറഞ്ഞതിനു മറുപടി എങ്ങനെ കൊടുക്കണമെന്ന് എനിക്ക് അറിയില്ല. ഞാനവരെ ഭീഷണിപ്പെടുത്തിയെന്നും, രാഷ്ട്രീയ പാർട്ടി ബന്ധവുമായാണ് ഞാൻ വരുന്നതെന്നും 30 കോടി വാഗ്ദാനം ചെയ്തെന്നും അവരുടെ കൈയിൽ തെളിവുണ്ടെങ്കിൽ അവർ കാണിക്കട്ടെ. ഒടിടിയുമായി ബന്ധപ്പെട്ട ചർച്ചകളിൽ താൽപര്യമുണ്ടെന്ന് അറിയിച്ചതുകൊണ്ടാണ് അവരുമായി സംസാരിക്കാൻ പോയത്. ഇല്ലെങ്കിൽ എനിക്കവരെ കാണേണ്ട ആവശ്യമില്ലല്ലോ.

കണ്ടന്റ് ചെയ്യുന്നതിനു താൽപര്യമുണ്ടെന്നു പറഞ്ഞിട്ടാണു കൂടിക്കാഴ്ച നടത്തിയത്. അതിൽനിന്ന് അവർക്ക് എങ്ങനെ വരുമാനം ലഭിക്കും എന്നുള്ള കാര്യങ്ങളാണു ഞങ്ങൾ സംസാരിച്ചത്. അക്കാര്യങ്ങൾ അവർ വേറൊരു രീതിയിൽ വളച്ചൊടിക്കുന്നുണ്ടോ എന്നു ഞാൻ ചിന്തിക്കേണ്ട കാര്യമില്ലല്ലോ. ഒടിടിയിലെ വരുമാനമെന്നത് അവരുടെ കണ്ടന്റ് എങ്ങനെയാണോ അതുപോലെയായിരിക്കും. അവരെങ്ങനെയാണ് അതു മാനിപുലേറ്റ് ചെയ്യുന്നതെന്ന് എനിക്ക് അറിയില്ല.

എം.വി. ഗോവിന്ദനെപ്പോലുള്ളവരെ പത്രത്തിലും ടിവിയിലും ഒക്കെ കാണുന്നതല്ലാതെ എനിക്ക് അവരെയോ അവർക്ക് എന്നെയോ പരിചയമില്ല. ഈ സാഹചര്യത്തിൽ ഇഡി എനിക്ക് സമൻസ് അയച്ചിരുന്നു. വ്യാഴാഴ്ച അവരുടെ ഓഫിസിൽ പോയി കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്’’ – വിജേഷ് കൂട്ടിച്ചേർത്തു.

English Summary: Swapna Suresh's allegations are false, there are no secret discussions that happened

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com