ADVERTISEMENT

കൊച്ചി∙ സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ നിലവിലെ വെളിപ്പെടുത്തൽ പ്രാഥമികമായി അവിശ്വസിക്കേണ്ട കാര്യമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. സ്വപ്നയുടെ വെളിപ്പെടുത്തല്‍ തെറ്റാണെങ്കില്‍ നിയമനടപടികള്‍ സ്വീകരിക്കട്ടെ. സ്വപ്നയെ സ്വാധീനിക്കാന്‍ ശ്രമിച്ച ഷാജ് കിരണ്‍ എന്ന മാധ്യമ പ്രവര്‍ത്തകന്റെ പേരും നേരത്തെ പുറത്തു വന്നിരുന്നു. ആദ്യം നിഷേധിച്ചെങ്കിലും എഡിജിപി റാങ്കിലുള്ള രണ്ട് ഉദ്യോഗസ്ഥര്‍ ഷാജ് കിരണിനെ പൊലീസ് ക്ലബ്ബില്‍ വിളിച്ചു വരുത്തി നിർദേശങ്ങള്‍ കൊടുത്തതിന്റെ തെളിവുകള്‍ പുറത്തു വന്നിരുന്നു. ഇതേത്തുടര്‍ന്നാണ് വിജിലന്‍സ് ഡയറക്ടറെ മാറ്റിയത്. 

എത്രയോ വെളിപ്പെടുത്തലുകളുണ്ടായിട്ടും നിയമ നടപടികള്‍ സ്വീകരിക്കാത്തത് എന്തുകൊണ്ടാണെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. നിയമനടപടി സ്വീകരിച്ചാല്‍ അവര്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്ന ഭയമാണ്. ഷാജ് കിരണിനെ ഉപയോഗിച്ച് സര്‍ക്കാരും പൊലീസും സ്വപ്നയെ സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നത് യാഥാർഥ്യമാണ്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി വീണ്ടും ജയിലിലാകുകയും അഡീഷനല്‍ പിഎസിനെ ചോദ്യം ചെയ്യുകയും ചെയ്ത സാഹചര്യത്തില്‍ സ്വപ്‌ന സുരേഷിനെ സ്വാധീനിക്കാന്‍ വീണ്ടും ശ്രമം ഉണ്ടായിട്ടുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

നിലവിലെ സാഹചര്യത്തില്‍ സിനിമയുടെ കാര്യം സംസാരിക്കാന്‍ പോയെന്നു പറയുന്നത് വിശ്വസനീയമല്ല. സാമാന്യബുദ്ധിയെ വെല്ലുവിളിക്കലാണ്. വെളിപ്പെടുത്തലില്‍ മുഖ്യമന്ത്രിയും എം.വി.ഗോവിന്ദനുമാണ് മറുപടി പറയേണ്ടത്. ആരോപണം തെറ്റാണെങ്കില്‍ നിയമനടപടി സ്വീകരിക്കണം. നേരത്തെ മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ചിട്ടും മാനനഷ്ട നോട്ടിസ് പോലും അയച്ചില്ല. അതിനു പകരം സ്വപ്നയെ കള്ളക്കേസില്‍ കുടുക്കാനാണ് ശ്രമിച്ചത്. വിജേഷ് പിള്ളയുമായി ഒരു ബന്ധവും ഇല്ലെന്ന് തെളിയിക്കേണ്ടത് ആരോപണവിധേയരാണെന്നും വി.ഡി.സതീശൻ പറഞ്ഞു.

English Summary: Opposition leader VD Satheesan on Swapna Suresh's revelation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com