ADVERTISEMENT

തിരുവനന്തപുരം ∙ സ്വപ്ന സുരേഷിന്റെ ആരോപണങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഉൾപ്പെടെയുള്ളവർ നിലപാട് പ്രഖ്യാപിച്ചതിനു പിന്നാലെ, മുഖ്യമന്ത്രി പിണറായി വിജയനെ കടന്നാക്രമിച്ച് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. ഒരു ദിവസം ഒരൊറ്റ ആരോപണം ഉന്നയിച്ചതിന്റെ പേരിൽ സ്വപ്നയ്ക്കെതിരെ ഗോവിന്ദനും വിജേഷ് പിള്ളയും നിയമനടപടി സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടും, പലതവണയായി ഇത്രയേറെ ഗുരുതരമായ ആരോപണങ്ങൾ നേരിട്ട മുഖ്യമന്ത്രി എന്തുകൊണ്ട് സ്വപ്നയ്‌ക്കെതിരെ മാനനഷ്ടക്കേസ് കൊടുക്കുന്നില്ല എന്നാണ് മാങ്കൂട്ടത്തിലിന്റെ ചോദ്യം.

കഴിഞ്ഞ ദിവസം നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ‘പുതിയ വിജയൻ, പഴയ വിജയൻ’ പരാമർശത്തിന്റെ പശ്ചാത്തലത്തിൽ, ‘പുതിയ വിജയൻ’ എന്ന പരിഹാസത്തോടെയാണ് രാഹുൽ ചോദ്യം ഉന്നയിച്ചത്. പിണറായി വിജയൻ മാനനഷ്ടക്കേസ് കൊടുക്കാറില്ല എന്ന വാദം നിലനിൽക്കില്ലെന്നും രാഹുൽ ചൂണ്ടിക്കാട്ടി. സിപിഎം സെക്രട്ടറിയായിരുന്ന ‘പഴയ വിജയൻ’ ജസ്റ്റിസ് സുകുമാരൻ നടത്തിയ പരാമർശത്തിന്റെ പേരിൽ മുൻപ് മാനനഷ്ടക്കേസ് കൊടുത്തിട്ടുണ്ട്. അപ്പോൾ ‘പുതിയ വിജയനാണോ’ മാനം നഷ്ടമായാലും കേസ് കൊടുക്കാത്തതെന്നും രാഹുൽ ചോദിച്ചു.

രാഹുൽ മാങ്കൂട്ടത്തിലിന്റെ പോസ്റ്റിന്റെ പൂർണ രൂപം:

സ്വപ്ന സുരേഷ് ഒരു ദിവസം ഒരൊറ്റ ആരോപണം ഉന്നയിച്ചതിന്റെ പേരിൽ സ്വപ്നയ്ക്കെതിരെ സിപിഎം സെക്രട്ടറി എം.വി. ഗോവിന്ദൻ നിയമനടപടി സ്വീകരിക്കുമെന്ന് പറഞ്ഞിരിക്കുന്നു. സ്വപ്നയുടെ ഒരൊറ്റ ദിവസത്തെ ആരോപണത്തിനെതിരെ ഏതോ ഒരു വിജീഷ് പിള്ള നിയമനടപടി സ്വീകരിക്കുമെന്ന് പറഞ്ഞിരിക്കുന്നു...  ഈ രണ്ട് വാർത്ത കണ്ട ഒരു പൗരൻ എന്ന നിലയിൽ ചില സംശയങ്ങൾ ചോദിക്കട്ടെ.

1) പല തവണയായി ഇത്രയേറെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിക്കപ്പെട്ടിട്ടും കേരളത്തിന്റെ മുഖ്യമന്ത്രി ശ്രീ 'പുതിയ വിജയൻ' എന്തുകൊണ്ട് മാനനഷ്ടക്കേസ് സ്വപ്നയ്ക്കെതിരെ കൊടുക്കുന്നില്ല? 

2) പിണറായി വിജയൻ മാനനഷ്ടക്കേസ് കൊടുക്കാറില്ല എന്ന് വാദം നിലനില്ക്കില്ല, കാരണം സിപിഎം സെക്രട്ടറിയായിരുന്ന 'പഴയ വിജയൻ' ജസ്റ്റിസ് സുകുമാരൻ നടത്തിയ പരാമർശത്തിന്റെ പേരിൽ മുൻപ് മാനനഷ്ടക്കേസ് കൊടുത്തിട്ടുണ്ട്. അപ്പോൾ 'പുതിയ വിജയനാണോ' മാനം നഷ്ടമായാലും കേസ് കൊടുക്കാത്തത്? 

3) ശ്രീ 'പുതിയ വിജയൻ' മാനനഷ്ടക്കേസ് കൊടുക്കാറില്ല എന്ന പോളിസി ഉണ്ടെങ്കിൽ എന്തുകൊണ്ടാണ് മുഖ്യമന്ത്രിയുടെ കുടുംബം കേസ് കൊടുക്കാത്തത് ? 

4) സ്വപ്നയുടെ വാക്കിന് ആരു വിലകൊടുക്കുന്നുവെന്ന് മറുപടി പറഞ്ഞാൽ, പിന്നെ എന്തിനാണ് സ്വപ്നയുടെ ആരോപണത്തിന്റെ പേരിൽ എഡിജിപി എം.ആർ. അജിത് കുമാറിന് വിജിലൻസ് മേധാവി സ്ഥാനത്തുനിന്ന് മാറ്റിയത്? 

5) ഷാജ് കിരണിനെതിരായ അന്വേഷണം എവിടെ വരെയായി? 

6) മുഖ്യമന്ത്രി മാനനഷ്ടക്കേസ് കൊടുക്കാത്തതിനെയും, പാർട്ടി സെക്രട്ടറി കേസ് കൊടുക്കുന്നതിനെയും ബാലൻസ് ചെയ്തുള്ള ലോജിക്കലായ ന്യായീകരണം സിപിഎം തയ്യാറാക്കിയോ? 

7) സ്വപ്ന ഫ്രോഡാണെന്ന് നിങ്ങൾ പറയുമ്പോൾ, ഫ്രോഡിന് ക്രമവിരുദ്ധമായി ജോലി കൊടുത്ത ശിവശങ്കരനെ ഇപ്പോഴും വിശ്വസിക്കുന്ന പിണറായിയെ എന്ത് വിളിക്കും നിങ്ങൾ?

English Summary: Rahul Mamkootathil Takes A Dig At CM Pinarayi Vijayan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com