ADVERTISEMENT

ന്യൂഡൽഹി ∙ ഡൽഹി മദ്യലൈസൻസ് അഴിമതിക്കേസിൽ ചോദ്യംചെയ്യലിനായി ഇന്നു ഹാജരാകാനിരിക്കെ, തന്റെ മകൾ കെ.കവിതയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഇന്ന് അറസ്റ്റ് ചെയ്തേക്കുമെന്ന സൂചനയുമായി തെലങ്കാന മുഖ്യമന്ത്രിയും ബിആർഎസ് നേതാവുമായ കെ.ചന്ദ്രശേഖർ റാവു രംഗത്ത്. കവിതയെ അറസ്റ്റ് ചെയ്യുന്ന സാഹചര്യമുണ്ടായാൽ കടുത്ത പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത ചന്ദ്രശഖർ റാവു, ബിആർഎസിനെ ഇല്ലാതാക്കാനുള്ള ബിജെപിയുടെ നീക്കങ്ങൾ ഫലം കാണില്ലെന്നും വ്യക്തമാക്കി. കവിതയുടെ അറസ്റ്റുണ്ടായാൽ നേതാക്കളും പ്രവർത്തകരും ഡൽഹിയിൽ എത്തണമെന്നാണ് ആഹ്വാനം. ബിജെപി നടത്തുന്ന രാഷ്ട്രീയ വേട്ടയാടലിന്റെ തുടർച്ചയാണ് ബിആർഎസിനും കവിതയ്ക്കും എതിരായ നീക്കമെന്നാണ് പാർട്ടിയുടെ നിലപാട്.

മദ്യ ലൈസൻസ് അഴിമതിക്കേസിൽ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് കവിതയ്ക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ‍ഡി) സമൻസ് നൽകിയത്. കഴിഞ്ഞ വ്യാഴാഴ്ച ഹാജരാകാനാണ് ഇഡി നിർദേശിച്ചിരുന്നതെങ്കിലും കവിത ഇന്നത്തേക്കു സമയം നീട്ടിച്ചോദിച്ചു. സ്ത്രീ സംവരണ ബിൽ പാസാക്കണമെന്നാവശ്യപ്പെട്ട് മറ്റ് പ്രതിപക്ഷ കക്ഷികളെയും വനിതാ സംഘടനകളെയും അണിനിരത്തി ഡൽഹിയിൽ നിരാഹാര സമരം നടത്തുന്നതു ചൂണ്ടിക്കാട്ടിയാണ് കവിത സമയം നീട്ടിച്ചോദിച്ചത്.

ഹൈദരാബാദ് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന മലയാളി മദ്യവ്യവസായി അരുൺ രാമചന്ദ്രൻ പിള്ളയെ കഴിഞ്ഞ ദിവസം ഇഡി അറസ്റ്റ് ചെയ്തിരുന്നു. ലൈസൻസ് അഴിമതിയിൽ കവിതയുടെ പങ്ക് സംബന്ധിച്ച വിവരങ്ങൾ ഇയാളിൽ നിന്ന് ലഭിച്ചതായാണു സൂചന. ഇയാൾക്കൊപ്പമിരുത്തി കവിതയെ ചോദ്യംചെയ്യാനാണ് നീക്കം.

ഡൽഹിയിൽ സർക്കാരിന്റെ കീഴിലായിരുന്ന മദ്യ വിൽപനയുടെ ലൈസൻസ് 2021 ൽ സ്വകാര്യ മേഖലയ്ക്കു കൈമാറിയതിൽ അഴിമതി നടന്നിട്ടുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തൽ. ഏതാനും മദ്യവ്യവസായികൾക്ക് അനർഹമായ ലാഭം ലഭിച്ച ഇടപാടിൽ സിസോദിയയും കവിതയും ഇടപെട്ടുവെന്നാണു നിഗമനം. കവിതയെ മുൻപ് സിബിഐ ചോദ്യംചെയ്തിരുന്നു.

English Summary: K Chandrashekhar Rao Indicates Possible Arrest Of Daughter K Kavitha Today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com