നൽബാരി∙ കല്യാണദിവസം വരൻ അമിതമായി മദ്യപിച്ചെത്തിയതിനെ തുടർന്ന് വധു വിവാഹത്തിൽനിന്നു പിന്മാറി. അസമിലെ നൽബാരി ജില്ലയിലാണ് സംഭവം. നൽബാരി സ്വദേശിയായ പ്രസെൻജിത് ഹലോയ് ആണ് വരൻ. അമിത മദ്യലഹരിയിലായിരുന്ന വരൻ വിവാഹച്ചടങ്ങിനിടെ തറയിൽ കിടന്ന് ഉറങ്ങുകയായിരുന്നു. വിവാഹം നടത്താനെത്തിയ പണ്ഡിറ്റ് കർമങ്ങൾ ചെയ്യാൻ ആവശ്യപ്പെടുന്നുണ്ടെങ്കിലും വരന് ചെയ്യാൻ കഴിഞ്ഞില്ല. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ വൈറലാണ്.
‘‘ഞങ്ങളുടെ വീട്ടുകാർ വിവാഹം പൂർത്തിയാക്കാൻ പരമാവധി ശ്രമിച്ചു. സ്ഥിതിഗതികൾ വഷളായപ്പോൾ പെൺകുട്ടി വിവാഹത്തിനു വരണ്ടെന്ന് തീരുമാനിച്ചു. വരന്റെ കുടുംബത്തിലെ 95 ശതമാനത്തോളം പേരും മദ്യപിച്ചിട്ടുണ്ടായിരുന്നു. ഞങ്ങൾ ഗാവ് ബുർഹയെ (അസമീസ് ഗ്രാമത്തിന്റെ നേതാവ്) ബന്ധപ്പെടുകയും പൊലീസിനെ അറിയിക്കുകയും ചെയ്തു’’– വധുവിന്റെ ബന്ധുക്കളിൽ ഒരാൾ പറഞ്ഞു.
വരന് കാറിൽ നിന്ന് ഇറങ്ങാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നെന്നും വരന്റെ അച്ഛൻ അതിലും കൂടുതൽ മദ്യപിച്ചിരുന്നതായും ബന്ധു പറഞ്ഞു. സംഭവത്തിനു പിന്നാലെ, നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് വധുവിന്റെ കുടുംബം നൽബാരി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
English Summary: "Drunk" Groom Sleeps At His Own Wedding in Assam