ADVERTISEMENT

തിരുവനന്തപുരം∙ സ്വർണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷിന്റെ ആരോപണത്തിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഉൾപ്പെടെയുള്ള സിപിഎം നേതാക്കൾ മാനനഷ്ട കേസ് കൊടുക്കാൻ തീരുമാനിച്ചപ്പോഴും മുഖ്യമന്ത്രി പിണറായി വിജയൻ അതിനു തയാറാകാത്തത് മടിയിൽ കനമുള്ളത് കൊണ്ടാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. 

സ്വപ്നയുടെ ആരോപണത്തിൽ കഴമ്പുള്ളതു കൊണ്ടാണ് മുഖ്യമന്ത്രി മൗനം അവലംബിക്കുന്നത്. സ്വപ്നയ്ക്കെതിരെ കേസ് കൊടുക്കുമെന്ന് പ്രഖ്യാപിച്ച എം.വി.ഗോവിന്ദന് എന്തുകൊണ്ടാണ് മുഖ്യമന്ത്രിയെ കൊണ്ട് കേസ് കൊടുപ്പിക്കാൻ സാധിക്കാത്തത്?. മുഖ്യമന്ത്രി കേരളത്തിന്റെ ഭരണത്തലവനാണ്. അദ്ദേഹത്തിനെതിരെ രാജ്യാന്തര സ്വർണക്കടത്ത് കേസിൽ പങ്കുണ്ടെന്ന ഗുരുതരമായ ആരോപണമാണ് സ്വപ്ന ഉന്നയിച്ചിട്ടുള്ളത്. ഈ കാര്യത്തിൽ ജനങ്ങൾക്ക് വിശദീകരണം നൽകാൻ പിണറായി വിജയൻ ബാധ്യസ്ഥനാണ്. 

ഡോളർക്കടത്ത് പോലെ നിരവധി ആരോപണങ്ങൾക്ക് മുഖ്യമന്ത്രി നിയമനടപടി സ്വീകരിച്ചില്ലെങ്കിൽ അദ്ദേഹം തെറ്റു ചെയ്തെന്ന് ജനങ്ങൾക്ക് കരുതേണ്ടി വരും. സ്വപ്ന, ചില കാര്യങ്ങൾ തുറന്നു പറഞ്ഞപ്പോൾ സാഷ്ടാംഗം കീഴടങ്ങിയ കടകംപ്പള്ളി സുരേന്ദ്രനും പി.ശ്രീരാമകൃഷ്ണനും കേസ് കൊടുക്കാൻ തയാറാകുമോ എന്ന് കണ്ടറിയണം. എം.വി.ഗോവിന്ദന് ആർജവമുണ്ടെങ്കിൽ മുഖ്യമന്ത്രിയെ കൊണ്ട് കേസ് കൊടുപ്പിക്കണമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

English Summary: K Surendran against CM Pinarayi Vijayan on Swapna Suresh allegations 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com