പട്ന∙ ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിനു ജാമ്യം കിട്ടിയതിന്റെ ആഹ്ലാദ പ്രകടനം ബിഹാർ നിയമസഭയിൽ ലഡു ഏറിൽ കലാശിച്ചു. ജോലിക്കു പകരം ഭൂമി അഴിമതി കേസിൽ ന്യൂഡൽഹിയിലെ സിബിഐ പ്രത്യേക കോടതി ലാലു യാദവ്, പത്നി റാബ്റി ദേവി, മകൾ മിസ ഭാരതി എന്നിവരുൾപ്പെടെ കേസിലെ പ്രതികൾക്കു ജാമ്യം അനുവദിച്ചതിനെ തുടർന്നായിരുന്നു ആഘോഷം.
നിയമസഭയിലേക്കു കടന്നു വന്ന ബിജെപി അംഗങ്ങളെ ആർജെഡി അംഗങ്ങൾ ലഡുവുമായാണു വരവേറ്റത്. ലഡു സ്വീകരിക്കാൻ വിസമ്മതിച്ച ബിജെപി അംഗങ്ങളെ ബലം പ്രയോഗിച്ചു ലഡു തീറ്റിക്കാൻ ശ്രമിച്ചതു സംഘർഷത്തിനിടയാക്കി. ബിജെപി അംഗങ്ങളുമായുണ്ടായ ഉന്തിനും തള്ളിനുമിടയിൽ ചില ആർജെഡി അംഗങ്ങൾ ലഡു ഏറും നടത്തി.
സഭയിൽ അതിക്രമം കാട്ടിയ ആർജെഡി അംഗങ്ങൾക്കെതിരെ നടപടി എടുക്കാത്തതിൽ പ്രതിപക്ഷ നേതാവ് വിജയ് കുമാർ സിൻഹ പ്രതിഷേധിച്ചു.
English Summary: Laddus thrown in Bihar Assembly as RJD, BJP MLAs engage in scuffle over Lalu's bail