ADVERTISEMENT

ഇസ്‌ലാമാബാദ്∙ പാക്കിസ്ഥാന്‍ പൊലീസിന്റെ അറസ്റ്റ് പദ്ധതി തട്ടിപ്പാണെന്നും തന്നെ തട്ടിയെടുത്തു കൊലപ്പെടുത്തുകയാണ് യഥാര്‍ഥ ലക്ഷ്യമെന്നും മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. തോഷഖാന കേസില്‍ അഴിമതിവിരുദ്ധ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതിനു പിന്നാലെ ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസ് സംഘത്തെ ലഹോറില്‍ അദ്ദേഹത്തിന്റെ അനുയായികള്‍ തടഞ്ഞിരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇമ്രാനെ കസ്റ്റഡിയിലെടുക്കാന്‍ പൊലീസ് ശ്രമം നടത്തുന്നുണ്ടെങ്കിലും വിജയിക്കാന്‍ കഴിഞ്ഞിട്ടില്ല. 

ഇതിനു പിന്നാലെയാണ് പാക്കിസ്ഥാന്‍ പൊലീസിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച് ഇമ്രാന്‍ ട്വിറ്ററില്‍ പ്രതികരിച്ചത്. ‘‘അറസ്റ്റിനെന്ന പൊലീസിന്റെ വാദം തികച്ചും നാടകമാണ്. യഥാര്‍ഥ ലക്ഷ്യം തടിയെടുത്തു കൊലപ്പെടുത്തുകയെന്നതാണ്. ടിയര്‍ ഗ്യാസ്, ജലപീരിങ്കി എന്നിവയ്ക്കു ശേഷം ഇപ്പോള്‍ വെടിവയ്പിലേക്ക് എത്തിയിരിക്കുകയാണ്’’– ഇമ്രാന്‍ ട്വീറ്റ് ചെയ്തു. വെടിയുണ്ടകളുടെ ചിത്രവും ഇമ്രാന്‍ പുറത്തുവിട്ടു. അതേസമയം, ഇമ്രാനെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തില്‍ പാക്കിസ്ഥാന്‍ പൊലീസിനൊപ്പം പാക്ക് റേഞ്ചേഴ്‌സും അണിനിരന്നു. ഇരുവിഭാഗവും ലാഹോറില്‍ ഇമ്രാന്റെ വസതിക്കു സമീപം നിലയുറപ്പിച്ചിട്ടുണ്ട്. 

കഴിഞ്ഞ ദിവസം ലഹോറിലെ ഖാന്റെ വസതിയിലേക്കു പോയ പൊലീസിനുനേരെ കല്ലേറുണ്ടായിരുന്നു. പാര്‍ട്ടി പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. ഇരുപക്ഷത്തും ഒട്ടേറെപ്പേര്‍ക്കു പരുക്കേറ്റു. പൊലീസ് സംഘത്തെ നയിച്ച ഇസ്‌ലാമാബാദ് ഡിഐജി ഷഹസാദ് ബുഖാരിക്കും പരുക്കേറ്റു. പൊലീസ് അറസ്റ്റ് ചെയ്യാന്‍ വരുന്നുവെന്നും തടയാനായി രംഗത്തിറങ്ങാനും ഇമ്രാന്‍ വിഡിയോ സന്ദേശത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. ‘‘എന്നെ അറസ്റ്റ് ചെയ്താല്‍ രാജ്യം ഉറങ്ങിക്കോളുമെന്ന് അവര്‍ വിചാരിക്കുന്നു. അവര്‍ക്കു തെറ്റിപ്പോയെന്ന് നിങ്ങള്‍ തെളിയിക്കണം’’. താന്‍ കൊല്ലപ്പെട്ടാലും അവകാശങ്ങള്‍ക്കായി സമരം തുടരണമെന്നും ഇമ്രാൻ ആവശ്യപ്പെട്ടു. 

രക്തച്ചൊരിച്ചില്‍ ഒഴിവാക്കാനാണു ശ്രമമെന്ന് ഇമ്രാന്റെ പാര്‍ട്ടിയായ പാക്കിസ്ഥാന്‍ തെഹ്‌രികെ ഇന്‍സാഫ് (പിടിഐ) ഉപനേതാവ് ഷാ മഹ്മൂദ് ഖുറേഷി പറഞ്ഞു. അറസ്റ്റ് വാറന്റിനെതിരെ പാര്‍ട്ടി ഇസ്‌ലാമാബാദ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ക്കും ഭരണാധികാരികള്‍ക്കും ലഭിക്കുന്ന സമ്മാനങ്ങള്‍ സൂക്ഷിക്കുന്ന സര്‍ക്കാര്‍ വകുപ്പായ തോഷഖാനയില്‍ നിന്ന് ഗ്രാഫ് ആഡംബര വാച്ച് അടക്കം വിലയേറിയ വസ്തുക്കള്‍ കുറഞ്ഞ വിലയ്ക്കു സ്വന്തമാക്കി മറിച്ചുവിറ്റെന്നാണു ഇമ്രാനെതിരെയുള്ള കേസ്.

അതിനിടെ, മന്ത്രിമാരും ഉദ്യോഗസ്ഥരും 300 ഡോളറിനു മുകളില്‍ വിലയുള്ള വിദേശത്തുനിന്നുള്ള സമ്മാനങ്ങള്‍ കൈവശം വയ്ക്കുന്നതു തടഞ്ഞു പാക്കിസ്ഥാന്‍ സര്‍ക്കാര്‍ പുതിയ ഉത്തരവിറക്കി. ഈ മാസം 8നു ഒരു പിടിഐ പ്രവര്‍ത്തകന്‍ റോഡപകടത്തില്‍ കൊല്ലപ്പെട്ടതിലും ഇമ്രാനെതിരെ കേസെടുത്തിട്ടുണ്ട്. മരണം സംബന്ധിച്ച വിവരങ്ങള്‍ മറച്ചുവച്ചെന്നാരോപിച്ചാണ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തത്. ഇമ്രാനെതിരെയുളള 81-ാമത് എഫ്‌ഐആറാണിത്.

English Summary: Pakistan Rangers Join Police In Fresh Attempt To Arrest Ex-PM Imran Khan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com