ADVERTISEMENT

മുംബൈ ∙ വാതുവയ്പ്പുകാരനായ പിതാവിന്റെ ക്രിമിനൽ കേസ് ഒതുക്കി തീർക്കാൻ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ ഭാര്യ അമൃത ഫഡ്‌നാവിസിന് ഒരു കോടി വാഗ്ദാനം ചെയ്ത കേസിൽ മുംബൈയിലെ ഡിസൈനർ അറസ്റ്റിൽ. അനിക്ഷ ജയ്സിൻഘാനിയാണ് മുംബൈ പൊലീസിന്റെ പിടിയിലായത്. കൈക്കൂലി വാഗ്ദാനം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി അമൃത പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അനിക്ഷയ്ക്കും വാതുവെപ്പുകാരനായ പിതാവ് അനിൽ ജയ്സിൻഘാനിക്കുമെതിരെ അഴിമതി വിരുദ്ധ നിയമപ്രകാരം കേസെടുത്തത്. ഒളിവിൽപോയ അനിലിനായി പൊലീസ് തിരച്ചിൽ തുടരുന്നു.

2021 നവംബറിലാണ് അനിക്ഷ ആദ്യമായി തന്നെ ബന്ധപ്പെട്ടതെന്ന് അമൃത പറഞ്ഞു. ഡിസൈനർ എന്നു പറഞ്ഞാണ് പരിചയപ്പെടുന്നത്. തനിക്ക് അമ്മയില്ലെന്നും യുവതി പറഞ്ഞു. പിന്നീട് പൊതു പരിപാടികളിൽ താൻ ഡിസൈൻ ചെയ്ത വസ്ത്രങ്ങളും ആഭരണങ്ങളും പാദരക്ഷകളും ധരിക്കണമെന്ന് യുവതി ആവശ്യപ്പെടുകയും അനുകമ്പ തോന്നി താനത് അനുസരിക്കുകയും ചെയ്തു. തന്റെ ജീവനക്കാർക്കും യുവതി ഡിസൈൻ ചെയ്ത ഉൽപന്നങ്ങൾ നൽകി. പിന്നീട് തന്റെ പിതാവിന് വിവിധ രാഷ്ട്രീയനേതാക്കളുമായി ബന്ധമുണ്ടെന്നും തനിക്ക് നൽകാനായി തന്നതാണെന്നും പറഞ്ഞ് ഒരു കവർ നൽകി. കൈപ്പടയിൽ എഴുതിയ ഒരു കുറിപ്പായിരുന്നു അത്. ആശയം മനസ്സിലാകാത്തതിനെ തുടർന്ന് അത് മാറ്റിവച്ചു.

amruta-devendra-fadnavis
ദേവേന്ദ്ര ഫഡ്‌നാവിസിനൊപ്പം അമൃത (Photo: Instagram/ Amruta Fadnavis)

ഒരു ദിവസം അംഗരക്ഷകനോട് കള്ളം പറഞ്ഞ് യുവതി തന്റെ കാറിൽ കയറിയതായും അമൃത പരാതിയിൽ പറയുന്നു. തന്റെ പിതാവ് വാതുവയ്പ്പുകാരെ ഉപയോഗിച്ച് പണം സമ്പാദിക്കുന്ന പദ്ധതിയെ കുറിച്ചാണ് അന്ന് അനിക്ഷ സംസാരിച്ചത്. തന്റെ പിതാവ് വാതുവയ്പ്പുകാരെ കുറിച്ച് പൊലീസിനു വിവരം നൽകി പണം നേടുന്നുണ്ടെന്നു പറഞ്ഞു. ഒന്നുങ്കിൽ പൊലീസിനു വിവരം നൽകി അവർക്കെതിരെ നടപടിയെടുത്ത് പണം നേടാം, അല്ലെങ്കിൽ വാതുവയ്പ്പുകാരുടെ കൂടെനിന്ന് പണം വാങ്ങാമെന്നും അവർ പറഞ്ഞു. എന്നാൽ അന്ന് താൻ അവരെ കാറിൽനിന്നും ഇറക്കിവിട്ടിതായി അമൃത പറഞ്ഞു. 

പിന്നീട് അനിക്ഷ പലതവണ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചു. ഫെബ്രുവരി 16ന് തന്റെ പിതാവ് ഒരു കേസിൽ പെട്ടിരിക്കുകയാണെന്നും അദ്ദേഹത്തെ രക്ഷിച്ചാൽ ഒരു കോടി രൂപ നൽകാമെന്നും അനിക്ഷ പറഞ്ഞതായി എഫ്ഐആറിൽ പറയുന്നു. ശല്യം ചെയ്യൽ രൂക്ഷമായതോടെ അവരുടെ നമ്പർ ബ്ലോക്ക് ചെയ്തെന്നും ഫെബ്രുവരി 18 നും 19നും അജ്ഞാത നമ്പറിൽ നിന്ന് തനിക്ക് വിഡിയോ, ശബ്ദ സന്ദേശങ്ങൾ ലഭിച്ചെന്നും അമൃത പരാതിയിൽ പറയുന്നു.

English Summary: Bookie's daughter who offered bribe to Amruta Fadnavis arrested

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com