ADVERTISEMENT

ന്യൂഡൽഹി∙ ഇന്ത്യയെ വിദേശത്ത് അപമാനിച്ചതിനു മാപ്പു പറയണമെന്ന് ആവശ്യപ്പെട്ട് ഭരണപക്ഷം പ്രതിഷേധം കടുപ്പിച്ചതോടെ രാഹുൽ ഗാന്ധിക്ക് പാർലമെന്റിൽ സംസാരിക്കാൻ അവസരം ലഭിച്ചില്ല. ബഹളത്തിനിടെ ലോക്സഭാ നടപടികൾ സൻസദ് ടിവി സംപ്രേഷണം ചെയ്തത് ശബ്ദമില്ലാതെയായിരുന്നു. അരമണിക്കൂറിൽ താഴെ മാത്രമാണ് ഇരുസഭകളും ഇന്ന് പ്രവർത്തിച്ചത്. അതിനിടെ, നെഹ്റു കുടുംബത്തെക്കുറിച്ച് അപകീർത്തികരമായ പരാമർശം നടത്തിയെന്ന് ആരോപിച്ച് പ്രധാനമന്ത്രിക്കെതിരെ കെ.സി. വേണുഗോപാൽ അവകാശലംഘന നോട്ടിസ് നൽകി.

ലണ്ടനില്‍ നടത്തിയ പരാമര്‍ശത്തില്‍ രാഹുല്‍ മാപ്പുപറയണമെന്നു ഭരണപക്ഷവും അദാനി വിഷയത്തില്‍ ജെപിസി അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷവും പ്രതിഷേധിച്ചതോടെയാണ് തുടര്‍ച്ചയായ അഞ്ചാം ദിനവും പാര്‍ലമെന്‍റ് സ്തംഭിച്ചത്. രാഹുല്‍ പാര്‍ലമെന്‍റിലെത്തിയെങ്കിലും സംസാരിക്കാന്‍ സാധിച്ചില്ല. യുകെയിൽവച്ച് ഇന്ത്യയിൽ ജനാധിപത്യത്തിനുനേർക്ക് ആക്രമണം നടക്കുന്നുവെന്ന് രാഹുൽ നടത്തിയ പരാമർശം ആണ് ബിജെപി ആയുധമാക്കിയിരിക്കുന്നത്.

സഭ ആരംഭിച്ചപ്പോൾത്തന്നെ കോൺഗ്രസ് അംഗങ്ങൾ നടുത്തളത്തിൽ ഇറങ്ങി രാഹുലിനെ സംസാരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. മാത്രമല്ല, അദാനിക്കെതിരായ ജെപിസി അന്വേഷണം പ്രഖ്യാപിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. ട്രഷറി ബെഞ്ചിൽനിന്ന് രാഹുൽ മാപ്പു പറയണമെന്ന് ആവശ്യപ്പെട്ടും 20 മിനിറ്റോളം ബഹളം നീണ്ടുനിന്നു. പിന്നാലെ സ്പീക്കർ ഓം ബിർല ഇടപെട്ടെങ്കിലും അംഗങ്ങൾ അനുസരിച്ചില്ല. ഇതോടെയാണ് സഭ ഇന്നത്തേക്കു പിരിഞ്ഞത്. ഇനി 20ന് സഭ സമ്മേളിക്കും.

ഏറ്റുമുട്ടല്‍ രൂക്ഷമായതിനിടെ സന്‍സദ് ടിവി ലോക്സഭാ നടപടികള്‍ സംപ്രേഷണം െചയ്തത് ശബ്ദമില്ലാതെയാണ്. ‘പ്രധാനമന്ത്രി മോദിയുടെ സുഹൃത്തിനുവേണ്ടി’യാണ് സൻസദ് ടിവി ശബ്ദമില്ലാതെ പ്രതിഷേധം സംപ്രേഷണം ചെയ്തതെന്നാണ് കോൺഗ്രസിന്റെ ആരോപണം. ‘‘പണ്ടൊക്കെ മൈക്ക് ആയിരുന്നു ഓഫ് ആക്കിയിരുന്നത്. ഇപ്പോൾ സഭയിൽ നടക്കുന്ന കാര്യങ്ങൾ മുഴുവൻ ശബ്ദമില്ലാതെയാണ് കാണിക്കുന്നത്. മോദിയുടെ സുഹൃത്തിനുവേണ്ടിയാണ് നിശബ്ദമാക്കിയത്’’ – കോൺഗ്രസ് ട്വീറ്റ് ചെയ്തു.

പ്രതിപക്ഷത്തിന്‍റെ അടിയന്തരപ്രമേയ നോട്ടിസുകള്‍ രാജ്യസഭാ അധ്യക്ഷന്‍ തള്ളി. രാഹുലിനെക്കുറിച്ചു നടത്തിയ പരാമര്‍ശം വസ്തുതാപരമാണെന്നു ബോധ്യപ്പെടുത്താന്‍ കേന്ദ്രമന്ത്രി പിയൂഷ് ഗോയലിനോടു ജഗ്ദീപ് ധന്‍ഖര്‍ നിര്‍ദേശിച്ചു. രാഹുല്‍ ഇന്ത്യാവിരുദ്ധ ശക്തികളുടെ ടൂള്‍കിറ്റിലെ സ്ഥിരാംഗമായെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ െജ.പി നഡ്ഢയും ആരോപിച്ചു.

English Summary: Rahul Gandhi not allowed to speak, the ruling party demands apology opposition, need JPC on Adani, Sansad TV muted for some time - Loksabha adjourned
 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com