ADVERTISEMENT

ചങ്ങനാശേരി ∙ സിറോ മലബാർ സഭ സീനിയർ ബിഷപ്പും ചങ്ങനാശേരി അതിരൂപത മുൻ ആർച്ച് ബിഷപ്പുമായ മാർ ജോസഫ് പൗവത്തിൽ കാലം ചെയ്തു. 92 വയസ്സായിരുന്നു. ഉച്ചയ്ക്ക് 1.17ന് ചങ്ങനാശേരിയിലായിരുന്നു അന്ത്യം. കബറടക്കം ബുധനാഴ്ച രാവിലെ 10നു ചങ്ങനാശേരി വലിയ പള്ളിയിൽ. 

സഭാവിജ്ഞാനത്തിലെ പാണ്ഡിത്യത്താലും നിലപാടുകളുടെ മൂർച്ചയാലും ശ്രദ്ധേയനായിരുന്നു മാർ ജോസഫ് പൗവത്തിൽ. ആർച്ച് ബിഷപ് ഇമെരിറ്റസായ അദ്ദേഹം ചങ്ങനാശേരി ആർച്ച് ബിഷപ്സ് ഹൗസിൽ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. ബനഡിക്ട് മാർപാപ്പ ‘സഭയുടെ കിരീടം’ എന്നു വിശേഷിപ്പിച്ച പൗവത്തിലിന്റെ കാലത്താണ് സിറോ മലബാർ സഭയുടെ വ്യക്തിത്വം വീണ്ടെടുക്കാനും തനത് ആരാധനാക്രമം പുനരുദ്ധരിക്കാനുമുള്ള ശ്രമങ്ങൾ നടന്നതും വിദ്യാഭ്യാസ വിഷയങ്ങളിൽ മൂർച്ചയേറിയ നിലപാടുകൾ കേരളത്തിൽ മുഴങ്ങിയതും.

സഭ വിശ്വാസ, രാഷ്ട്രീയ വെല്ലുവിളികൾ നേരിട്ട കാലത്തെ മുന്നണിപ്പോരാളിയായിരുന്നു. ആരാധനാക്രമ പരിഷ്കരണം, സാശ്രയ വിദ്യാഭ്യാസം എന്നിവയിൽ കർക്കശ നിലപാടെടുത്തു. കർ‌ഷകർക്കായി നിലകൊണ്ടു. പീരുമേട്, കുട്ടനാട്, മലനാട് വികസന സമിതികൾക്ക് രൂപം നൽകി. യുവാക്കൾക്കായി രൂപീകരിച്ച യുവദീപ്തി പിന്നീട് കെസിവൈഎം ആയി വളർന്നു. ബനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ ദീർഘകാല സുഹൃത്തായിരുന്ന അദ്ദേഹം അഞ്ചു മാർപാപ്പമാർക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. സിറോ മലബാർ സഭയിൽ മാർപാപ്പ അഭിഷേകം ചെയ്ത ആദ്യ ബിഷപ്പാണ്. 

1930 ഓഗസ്റ്റ് 14നു കുറുമ്പനാടം പൗവത്തിൽ കുടുംബത്തിൽ ജനിച്ച മാർ ജോസഫ് പൗവത്തിൽ 1962 ഒക്ടോബർ 3 നാണ് പൗരോഹിത്യം സ്വീകരിച്ചത്. 1972 ജനുവരി 29 ൽ ചങ്ങനാശേരി അതിരൂപതയുടെ സഹായ മെത്രാനായി അദ്ദേഹത്തെ പ്രഖ്യാപിച്ചു. 1972 ഫെബ്രുവരി 13നു വത്തിക്കാനിലായിരുന്നു സ്ഥാനാഭിഷേകം. 1977ൽ കാഞ്ഞിരപ്പള്ളി രൂപതയുടെ ആദ്യ മെത്രാനായി. 1985 മുതൽ 2007 വരെ ചങ്ങനാശേരി അതിരൂപത ആർച്ച്ബിഷപ്പായി സേവനം ചെയ്തു. ഇന്ത്യൻ കത്തോലിക്കാ മെത്രാൻ സമിതിയുടെയും (സിബിസിഐ) കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെയും (കെസിബിസി) അധ്യക്ഷൻ, ഇന്റർ ചർച്ച് കൗൺസിൽ ഫോർ എജ്യുക്കേഷൻ ചെയർമാൻ തുടങ്ങിയ നിലകളിൽ ശ്രദ്ധേയമായ ഇടപെടലുകൾ നടത്തിയിട്ടുണ്ട്.

1962 മുതൽ ഒരു ദശാബ്‌ദക്കാലം ചങ്ങനാശേരി എസ്‌ബി കോളജിൽ അധ്യാപകനായും പ്രവർത്തിച്ചു. എൻഎസ്‌എസ് മുൻ പ്രസിഡന്റ് അന്തരിച്ച പി.കെ. നാരായണപ്പണിക്കരുടെ സതീർഥ്യനും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ള പ്രമുഖരുടെ ഗുരുശ്രേഷ്‌ഠനുമായിരുന്നു. 1986 ജനുവരി 17ന് അതിരൂപതയുടെ അധ്യക്ഷനായി ചുമതലയേറ്റു. ആർച്ച് ബിഷപ് സ്‌ഥാനത്തുനിന്ന് 2007ൽ വിരമിച്ചു.

mar-poovathil
ബിഷപ്പ് മാർ ജോസഫ് പൗവത്തിൽ

ജീവിതരേഖ

1930 ഓഗസ്റ്റ് 14 –കുറുമ്പനാടം പൗവത്തിൽ കുടുംബത്തിൽ ജനനം
1962 – ഒക്ടോബർ 3– പൗരോഹിത്യ സ്വീകരണം
1964 – എസ്ബി കോളജ് അധ്യാപകൻ
1972 – ഫെബ്രുവരി 13– ചങ്ങനാശേരി സഹായ മെത്രാൻ
1977 – കാഞ്ഞിരപ്പള്ളി മെത്രാൻ
1985 – ചങ്ങനാശേരി ആർച്ച് ബിഷപ്
2007 – വിരമിക്കൽ

English Summary: Mar Joseph Powathil passed away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT