ADVERTISEMENT

ബെംഗളൂരു∙ തിരഞ്ഞെടുപ്പിൽ തോൽപ്പിച്ച് ജനം നിരാകരിച്ചയാളാണ് വിദേശത്തു പോയിരുന്ന് ഇന്ത്യയിൽ ജനാധിപത്യം അപകടത്തിലാണെന്ന പ്രസ്താവന നടത്തിയതെന്ന്, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ പരിഹസിച്ച് ബിജെപി ദേശീയ പ്രസിഡന്റ് ജെ.പി.നഡ്ഡ. തിരഞ്ഞെടുപ്പിൽ പോരാടാൻ പോലും സാധിക്കാത്തയാളാണ് ജനാധിപത്യം ഭീഷണി നേരിടുന്നുവെന്ന് അഭിപ്രായപ്പെട്ടതെന്ന് നഡ്ഡ ചൂണ്ടിക്കാട്ടി. വിദേശമണ്ണിൽ ഇന്ത്യയെക്കുറിച്ച് അപമാനകരമായ പരാമർശങ്ങൾ നടത്തിയതിലൂടെ, രാഹുൽ ഗാന്ധി ഇന്ത്യയുടെ പരമാധികാരത്തിനാണ് ഭീഷണി ഉയർത്തിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിയമസഭാ തിരഞ്ഞെടുപ്പിനൊരുങ്ങുന്ന കർണാടകയിൽ ബിജെപിയുടെ ‘വിജയ സങ്കൽപ യാത്ര’യിൽ പങ്കെടുത്താണ് നഡ്ഡ ഇത്തരമൊരു പ്രസ്താവന നടത്തിയത്.

‘‘തിരഞ്ഞെടുപ്പിൽ തോൽപ്പിച്ച് ജനങ്ങൾ തിരസ്കരിച്ച വ്യക്തിയാണ് താങ്കൾ. എന്നിട്ട് അതേ താങ്കൾ പറയുന്നു, ജനാധിപത്യം ഭീഷണി നേരിടുന്നുവെന്ന്. അതും ഇന്ത്യയിൽവച്ചല്ല, ബ്രിട്ടനിൽ വച്ച്. തിരഞ്ഞെടുപ്പിൽ പോരാടാൻ കഴിയാത്തയാളാണ് ജനാധിപത്യം അപകടത്തിലാണെന്ന് പറയുന്നത്’ – നഡ്ഡ പരിഹസിച്ചു.

‘‘രാഹുൽ ഗാന്ധി ഈ രാജ്യത്തെ ജനങ്ങളോട് മാപ്പു പറയണം. കോൺഗ്രസും അതിന്റെ നേതാക്കളും മാനസികമായി പാപ്പരായ നിലയിലാണ്. അവരെ വീട്ടിലിരുത്തണം’ – നഡ്ഡ പറഞ്ഞു.

‘2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപ് നമ്മുടെ രാജ്യം അഴിമതിയിൽ മുങ്ങിക്കുളിച്ച അവസ്ഥയിലായിരുന്നു. അന്ന് 2ജി, 3ജി, കോമൺവെൽത്ത് തുടങ്ങി ഒട്ടേറെ അഴിമതിക്കഥകളാണ് നാം കേട്ടത്. ഇന്ന് ആ അവസ്ഥ മാറി. ലോകത്തിലെ തന്നെ ഏറ്റവും മുൻനിര രാജ്യങ്ങളിലൊന്നാണ് ഇന്ന് ഇന്ത്യ’ – നഡ്ഡ ചൂണ്ടിക്കാട്ടി.

‘കോൺഗ്രസ് ഇന്നും കുടുംബവാഴ്ചയെ പ്രോത്സാഹിപ്പിക്കുകയാണ്. അവർ ഇന്നും രാഹുൽ ഗാന്ധിയുടെ പിന്നാലെ പോകുന്നു. അദ്ദേഹം ഈ രംഗത്ത് വിജയിച്ചയാളാണോ എന്നതൊന്നും അവർക്കു വിഷയമല്ല. അദ്ദേഹത്തെ വീണ്ടും വീണ്ടും അഴിച്ചുപണിത് വിജയിപ്പിക്കാനാണ് ശ്രമം. അവർ ഇപ്പോഴും കുടുംബവാഴ്ചയിൽ അഭിരമിക്കുന്നു’ – നഡ്‍ഡ ചൂണ്ടിക്കാട്ടി. അതേസമയം, നരേന്ദ്ര മോദിയും യെദിയൂരപ്പയും ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾ തീർത്തും താഴേക്കിടയിൽനിന്ന് സ്വപ്രയത്നത്താൽ ഉയർന്നു വന്നവരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

English Summary: "People Reject You In Elections": BJP Chief's Swipe At Rahul Gandhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com