ADVERTISEMENT

ചണ്ഡിഗഡ്∙ ഖലിസ്ഥാൻ അനുകൂലിയും ‘വാരിസ് പഞ്ചാബ് ദേ’ സംഘടനയുടെ തലവനുമായ അമൃത്പാൽ സിങ്ങിനെ (30) പിടികൂടാനുള്ള പഞ്ചാബ് പൊലീസിന്റെ ശ്രമം തുടരുന്നു. ശനിയാഴ്ച വൈകിട്ട് ജലന്തറിൽവച്ച് അമൃത്പാലിനെ പൊലീസ് നാടകീയമായി കീഴടക്കിയെന്ന് റിപ്പോർട്ട് വന്നിരുന്നെങ്കിലും പൊലീസിനെ വെട്ടിച്ച് ഇയാൾ കടന്നുകളഞ്ഞെന്ന് ഉദ്യോഗസ്ഥർ‌ അറിയിച്ചു. അമൃത്പാലിന്റെ 78 അനുയായികളെ ചോദ്യം ചെയ്യുന്നതിനായി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നിരവധി ആയുധങ്ങളും കണ്ടെടുത്തു. അമൃത്പാൽ സിങ് ഒളിവിലാണെന്നും ഇയാൾക്കായുള്ള തിരച്ചിൽ തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി.

അമൃത്പാലിനെ അറസ്റ്റ് ചെയ്യാനുള്ള മുൻകരുതൽ നടപടിയുടെ ഭാഗമായി സംസ്ഥാനത്തെ ഇന്റര്‍നെറ്റ് സേവനം ഞായറാഴ്ച ഉച്ചവരെ റദ്ദാക്കിയിട്ടുണ്ട്. അമൃത്സര്‍, ജലന്തർ എന്നിവിടങ്ങളില്‍ വൻ പൊലീസ് സന്നാഹത്തെയാണ് വിന്യസിച്ചിരിക്കുന്നത്. അമൃത്പാൽ സിങ്ങിന്റെ സന്ദർശനത്തെക്കുറിച്ചുള്ള മുൻകൂർ വിവരം ലഭിച്ചതിനാൽ പൊലീസ് എല്ലാ റോഡുകളും അടച്ച് ജലന്തറിലെ ഷാക്കോട്ടിൽ കൂറ്റൻ ബാരിക്കേഡുകൾ സ്ഥാപിച്ചിരുന്നു. സംഘർഷ സാധ്യത കണക്കിലെടുത്ത് അമൃത്‌പാലിന്റെ സ്വന്തം നാടായ അമൃത്‌സർ ജില്ലയിലെ ജല്ലുപുർ ഖേരയ്ക്കു പുറത്ത് വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചു. പൊലീസിന്റെയും അർധസൈനിക വിഭാഗത്തിന്റയും നിയന്ത്രണത്തിലാണ് ഗ്രാമം.

കഴിഞ്ഞ മാസം, അമൃത്പാൽ സിങ്ങിന്റെ അനുയായികൾ അമൃത്സർ ജില്ലയിലെ അജ്നാല പൊലീസ് സ്റ്റേഷൻ ആക്രമിച്ചിരുന്നു. യുവാവിനെ തട്ടിക്കൊണ്ടു പോയ കേസിൽ തൂഫാൻ സിങ് എന്ന ലവ്പ്രീതിനെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് തോക്കും വാളും സഹിതം രണ്ടായിരത്തോളം പേർ ഖലിസ്ഥാൻ മുദ്രാവാക്യം മുഴക്കി അക്രമം അഴിച്ചുവിട്ടത്. ലവ്പ്രീതിനെ മോചിപ്പിക്കുമെന്ന് ഉറപ്പു കിട്ടിയതിനു ശേഷമാണ് സംഘം സമീപത്തെ ഗുരുദ്വാരയിലേക്ക് പിൻവാങ്ങിയത്. അമൃത്പാലിനും അനുയായികൾക്കും എതിരെ വരീന്ദർ സിങ് എന്നയാളെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഫെബ്രുവരി 16ന് കേസെടുത്തിരുന്നു. ഈ കേസിൽ 18നാണ് ലവ്പ്രീതിനെ അറസ്റ്റ് ചെയ്തത്.

ഖലിസ്ഥാൻ തീവ്രവാദികളുടെ വെടിയേറ്റു മരിച്ച മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ഗതി വരുമെന്ന് അടുത്തിടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായ്ക്ക് എതിരെ ഭീഷണി മുഴക്കിയയാളാണ് അമൃത്പാൽ സിങ്. ഖലിസ്ഥാൻ പ്രസ്ഥാനത്തെ മുന്നോട്ടു കൊണ്ടുപോകാൻ അനുവദിക്കില്ലെന്ന് അമിത്ഷാ പ്രഖ്യാപിച്ചപ്പോഴായിരുന്നു ഇത്. നടനും ആക്ടിവിസ്റ്റുമായ ദീപ് സിദ്ദു ആണ് ‘വാരിസ് പഞ്ചാബ് ദേ’ എന്ന സംഘടന സ്ഥാപിച്ചത്.

കർഷക സമരക്കാർക്കിടയിൽ നുഴഞ്ഞുകയറി 2021 റിപ്പബ്ലിക് ദിനത്തിൽ ചെങ്കോട്ടയിൽ ഖലിസ്ഥാൻ പതാകയുയർത്താൻ ശ്രമിച്ച സിദ്ദുവിനെതിരെ പൊലീസ് കേസെടുത്തിരുന്നു. സിദ്ദു ഫെബ്രുവരിയിൽ വാഹനാപകടത്തിൽ മരിച്ചു. തുടർന്നാണ് ദുബായിൽ ആയിരുന്ന അമൃത്പാൽ സിങ് ചുമതലയേറ്റത്. പാക് രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്‌ഐയുമായും വിദേശ രാജ്യങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഭീകരസംഘടനകളുമായും അമൃത്പാൽ സിങ് അടുത്ത ബന്ധം പുലർത്തുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

English Summary: Punjab Internet Snapped As Cops Move In To Arrest Separatist Leader Amritpal Singh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com