ചെന്നൈ∙ പ്രണയപ്പകയില്‍ തമിഴ്നാട്ടില്‍ വീണ്ടും കൊലപാതകം. രാധാപുരം ജില്ലയിലെ വില്ലുപുരത്ത് നഴ്സിങ് വിദ്യാർഥിനിയെ യുവാവ് കഴുത്തറുത്ത് കൊന്നു. ധരണിയെന്ന യുവതി (23)യാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ യുവതിയുടെ മുൻ കാമുകനെ പൊലീസ് അറസ്റ്റ് ചെയ്തു.
ധരണിയും മധുപാക്കം സ്വദേശിയായ ഗണേഷും തമ്മിൽ 5 വർഷമായി പ്രണയത്തിലായിരുന്നു. ലഹരിക്കടിമയും അക്രമ സ്വഭാവവുമുള്ള ഗണേഷുമായുള്ള ബന്ധം കഴിഞ്ഞ വർഷമാണ് ധരണി അവസാനിപ്പിച്ചത്. തുടർന്ന് നഴ്സിങ് പഠനത്തിനായി ചെന്നൈയിലേക്ക് പോവുകയും ചെയ്തു. ധരണിക്ക് അമ്മ മാത്രമാണുള്ളത്. ഫെബ്രുവരിയിൽ ലീവിനെത്തിയ ധരണിയെ കാണാൻ ഗണേഷ് പലതവണ ശ്രമിച്ചെങ്കിലും നടന്നില്ല. വ്യാഴാഴ്ച രാത്രി ഫോണിൽ ബന്ധപ്പെട്ടപ്പോൾ താൻ ചെന്നൈയിലേക്ക് പോയതായി ധരണി ഗണേഷിനെ അറിയിച്ചു.
എന്നാലിത് കള്ളമാണെന്ന് ഗണേഷ് അറിഞ്ഞു. തുടർന്ന് വെള്ളിയാഴ്ച പുലർച്ചെ 5.30ന് വീടിന് പുറത്തിറങ്ങിയ ധരണിയെ ഗണേഷ് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് ഒളിവിൽപോയ ഗണേഷിനെ രണ്ട് മണിക്കൂറിനകം തിരുകനൂരിൽവച്ച് പൊലീസ് പിടികൂടി. ഇയാളെ റിമാൻഡ് ചെയ്തിട്ടുണ്ട്.
English Summary: Villupuram girl’s throat slit by ex-lover, dies on spot