സിദ്ധരാമയ്യയ്ക്ക് മണ്ഡലം കണ്ടെത്താനാവാതെ കോണ്‍ഗ്രസ്; ജയിക്കുന്ന സീറ്റിനായി ‘തിരച്ചിൽ’

Mail This Article
ബെംഗളൂരു ∙ കര്‍ണാടകയില്‍ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയ്ക്ക് വിജയ സാധ്യതയുള്ള മണ്ഡലം കണ്ടെത്താനാകാതെ കോണ്‍ഗ്രസ് നേതൃത്വം. നേരത്തെ കോലാറില്‍ മത്സരിക്കുമെന്നു പ്രഖ്യാപിച്ചിരുന്ന സിദ്ധരാമയ്യയ്ക്ക് ആ സീറ്റ് നല്‍കേണ്ടെന്ന് പാര്‍ട്ടി ദേശീയ നേതൃത്വം തീരുമാനിച്ചതായി സൂചനയുണ്ട്. കന്നഡ പുതുവത്സര ദിനമായ ഉഗാദിക്കുശേഷം വ്യാഴാഴ്ചയ്ക്കു മുന്‍പായി കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറങ്ങിയേക്കും.
ബാഗല്‍കോട്ട് ജില്ലയിലെ ബദാമിയില്‍ നിന്നുള്ള എംഎല്‍എയാണ് സിദ്ധരാമയ്യ. മാസങ്ങൾക്ക് മുൻപ്, കോലാറാണ് ഇനിയുള്ള കര്‍മ മണ്ഡലമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ഥി മൂന്നാം സ്ഥാനത്തായ കോലാറില്‍ മുതിര്‍ന്ന നേതാവിനെ ഇറക്കുന്നത് ആത്മഹത്യാപരമെന്നാണു കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തല്‍. പാര്‍ട്ടി നടത്തിയ സര്‍വേയിലും ഉറച്ച മണ്ഡലമെന്ന ഗണത്തില്‍ കോലാറില്ല. ഡല്‍ഹിയില്‍ നടന്ന സ്ഥാനാര്‍ഥി നിര്‍ണയ യോഗത്തില്‍ ഇക്കാര്യം പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന ഖര്‍ഗെ തന്നെ സിദ്ധരാമയ്യയോടു പറഞ്ഞന്നാണ് പുറത്തുവന്ന വിവരം.
നേതൃത്വം ആവശ്യപ്പെടുന്ന സ്ഥലത്തു മത്സരിക്കുമെന്നു സിദ്ധരാമയ്യ നിലപാട് മാറ്റിയിട്ടുണ്ട്. തിങ്കളാഴ്ച ബല്‍ഗാമിലെ പരിപാടിക്കായി രാഹുൽ ഗാന്ധി സംസ്ഥാനത്ത് എത്തുന്നുണ്ട്. ഇതിനു ശേഷമേ അന്തിമ തീരുമാനമുണ്ടാകൂ. കോണ്‍ഗ്രസ് കോട്ടയായി കരുതുന്ന മൈസൂരുവിലെ വരുണ മണ്ഡലത്തില്‍ സിദ്ധരാമയ്യ വോട്ടു തേടിയേക്കുമെന്ന് സൂചനയുണ്ട്. നിലവിലെ ഇവിടത്തെ എംഎല്‍എ കൂടിയായ മകന്‍ യതീന്ദ്ര അച്ഛനുവേണ്ടി മാറിക്കൊടുക്കാന്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞതവണ മൈസൂരുവിലെ ചാമുണ്ടേശ്വരിയിലും ബദാമിയിലുമായി രണ്ടിടങ്ങളിലാണു സിദ്ധരാമയ്യ മത്സരിച്ചത്. ഇതില്‍ ചാമുണ്ടേശ്വരിയില്‍ ജെഡിസിനോടു തോറ്റപ്പോള്‍ ബദാമിയില്‍ നേരിയ ഭൂരിപക്ഷത്തിനാണു വിജയിച്ചത്.
English Summary: Congress unable to find constituency for Siddaramaiah