ന്യൂഡൽഹി∙ തിരക്കേറിയ റോഡിൽ ആളുകൾ നോക്കിനിൽക്കെ ഒരു യുവാവ് യുവതിയെ മർദ്ദിച്ച് കാറിൽ കയറ്റുന്ന ദൃശ്യങ്ങൾ പുറത്ത്. നോർത്ത് വെസ്റ്റ് ഡൽഹിയിലെ മംഗോൽപുരിയിലാണ് സംഭവം. ജീൻസും ടീ ഷർട്ടുമാണ് യുവതി ധരിച്ചിരുന്നത്. രാത്രിയിൽ നല്ല ട്രാഫിക്കുള്ള റോഡിലാണ് യുവതിയുടെ ടീ ഷർട്ടിൽ പിടിച്ച് വലിച്ചിഴച്ച് കാറിലേക്കു തള്ളിയിട്ടത്. എതിർഭാഗത്തെ ഡോർ തുറന്ന് മറ്റൊരു യുവാവ് ഇതെല്ലാം കാണുന്നുണ്ടായിരുന്നെങ്കിലും തടയാൻ ശ്രമിച്ചില്ല. യുവതി കാറിൽ കയറിയതോടെ ഇരു ഡോറുകളും അടച്ചു. കാറിന്റെ ഡ്രൈവറും വിഷയത്തിൽ പ്രതികരിച്ചില്ല.
സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനു പിന്നാലെ പൊലീസ് അന്വേഷണം ആരംഭിച്ചു. കാർ ഡ്രൈവർ ഹരിയാനയിലെ ഗുരുഗ്രാമിലുള്ള വ്യക്തിയാണെന്നു കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഡൽഹി പൊലീസ് ഡ്രൈവറെ കണ്ടെത്തി.
ശനിയാഴ്ച രാത്രി 11:30ന് ഗുരുഗ്രാമിലെ ഇഫ്‌കോ ചൗക്കിന് സമീപമാണ് ഈ കാർ അവസാനമായി കണ്ടതെന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പൊലീസ് കണ്ടെത്തി. എന്നാൽ മൂന്ന് യാത്രക്കാർ എവിടെയാണ് ഇറങ്ങിയതെന്ന് കണ്ടെത്താൻ ശ്രമിക്കുകയാണ് അന്വേഷണ സംഘം..
English Summary: Delhi Man Assaults, Pushes Woman Into Cab On Busy Road. No One Helps Her.