ADVERTISEMENT

തലശേരി ∙ ബിജെപിക്കു പിന്തുണ നൽകുമെന്ന് പറഞ്ഞതായുള്ള റിപ്പോർട്ടുകൾ തള്ളി തലശേരി അതിരൂപത ആർച്ച് ബിഷബ് മാർ ജോസഫ് പാംപ്ലാനി രംഗത്ത്. റബർ കർഷകരെ സഹായിക്കുന്നവരുടെ പക്ഷത്തു നിൽക്കുമെന്നാണ് പറഞ്ഞതെന്ന് അദ്ദേഹം വിശദീകരിച്ചു. കേന്ദ്രസർക്കാർ സഹായിച്ചാലും സംസ്ഥാന സർക്കാർ സഹായിച്ചാലും അവർക്കൊപ്പം നിൽക്കും. ഒരു പാർട്ടിയെയോ മതത്തെയോ സഹായിക്കണമെന്ന നിലപാടില്ല. ബിജെപി സഹായിച്ചാൽ തിരിച്ചു സഹായിക്കുമെന്നത് സഭയുടെ തീരുമാനമല്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ബിജെപി ഉൾപ്പെടെ ഒരു പാർട്ടിയോടും സഭയ്ക്ക് അയിത്തമില്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

Read Also: അമൃത്പാലിനെ ഇന്ത്യയിൽ തിരിച്ചെത്തിച്ചത് പാക്കിസ്ഥാൻ?; പഞ്ചാബിനെ അരക്ഷിതമാക്കാൻ ശ്രമമെന്ന് സൂചന

‘‘ബിജെപിയുമായി സംസാരിക്കാൻ പറ്റാത്ത സാഹചര്യമൊന്നുമില്ലല്ലോ. രാജ്യം ഭരിക്കുന്ന ഒരു പാർട്ടിയോട് സംസാരിക്കുന്നതിൽ സഭയ്ക്കോ സഭാ നേതൃത്വത്തിനോ യാതൊരു അകൽച്ചയുമില്ല. അവരുമായി പല കാര്യങ്ങളും പല സാഹചര്യങ്ങളിലും സംസാരിച്ചിട്ടുണ്ട്. ഇത്തരം ചർച്ചകൾ എല്ലാ മേഖലകളിലും തുടരുന്നതുമാണ്. ഇതിനെ കത്തോലിക്കാ സഭയുടെ നിലപാടായിട്ടോ മതപരമായിട്ടോ ചിത്രീകരിക്കേണ്ട ആവശ്യമില്ല. ഞാൻ ആ സമ്മേളനത്തിൽ പ്രകടിപ്പിച്ചത് ഇവിടുത്തെ മലയോര കർഷകരുടെ വികാരമാണ്. ഇതിനെ സഭയും ബിജെപിയും തമ്മിൽ സഖ്യമുണ്ടാക്കുന്നു എന്ന രീതിയിലേക്ക് ദുർവ്യാഖ്യാനം ചെയ്യേണ്ട കാര്യമില്ല.’ – മാർ പാംപ്ലാനി വിശദീകരിച്ചു.

‘സഭയ്ക്ക് ആരോടും അയിത്തമില്ല. അയിത്തമെന്നത് പണ്ടേ കേരളത്തിൽനിന്ന് പടിയിറങ്ങിപ്പോയതാണ്. അതിനുവേണ്ടി കത്തോലിക്കാ സഭ തന്നെ പരിശ്രമിച്ചതാണ്. അതുകൊണ്ട് അയിത്തം എന്നൊരു വാക്കേ ഞങ്ങളുടെ നിഘണ്ടുവിലില്ല. സഭയ്ക്ക് ആരോടും അസ്പർശ്യതയുമില്ല. ഇവിടേക്ക് ആരു വന്നാലും കക്ഷിരാഷ്ട്രീയ ഭേദമെന്യേ ഒരുപോലെ സ്വീകരിക്കും’ – മാർ പാംപ്ലാനി പറഞ്ഞു.

റബറിന്റെ വില മാത്രമാണോ കർഷർ നേരിടുന്ന പ്രശ്നമെന്ന തരത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ നടത്തിയ പ്രതികരണം ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ ബിഷപ്പിന്റെ പ്രതികരണം ഇങ്ങനെ: ‘‘റബറിന്റെ വില എന്നത് ഒരു നിസാര വിഷയമായി ഗോവിന്ദൻ മാഷിനു തോന്നുന്നുണ്ടായിരിക്കും. പക്ഷേ, മലയോര കർഷകർക്ക് അതൊരു നിസാര വിഷയമായി തോന്നുന്നില്ല’ – മാർ പാംപ്ലാനി പറഞ്ഞു.

റബറിന്റെ താങ്ങുവിലയുടെ കാര്യത്തിൽ സംസ്ഥാന സർക്കാർ വാക്കു പാലിച്ചില്ല എന്ന തോന്നലുണ്ടോ എന്ന ചോദ്യത്തിന്, ‘അത് തോന്നലല്ലല്ലോ, വാക്കു പാലിച്ചില്ലല്ലോ’ എന്നും ബിഷപ്പ് മറുപടി നൽകി. അതേസമയം, ഇടതുമുന്നണി സർക്കാരിൽ വിശ്വാസമില്ല എന്ന അതിന് അർഥമില്ലെന്നും അദ്ദേഹം വിശദീകരിച്ചു. ഇടതുമുന്നണി സർക്കാർ അനുഭാവപൂർവം ചെയ്ത എല്ലാ കാര്യങ്ങളെയും ഞങ്ങൾ നന്ദിയോടെ ഓർക്കുന്നു. ഇടതുമുന്നണി സർക്കാരുമായി ഒരു ഏറ്റുമുട്ടലിന് സഭയ്ക്ക് താൽപര്യവുമില്ല. സഭയുടെ മേഖല അതല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കുടിയേറ്റ ജനതയുടെ ആവശ്യങ്ങൾ നേടിയെടുക്കാൻ രാഷ്ട്രീയമായി പ്രതികരിക്കണമെന്നാണ് മാർ ജോസഫ് പാംപ്ലാനി കഴിഞ്ഞ ദിവസം പറഞ്ഞത്. വോട്ടായി മാറാത്ത ഒരു പ്രതിഷേധത്തിനും ജനാധിപത്യത്തിൽ വിലയില്ല. റബറിന്റെ വില 300 ആക്കിയാൽ കേന്ദ്രസർക്കാരിനെ പിന്തുണയ്ക്കുമെന്നും കേരളത്തിൽ നിന്ന് എംപി ഇല്ലാത്തതിന്റെ വിഷമം കുടിയേറ്റ ജനത മാറ്റിത്തരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Content Highlights: Joseph Pamplany, bjp

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com