ADVERTISEMENT

ന്യൂഡൽഹി∙ പഞ്ചാബിലെ ഖലിസ്ഥാൻ അനുകൂലിയും വിവാദ പ്രഭാഷകനുമായ അമൃത്പാൽ സിങ് ദുബായിൽനിന്ന് ഇന്ത്യയിലെത്തിയതിനു പിന്നിൽ പാക്കിസ്ഥാനാണെന്ന് റിപ്പോർട്ടുകൾ. അമൃത്പാലിലൂടെ പഞ്ചാബിനെ വീണ്ടും അരക്ഷിതാവസ്ഥയിലേക്കു തള്ളിയിടാനുള്ള പാക്കിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐ ശ്രമത്തിന്റെ ഭാഗമാണ് ഈ നീക്കമെന്നാണ് സൂചന. അമൃത്പാൽ സിങ് മുൻപ് ദുബായിൽ ട്രക്ക് ഡ്രൈവറായിരുന്നു. ഇന്ത്യയ്ക്കു പുറത്തുള്ള ഖലിസ്ഥാൻ അനുകൂലികളുടെ സഹായത്തോടെ ഇയാളെ ഖലിസ്ഥാൻ അനുകൂല മുന്നേറ്റത്തിന്റെ ഭാഗമാക്കിയത് ഐഎസ്ഐ ആണെന്ന് ഉന്നതർ ചൂണ്ടിക്കാട്ടുന്നു. ഇപ്പോൾ അമൃത്പാലിലൂടെ പഞ്ചാബിൽ ഭീകരവാദത്തിന്റെ വിത്ത് പാകാൻ അവർ ഒരുങ്ങുകയാണെന്ന‌ും ഔദ്യോഗിക വൃത്തങ്ങൾ പറയുന്നു.

അമൃത്പാലിനെ പൊലീസ് അറസ്റ്റ് ചെയ്തതായി ഇന്നലെ അഭ്യൂഹം പ്രചരിച്ചിരുന്നു. അതേസമയം, ക്രമസമാധാന പ്രശ്നങ്ങൾ ഒഴിവാക്കാൻ അറസ്റ്റ് വിവരം പൊലീസ് ഒൗദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ജലന്തറിലെ മേഹത്പുർ ഗ്രാമത്തിൽ അമൃത്‌പാലിന്റെ വാഹനവ്യൂഹത്തെ പിന്തുടർന്നായിരുന്നു അറസ്റ്റ് എന്നാണു റിപ്പോർട്ടുകൾ. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ സംസ്ഥാനത്തുടനീളം ഇന്റർനെറ്റ്, എസ്എംഎസ് സേവനങ്ങൾ ഇന്നു 12 വരെ വിലക്കിയിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയവും സ്ഥിതി നിരീക്ഷിക്കുന്നുണ്ട്.

തീവ്ര നിലപാട് ഉയർത്തിപ്പിടിക്കുന്ന ‘വാരിസ് പഞ്ചാബ് ദേ’ എന്ന സംഘടനയുടെ നേതാവായ അമൃത്‌പാലിനെ പിടികൂടാൻ ഇന്നലെ രാവിലെയാണ് പഞ്ചാബ് പൊലീസ് രംഗത്തിറങ്ങിയത്. മേഹത്പുരിൽ വച്ചു വാഹനവ്യൂഹം തടഞ്ഞെങ്കിലും വാഹനങ്ങൾ മാറിക്കയറി അമൃത്‌പാൽ കടന്നുകളഞ്ഞു. അമൃത്‌പാലിന്റെ അനുയായികളായ 78 പേരെ അറസ്റ്റ് ചെയ്തു. വാഹനങ്ങൾ പൊലീസ് പിന്തുടരുന്നതിന്റെ ദൃശ്യങ്ങൾ ഇയാളുടെ അനുയായികൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. അമൃത്പാലിന്റെ ജൻമസസ്ഥലമായ അമൃത്സറിലെ ജല്ലുപുർ ഖേഡയിൽ വൻ പൊലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്. വിദ്വേഷ പ്രസംഗം, തട്ടിക്കൊണ്ടു പോകൽ എന്നിവയുമായി ബന്ധപ്പെട്ട് ഇയാൾക്കെതിരെ 3 കേസുകൾ നിലവിലുണ്ട്.

English Summary: Pak Behind Pushing Khalistani Leader Amritpal Singh Back To India: Report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com