ബെംഗളൂരു ∙ കര്‍ണാടക മെഡിക്കല്‍ കോളജ് ആശുപത്രി വാര്‍ഡില്‍ അതിക്രമിച്ചു കയറി രോഗിയെ ബലാത്സംഗം ചെയ്തു. ഏഴുമാസമായി ചികിത്സയിലുള്ള മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെയാണു ഡോക്ടര്‍മാരുടെയും ആശുപത്രി ജീവനക്കാരുടെയും കണ്ണുവെട്ടിച്ച് മെഹബൂബ് പാഷ എന്നയാള്‍ പീഡിപ്പിച്ചത്. ഇയാൾ മണിക്കൂറുകൾക്കകം പൊലീസ് പിടിയിലായി.
Read also: ഇഴഞ്ഞെത്തിയ പാമ്പ് മകളുടെ ജീവനെടുത്തു; ബിനോയിയുടെയും ലയയുടെയും പോരാട്ടത്തിൽ പൊന്തക്കാടുകൾ തെളിയുന്നു
കര്‍ണാടക സര്‍ക്കാരിനു കീഴിലുള്ള കൽബുർഗി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ കഴിഞ്ഞ ദിവസം രാത്രി 11.30നാണു ക്രൂരമായ പീഡനമുണ്ടായത്. ശബ്ദം കേട്ട് മറ്റുരോഗികളുടെ കൂട്ടിരിപ്പുകാര്‍ ഓടിയെത്തുകയും പ്രതിയെ പിടികൂടി ആശുപത്രി അധികൃതര്‍ക്കു കൈമാറുകയുമായിരുന്നു. വാര്‍ഡില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സിന്റെ പരാതിയില്‍ ബ്രഹ്മപുര പൊലീസെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു.
പെൺകുട്ടിക്കെതിരെയുള്ള ആക്രമണം കടുത്ത സുരക്ഷാ വീഴ്ചയാണെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. സെക്യുരിറ്റിമാർ ഷിഫ്റ്റ് മാറുന്ന സമയത്താണ് സംഭവം ഉണ്ടായതെന്ന് ഡോക്ടർ അംബരയ്യ രുദ്രവാഡി പറഞ്ഞു. 750 കിടക്കകൾ ഉള്ള ആശുപത്രിയാണിത്. അതിനനുസരിച്ചുള്ള സുരക്ഷാ ജീവനക്കാർ ഇവിടെയില്ല. കൂടുതൽ സുരക്ഷാ ജീവനക്കാരെ ആവശ്യപ്പെട്ട് ഉന്നത അധികൃതർക്ക് അപേക്ഷ നൽകിയിട്ടുണ്ടെന്നും ഡോക്ടർ പറഞ്ഞു.
English Summary: Patient raped in Karnataka govt hospital, 1 arrested