ADVERTISEMENT

ജലന്തർ∙ രണ്ടാം ദിനവും പൊലീസിനു പിടിതരാതെ മുങ്ങി ഖലിസ്ഥാൻ അനുകൂലി അമൃത്പാൽ സിങ്. ഡി–അഡിക്‌ഷൻ കേന്ദ്രങ്ങളിലും ഗുരുദ്വാരയിലും സിങ്ങിന്റെ സംഘം ആയുധങ്ങൾ സൂക്ഷിക്കുന്നുണ്ടെന്നും ചാവേർ ആക്രമണം നടത്താനായി യുവാക്കളെ തയാറാക്കുന്നുണ്ടെന്നും സുരക്ഷാ ഏജൻസികൾ മുന്നറിയിപ്പ് നൽകി.

മനുഷ്യബോംബായി മാറാൻ യുവാക്കളെ സിങ് പ്രേരിപ്പിക്കുകയാണെന്ന ഗുരുതര വിവരവും ഏജൻസികൾ തയാറാക്കിയ റിപ്പോർട്ടിൽ പറയുന്നു. പഞ്ചാബ് മുഖ്യമന്ത്രിയായിരുന്ന ബിയന്ത് സിങ്ങിനെ മനുഷ്യബോംബായെത്തി കൊലപ്പെടുത്തിയ ദിലാവർ സിങ് എന്ന ഭീകരന്റെ പാത പിന്തുടരാനാണ് അമൃത്പാൽ യുവാക്കളുടെമേൽ സമ്മർദം ചെലുത്തുന്നത്.

അമൃത്പാൽ സിങ് രൂപീകരിച്ച അനന്ദ്പുർ ഖൽസ ഫ്രണ്ട് (എകെഎഫ്) എന്ന സംഘടനയുടെ നിരവധി ആയുധങ്ങളും വെടിക്കോപ്പുകളും പൊലീസ് പിടിച്ചെടുത്തു. യൂണിഫോമുകൾ, ജാക്കറ്റുകൾ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. പിടിച്ചെടുത്തവയിൽ എകെഎഫിന്റെ ലോഗോയും ഉണ്ടായിരുന്നുവെന്നും പൊലീസ് അറിയിച്ചു. വാരിസ് പഞ്ചാബ് ദേയുടെ കീഴിൽ വരുന്ന വിവിധ ഡി–അഡിക്‌ഷന്‍ കേന്ദ്രങ്ങളിലും അമൃത്സറിലെ ഒരു ഗുരുദ്വാരയിലും ആയുധങ്ങൾ ശേഖരിച്ചുവച്ചിട്ടുണ്ട്.

∙ സ്വകാര്യ സൈന്യം

അമൃത്പാൽ സിങ് സ്വകാര്യ സൈന്യത്തെ കെട്ടിപ്പൊക്കുന്നതായി കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ പറയുന്നു. പഞ്ചാബിലെ ഡി–അഡിക്‌ഷൻ കേന്ദ്രങ്ങൾ കേന്ദ്രീകരിച്ചാണ് എന്തിനെയും വെല്ലുവിളിക്കുന്ന യുവാക്കളെ അമൃത്പാൽ സിങ് തന്റെ സ്വകാര്യ സൈന്യത്തിൽ ചേർക്കുന്നത്. യുവാക്കളെ തോക്ക് ഉപയോഗിക്കാൻ പ്രേരിപ്പിക്കുകയും അതൊരു സംസ്കാരമായി വളർത്തിയെടുക്കുകയുമാണ് ഇവിടങ്ങളിൽ എന്നാണ് റിപ്പോർട്ട്. ഇതു സംസ്ഥാനത്തെ ക്രമസമാധാനത്തെ ബാധിക്കും. മാത്രമല്ല, സ്വന്തം സംരക്ഷണത്തിനായി ഒരു സംഘം ക്രിമിനിലുകളെയും കൊണ്ടാണ് എപ്പോഴും നടക്കുക.

സിങ്ങിന്റെ യഥാർഥ ഉദ്ദേശ്യം അറിയാത്ത ജനങ്ങൾ മതവുമായി മാത്രം ബന്ധപ്പെടുത്തിയാണ് ഇയാളെ അന്ധമായി പിന്തുടരുന്നത്. തന്റെ പരിപാടികളിൽ മൊബൈലുകൾ കൊണ്ടുവരാനോ പരിപാടികളുടെ പ്രക്ഷേപണം മൊബൈൽ വഴി നടത്താനോ സിങ് അനുവദിക്കാറില്ല. ലഹരി ഡി–അഡിക്‌ഷൻ കേന്ദ്രങ്ങളും സിങ്ങിന്റെ കീഴിലുണ്ട്. ഈ കേന്ദ്രങ്ങൾ വഴിയാണ് യുവാക്കളെ സംഘടിതമായ ആശയപ്രചാരണം വഴി തെറ്റിദ്ധാരണ പടർത്തി തങ്ങളുടെ കൂട്ടത്തിലേക്ക് എത്തിക്കുന്നത്. പഞ്ചാബിന്റെ സ്വാതന്ത്ര്യം എന്നാൽ ഖലിസ്ഥാൻ നിലവിൽ വരികയാണെന്നാണ് ഇയാൾ ഇവരിലേക്കു ഓതിക്കൊടുക്കുന്നതെന്നും രഹസ്യാന്വേഷണ ഏജൻസികൾ അവകാശപ്പെടുന്നു.

∙ പരിശീലനം ജോർജിയയിൽ

അമൃത്പാലിലൂടെ പഞ്ചാബിനെ വീണ്ടും അരക്ഷിതാവസ്ഥയിലേക്കു തള്ളിയിടാനുള്ള പാക്കിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐ ശ്രമത്തിന്റെ ഭാഗമാണ് ഈ നീക്കമെന്നാണ് സൂചന. അമൃത്പാൽ സിങ് മുൻപ് ദുബായിൽ ട്രക്ക് ഡ്രൈവറായിരുന്നു. ഇന്ത്യയ്ക്കു പുറത്തുള്ള ഖലിസ്ഥാൻ അനുകൂലികളുടെ സഹായത്തോടെ ഇയാളെ ഖലിസ്ഥാൻ അനുകൂല മുന്നേറ്റത്തിന്റെ ഭാഗമാക്കിയത് ഐഎസ്ഐ ആണെന്നും ഉന്നതർ ചൂണ്ടിക്കാട്ടുന്നു. ഇപ്പോൾ അമൃത്പാലിലൂടെ പഞ്ചാബിൽ ഭീകരവാദത്തിന്റെ വിത്ത് പാകാൻ അവർ ഒരുങ്ങുകയാണെന്ന‌ും ഔദ്യോഗിക വൃത്തങ്ങൾ പറയുന്നു.

ഇന്ത്യയിലേക്ക് എത്തുന്നതിനു മുന്നോടിയായി ജോർജിയയിൽ വച്ചായിരുന്നു സിങ്ങിന് ഐഎസ്ഐ പരിശീലനം നൽകിയതെന്നാണ് ഏജൻസികൾ കണ്ടെത്തിയിരിക്കുന്നത്. മാത്രമല്ല, യുഎസ് ആസ്ഥാനമായ സിഖ്സ് ഫോർ ജസ്റ്റിസ് (എസ്എഫ്ജെ) എന്ന സംഘടനയുമായി ഇയാൾക്ക് ബന്ധമുണ്ട്. സമൂഹമാധ്യമങ്ങളിലൂടെ എസ്എഫ്ജെ നടത്തുന്ന വിഘടനവാദപരമായ എല്ലാ പ്രവർത്തനങ്ങളെയും ഇയാൾ പിന്തുണയ്ക്കാറുണ്ട്. ഇത്തരം പ്രവർത്തനങ്ങൾക്കുള്ള സാമ്പത്തിക സഹായം, ഭീകരർക്കുള്ള താമസ സൗകര്യം, ഡ്രോണുകൾ വഴി ആയുധ വിതരണം തുടങ്ങിയവയെയും അമൃത്പാൽ സിങ് പിന്തുണയ്ക്കുന്നു.

ദുബായിൽ ഐഎസ്ഐ ഏജന്റുമാരുടെ കേന്ദ്രത്തിൽ താമസിച്ചിരുന്ന സിങ് പണത്തിന്റെ സ്വാധീനത്തിലാണ് ഇന്ത്യയ്ക്ക് എതിരായ നീക്കത്തിനു വഴങ്ങിയതെന്നാണ് ഏജൻസികൾ നൽകുന്ന വിവരം. പാക്കിസ്ഥാനിൽനിന്ന് കടത്തുന്ന ആയുധങ്ങൾ ഡി–അഡിക്‌ഷൻ കേന്ദ്രങ്ങളിലാണ് സൂക്ഷിച്ചിരിക്കുന്നതെന്നാണ് വിവരം. പഞ്ചാബിലെ ലഹരി വ്യാപാരം അനധികൃതമായി നടത്തുന്നത് ഐഎസ്ഐയുടെ സഹായത്തോടെ സിങ് ആണെന്നും അധികൃതർ പറയുന്നു. സിങ് പഞ്ചാബിൽ എത്തിയതിനു പിന്നാലെ അതിർത്തികടന്ന് ഡ്രോണുകൾ വഴി ലഹരി ഇന്ത്യയിൽ എത്തുന്ന കേസുകൾ വർധിച്ചിട്ടുണ്ടെന്നും ഇവർ ചൂണ്ടിക്കാട്ടി.

∙ ‘വാരിസ് പഞ്ചാബ് ദേ’

കർഷക സമരത്തിനിടെ നടന്ന ചെങ്കോട്ട ആക്രമണവുമായി ബന്ധപ്പെട്ട് അറസ്റ്റിലാവുകയും ചെയ്ത നടനും ആക്ടിവിസ്റ്റുമായ ദീപ് സിദ്ദു രൂപീകരിച്ച ‘വാരിസ് പഞ്ചാബ് ദേ’ എന്ന സംഘടനയുടെ ഇപ്പോഴത്തെ നേതാവാണ് അമൃത്‍പാൽ സിങ് ഖൽസ. അമൃത്‌പാലിനെ പിടികൂടാൻ ശനിയാഴ്ച രാവിലെയാണ് പഞ്ചാബ് പൊലീസ് രംഗത്തിറങ്ങിയത്. മേഹത്പുരിൽ വച്ചു വാഹനവ്യൂഹം തടഞ്ഞെങ്കിലും വാഹനങ്ങൾ മാറിക്കയറി അമൃത്‌പാൽ കടന്നുകളഞ്ഞു. അമൃത്‌പാലിന്റെ അനുയായികളായ 78 പേരെ അറസ്റ്റ് ചെയ്തു.

അതേസമയം, രാത്രി വൈകി 34 പേരെക്കൂടി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ജയിലിലുള്ള നാലുപേരെ അസമിലെ ജയിലിലേക്കു മാറ്റുകയും ചെയ്തു. എന്നാൽ സിങ്ങിനെ പൊലീസ് അനധികൃതമായി കസ്റ്റഡിയിൽ എടുത്തിരിക്കുകയാണെന്നു ചൂണ്ടിക്കാട്ടി പഞ്ചാബ് ഹരിയാന ഹൈക്കോടതിയിൽ ഹേബിയസ് കോർപസ് ഫയൽ ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇതിൽ ചൊവ്വാഴ്ച മറുപടി നൽകണമെന്നാണ് കോടതി സർക്കാരിനു നൽകിയിരിക്കുന്ന നിർദേശം. കാർ ചേസിങ് നടത്തി അനുയായികളെ പിടികൂടിയെങ്കിലും അമൃത്പാൽ സിങ് രക്ഷപ്പെട്ടുവെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം.

English Summary: Punjab on alert: Radical preacher Amritpal Singh was preparing 'khadkoos', stockpiling arms: Intelligence dossier
 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com