ADVERTISEMENT

ന്യൂഡൽഹി∙ ബലാത്സംഗത്തിനിരയായ സ്ത്രീകള്‍ ഭാരത് ജോഡോ യാത്രയ്ക്കിടെ തന്നെ കണ്ട് പരാതികള്‍ പറഞ്ഞുവെന്ന പ്രസ്താവനയുടെ വിശദമായ വിവരങ്ങള്‍ 10 ദിവസത്തിനകം നല്‍കുമെന്ന് കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഡല്‍ഹി പൊലീസിനെ അറിയിച്ചു. ഡല്‍ഹി പൊലീസ് നല്‍കിയ നോട്ടിസിന് നല്‍കിയ നാല് പേജുള്ള പ്രാഥമിക മറുപടിയിലാണ് രാഹുല്‍ ഗാന്ധി ഇക്കാര്യം വ്യക്തമാക്കിയത്.

അദാനി വിഷയത്തിൽ പാർലമെന്റിനകത്തും പുറത്തും സ്വീകരിച്ച നിലപാടുമായി ഇതിന് എന്തെങ്കിലും ബന്ധമുണ്ടോയെന്നും ഭരണകക്ഷിയായ ബിജെപി ഉൾപ്പെടെയുള്ള മറ്റു രാഷ്ട്രീയ പാർട്ടികളുടെ നേതാക്കളുടെ പ്രസംഗങ്ങൾ ഇത്തരത്തിലുള്ള പരിശോധനയ്‌ക്കോ ചോദ്യം ചെയ്യലിനോ വിധേയമാക്കിയിട്ടുണ്ടോയെന്നും രാഹുൽ കത്തിൽ ചോദിച്ചു. ഞായറാഴ്ച വൈകിട്ട് നാലോടെയാണ് രാഹുല്‍ നോട്ടിസിന് പ്രാഥമിക മറുപടി നല്‍കിയത്. അന്വേഷണം മുന്നോട്ടുകൊണ്ടുപോകാവുന്ന വിവരങ്ങള്‍ രാഹുല്‍ പങ്കുവച്ചിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി.

ഭാരത് ജോഡ‍ോയുടെ സമാപന സമ്മേളനത്തിൽ ശ്രീനഗറിൽ നടത്തിയ പരാമര്‍ശങ്ങളുടെ പേരിലാണ് ഡല്‍ഹി പൊലീസ് രാഹുലിന് നോട്ടിസ് നല്‍കിയത്. ഡല്‍ഹി പൊലീസ് സ്‌പെഷല്‍ കമ്മിഷണര്‍ സാഗര്‍പ്രീത് ഹൂഡയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഞായറാഴ്ച രാവിലെ പത്തോടെ തുക്ലഗ് ലെയ്‌നിലുള്ള രാഹുലിന്റെ വസതിയിലെത്തിയത്. മണിക്കൂറുകള്‍ കാത്ത് നിന്നെങ്കിലും മൊഴി രേഖപ്പെടുത്താനായില്ല. തുടര്‍ന്ന് നോട്ടീസ് നല്‍കി പൊലീസ് മടങ്ങുകയായിരുന്നു. ഉച്ചയ്ക്ക് ഒരു മണിയോടെ രാഹുല്‍ കാറോടിച്ച് വസതിക്ക് പുറത്തേക്ക് പോകുകയും ചെയ്തിരുന്നു.

English Summary: Rahul Gandhi's Preliminary Reply to Delhi Police

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com