ഇ.പി തല്ലിത്തകർത്ത സ്പീക്കറുടെ കസേര പാലായിലെ ഗോഡൗണിൽ: പരിഹസിച്ച് സതീശൻ

VD Satheesan (Video grab - Manorama News)
(Video grab - Manorama News)
SHARE

‌‌തിരുവനന്തപുരം∙ നിയമസഭയിലെ പ്രതിഷേധങ്ങളെക്കുറിച്ച് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജന്റെ ക്ലാസ് വിചിത്രമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇ.പി. ജയരാജൻ തല്ലിത്തകർത്ത നിയമസഭയിലെ കസേര പാലായിലെ ഗോഡൗണിലുണ്ട്. തന്റെ പ്രസ്താവനയിലൂടെ മുഖ്യമന്ത്രിയെയാണ് പറയാതെ ഇ.പി പരിഹസിക്കുന്നതെന്നും സതീശൻ പറഞ്ഞു.

∙ വി.‍ഡി. സതീശന്റെ വാർത്താസമ്മേളനത്തിൽനിന്ന്:

‘‘നിയമസഭയിൽ എങ്ങനെയാണ് നമ്മൾ പെരുമാറേണ്ടതെന്ന വിശദമായ ക്ലാസ് ഇന്നലെ എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ എടുത്തിരുന്നു. എംഎൽഎ ആയിരിക്കുമ്പോള്‍ അദ്ദേഹം തല്ലിത്തകർത്ത സ്പീക്കറുടെ കസേര പാലായിലെ ഒരു ഗോഡൗണിൽ കിടക്കുന്നുണ്ട്. ഒന്നിനും ഉപയോഗിക്കാൻ പറ്റാത്ത തരത്തിലായ ഒരു കസേരയാണത്. പാലായിലുള്ള ഒരു ഫർണിച്ചർ കടക്കാരാണ് നിയമസഭയിലെ കസേരകളും മറ്റും ചെയ്തിരുന്നത്. ആ കസേര ഇപ്പോൾ അവരുടെ ഗോഡൗണിലാണ് കിടക്കുന്നതെന്ന് ഞാൻ വിനയപൂർവം ഇ.പി. ജയരാജനെ ഓർമിപ്പിക്കുന്നു.

ഇ.പി. ജയരാജനെപ്പോലെ ഒരാൾ എങ്ങനെയാണ് നിയമസഭയിൽ പെരുമാറേണ്ടത് എന്ന് പ്രതിപക്ഷത്തിന് ക്ലാസെടുക്കുന്ന വിചിത്രമായ കാലത്താണല്ലോ നമ്മൾ ജീവിക്കുന്നതെന്ന് ഓർത്ത് ഞാൻ അദ്ഭുതപ്പെടുന്നു. പക്ഷേ, പഴയ ഇ.പി. ജയരാജനല്ല, കൗശലക്കാരനായ, ബുദ്ധിപൂർവം കാര്യങ്ങളെ നോക്കിക്കാണുന്ന ഒരു പുതിയ ജയരാജനാണോയെന്ന് എനിക്ക് അദ്ദേഹത്തിന്റെ പ്രസ്താവന കാണുമ്പോൾ സംശയമുണ്ട്. അദ്ദേഹത്തിന്റെ പ്രസ്താവനയുടെ വരികൾക്കിടയിലൂടെ വായിച്ചാൽ അത് അദ്ദേഹം മുഖ്യമന്ത്രിയെ പരിഹസിക്കുന്നതാണ്.

പ്രതിപക്ഷ നേതാക്കളുടെ വാക്കൗട്ട് പ്രസംഗങ്ങളാണ് ഭരണകക്ഷിയെ പ്രകോപിപ്പിക്കുന്നതെന്നാണ് അദ്ദേഹം പറയാതെ പറയുന്നത്. പ്രതിപക്ഷനേതാക്കളുടെ വാക്കൗട്ട് പ്രസംഗവും പ്രതിപക്ഷാംഗങ്ങളുടെ അടിയന്തരപ്രമേയാവതരണവും ഭരണകക്ഷിയെ ഭയവിഹ്വലരാക്കുന്നു എന്നാണ് ജയരാജൻ മുഖ്യമന്ത്രിയെ പരിഹസിച്ച് ആ പ്രസ്താവനയിലൂടെ പറയുന്നത്.

പ്രതിപക്ഷത്തിന്റെ ആവശ്യങ്ങൾ പരിഗണിച്ചില്ലെങ്കിൽ അടുത്ത നടപടിയെന്തെന്ന് നാളെ രാവിലെ എട്ടുമണിക്കു ചേരുന്ന യുഡിഎഫ് പാർലമെന്ററി പാർട്ടി യോഗം തീരുമാനിക്കും.’’

∙ ഇ.പി. ജയരാജൻ പറഞ്ഞത്.

നിയമസഭയുടെ അന്തസ്സ് കെടുത്തുന്ന പ്രവർത്തനങ്ങളാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റേതെന്നായിരുന്നു ജയരാജൻ പറഞ്ഞത്. ജനങ്ങളെയാകെ അപമാനിക്കുന്ന ഇത്തരം കോപ്രായങ്ങൾ ഉപേക്ഷിച്ച് ചട്ടങ്ങൾക്ക് അനുസരിച്ച് പ്രവർത്തിക്കാൻ സതീശൻ തയാറാകണമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ‌ ആവശ്യപ്പെട്ടു.

ദിവസവും ഏതെങ്കിലും വിഷയത്തിൽ അടിയന്തര പ്രമേയം കൊണ്ടുവരിക, ചട്ടപ്രകാരമല്ലാത്തതിന് അനുമതി നിഷേധിച്ചാലും എഴുന്നേറ്റുനിന്നു പ്രസംഗിക്കുക, പുറത്തിറങ്ങി വാർത്താസമ്മേളനം നടത്തുക എന്നിങ്ങനെയാണ് കാര്യപരിപാടി. അടിയന്തരപ്രമേയം എന്താണെന്ന സാമാന്യധാരണപോലും ഇല്ലാതെയാണ് പെരുമാറുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

English Summary: VD Satheesan mocks EP Jayarajan on Assembly discipline

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

Video

രണ്ടുകാലിൽ നിൽക്കും മുൻപേ പപ്പ പോയതാണ് ഏക സങ്കടം | Prashanth Alexander | Exclusive Chat

MORE VIDEOS