ADVERTISEMENT

തിരുവനന്തപുരം∙ ദേവികുളം മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കിക്കൊണ്ടുള്ള ഹൈക്കോടതി വിധിക്കെതിരെ എ.രാജ സുപ്രീംകോടതിയിൽ അപ്പീൽ നൽകും. അപ്പീൽ നൽകാൻ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അനുമതി നൽകി. കിർത്താഡ്സ് രേഖകൾ പരിശോധിച്ചശേഷം അപ്പീൽ നൽകും. മുൻപ് ചില കേസുകളിൽ സുപ്രീംകോടതിയിൽനിന്ന് അനുകൂല നിലപാട് ഉണ്ടായതിനാൽ പ്രതീക്ഷയ്ക്കു വകയുണ്ടെന്നാണ് പാര്‍ട്ടി കേന്ദ്രങ്ങൾ പറയുന്നത്.

ദേവികുളത്ത് എംഎൽഎയായിരുന്ന എസ്.രാജേന്ദ്രനെ മാറ്റിയാണ് കഴിഞ്ഞതവണ എ.രാജയ്ക്ക് അവസരം നൽകിയത്. ഇതോടെ സിപിഎം ജില്ലാ നേതൃത്വത്തിനെതിരെ ആരോപണവുമായി രാജേന്ദ്രൻ രംഗത്തെത്തിയിരുന്നു. 7848 വോട്ടുകൾക്കാണ് കോൺഗ്രസിലെ ഡി.കുമാറിനെ എ.രാജ പരാജയപ്പെടുത്തിയത്. 2016 ൽ 5782 വോട്ടുകൾക്കാണ് എസ്.രാജേന്ദ്രൻ കോൺഗ്രസിലെ എ.കെ.മണിയെ പരാജയപ്പെടുത്തിയത്. 2006 മുതൽ ദേവികുളത്തെ പ്രതിനിധീകരിച്ചത് എസ്.രാജേന്ദ്രനാണ്.

പട്ടികജാതി സംവരണ മണ്ഡലമായ ദേവികുളത്തു മത്സരിക്കാൻ രാജ തെറ്റായ ജാതിരേഖകളാണ് സമർ‌പ്പിച്ചതെന്നു ചൂണ്ടിക്കാട്ടി യുഡിഎഫ് സ്ഥാനാർഥിയായിരുന്ന ഡി.കുമാർ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി വിധി. രാജയുടെ മാതാപിതാക്കളായ അന്തോണിയും എസ്തറും ക്രിസ്തുമത വിശ്വാസികളാണെന്നും അതേ വിശ്വാസത്തിൽത്തന്നെയാണ് രാജയും തുടരുന്നതെന്നും ഹർജിയിൽ കുമാർ ചൂണ്ടിക്കാട്ടിയിരുന്നു.

ക്രിസ്തുമത വിശ്വാസി തന്നെയായ ഷൈനിപ്രിയയെ രാജ വിവാഹം ചെയ്തത് ക്രിസ്തുമത ആചാരപ്രകാരണമാണെന്നും ഹർജിയിൽ‌ പറഞ്ഞിരുന്നു. തുടർന്ന് രാജ വിചാരണ നേരിടണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു. പട്ടികജാതി സംവരണ സീറ്റിൽ മത്സരിക്കാൻ‌ രാജ യോഗ്യനല്ലെന്നു പറഞ്ഞ കോ‌ടതി, തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്ന ഡി. കുമാറിന്റെ ആവശ്യം അംഗീകരിച്ചില്ല.

English Summary: A Raja Will Give Appeal in Supreme Court

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com