ADVERTISEMENT

കണ്ണൂർ ∙ ചൊവ്വാഴ്ച തലശേരി ബിഷപ്സ് ഹൗസിലെത്തി മാർ ജോസഫ് പാംപ്ലാനിയുമായി ചർച്ച നടത്തിയെന്ന് സ്ഥിരീകരിച്ച് ബിജെപി കണ്ണൂർ ജില്ലാ പ്രസിഡന്റ് എൻ.ഹരിദാസൻ. ഈ കൂടിക്കാഴ്ചയിൽ അസ്വാഭാവികതയോ പുതുമയോ ഇല്ലെന്ന് അദ്ദേഹം മനോരമ ഓൺലൈനിനോടു പറഞ്ഞു. വിവിധ മതമേലധ്യക്ഷൻമാരുമായി ബിജെപി നേതൃത്വം കൂടിക്കാഴ്ച നടത്താറുണ്ട്. അവരും പൊതുവിഷയങ്ങളിൽ ഇടപെടുന്ന ആൾക്കാരാണെന്ന് ഹരിദാസൻ ചൂണ്ടിക്കാട്ടി. കൂടിക്കാഴ്ചയിൽ, റബർ വില ഉൾപ്പെടെ ജനം അഭിമുഖീകരിക്കുന്ന വെല്ലുവിളികളും പ്രശ്നങ്ങളും സ്വാഭാവികമായും ചർച്ചയായിട്ടുണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു. 

‘‘തലശേരി ബിഷപ്പുമായി ബിജെപി നേതാക്കൾ നടത്തിയ കൂടിക്കാഴ്ചയിൽ പുതുമയൊന്നുമില്ല. ഞങ്ങൾ എപ്പോഴും വിവിധ മതമേലധ്യക്ഷൻമാരെ കാണാറുള്ളതാണ്. ആചാര്യൻമാരെയും മുസ്‍ലിം സമുദായത്തിലെ ഖാസിമാരെയും ഞങ്ങൾ കാണാറുണ്ട്. അതിലൊന്നും തെറ്റില്ല. പൊതുവിഷയങ്ങളിൽ ഇടപെടുന്ന ആളുകളാണല്ലോ അവരും. അവരെ മതത്തിന്റെ മാത്രം വക്താക്കളായി കാണേണ്ടതില്ല. പൊതുസമൂഹവുമായി ബന്ധപ്പെട്ടു കിടക്കുന്ന നിരവധി പ്രയാസങ്ങളും ബുദ്ധിമുട്ടുകളും ദുരിതങ്ങളും അറിയുന്നവരാണ് അവർ. ജനങ്ങളുമായുള്ള സമ്പർക്കത്തിലൂടെ മനസ്സിലാക്കിയ അത്തരം പ്രശ്നങ്ങൾ അവർ കൂടിക്കാഴ്ചയിൽ പങ്കുവച്ചിട്ടുണ്ടാകും. ഇത്തരം കൂടിക്കാഴ്ചകൾ ഇടയ്ക്കു നടക്കാറുള്ളതാണ്.’ – ഹരിദാസൻ പറഞ്ഞു.

ബിഷപ് പറഞ്ഞ കാര്യങ്ങളിൽ വിവാദത്തിന്റെ ആവശ്യമൊന്നുമില്ല. രാഷ്ട്രീയ താൽപര്യങ്ങൾ വച്ചുപുലർത്തുന്നവരാണ് അതിനെ വിവാദമാക്കുന്നത്. അവരുടെ ഭയപ്പാടാണ് അതിനെല്ലാം പിന്നിൽ. ഇതെല്ലാം കേൾക്കുമ്പോൾ ഇടതുപക്ഷത്തിന്റെയും വലതുപക്ഷത്തിന്റെയും നെഞ്ചിടിക്കുന്നുണ്ടാകും. ഈ ഭയപ്പാടുകൊണ്ടാണ് അദ്ദേഹം നടത്തിയ പരാമർശത്തിനെതിരെ അവർ രൂക്ഷമായി പ്രതികരിക്കുന്നത്. എന്തും ഇറക്കാനുള്ള ക്യാപ്സൂളും രാഷ്ട്രീയവും അവർക്ക് അറിയാമല്ലോ. അനുകൂലിക്കുന്നവരെ എക്കാലവും താലോലിക്കുന്നവരല്ല അവർ. അനുകൂലിക്കുന്നവരെ ഏതെങ്കിലും കാലത്ത് താൽക്കാലിക ലാഭത്തിനു വേണ്ടി ഉപയോഗിക്കുന്നു എന്നേയുള്ളൂ.’ – ഹരിദാസൻ ചൂണ്ടിക്കാട്ടി.

ബിജെപിയും ആർഎസ്എസും ന്യൂനപക്ഷങ്ങളെ വേട്ടയാടുന്നവരാണെന്ന കോൺഗ്രസ്, സിപിഎം വിമർശനങ്ങളോടും ഹരിദാസൻ പ്രതികരിച്ചു. ബിജെപിയും ആർഎസ്എസും ന്യൂനപക്ഷങ്ങളെ വേട്ടയാടുന്നുവെന്ന് ഇവർ പതിറ്റാണ്ടുകളായി പറയുന്നതല്ലേ. എന്നിട്ടും നാഗാലാൻഡിലും മിസോറാമിലും ഗോവയിലും മേഘാലയയിലുമെല്ലാം ബിജെപി ഭരിക്കുന്നത് ഇതേ ക്രിസ്ത്യൻ വിഭാഗങ്ങൾ ഭൂരിപക്ഷമുള്ള മേഖലകളിലാണ്. അവിടെ ഈ പറയുന്ന ന്യൂനപക്ഷ വേട്ട ഉൾപ്പെടെയുള്ള വിഷയങ്ങൾ ഏശാത്തത് എന്തുകൊണ്ടാണ്? ഇവർ പറയുന്ന ഇത്തരം കാര്യങ്ങൾ ജനം വിശ്വസിക്കാത്തത് എന്തുകൊണ്ടാണ്? ഈ പറയുന്നതിനു പിന്നിലെ താൽപര്യങ്ങൾ ജനം മനസ്സിലാക്കിയതുകൊണ്ടല്ലേ? സ്വന്തം താൽപര്യങ്ങളാണ് ഇവരെല്ലാം പറഞ്ഞു പ്രചരിപ്പിക്കുന്നത്. അത് പൊതുസമൂഹം പുച്ഛിച്ചു തള്ളുമെന്ന് എല്ലാവർക്കും ഉറപ്പല്ലേയെന്നും ഹരിദാസൻ ചോദിച്ചു.

റബറിന്റെ വിലയുമായി ബന്ധപ്പെട്ട പ്രശ്നം ബിഷപ്പ് കൂടിക്കാഴ്ചയിൽ ഉന്നയിച്ചിരുന്നോ എന്ന ചോദ്യത്തിന് ഹരിദാസന്റെ മറുപടി ഇങ്ങനെ: ‘ജനങ്ങളുടെ നീറുന്ന പ്രശ്നങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയായി എന്നു പറയുമ്പോൾ, റബർ വിലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ചർച്ചയായി കാണണമല്ലോ. ഇതെല്ലാം കേന്ദ്രത്തിനു മാത്രം പരിഹരിക്കാൻ കഴിയുന്ന പ്രശ്നങ്ങളാണ്. കേന്ദ്രത്തിന് ഒരു വിശ്വാസ്യതയുണ്ട്. പഴയ കാലത്തിൽനിന്ന് വ്യത്യസ്തമായി ഇച്ഛാശക്തിയുള്ള, പറഞ്ഞാൽ പറഞ്ഞത് ചെയ്യുന്ന ഒരു ഭരണകൂടമാണ് കേന്ദ്രത്തിലുള്ളത് എന്ന ഒരു വിശ്വാസം പൊതുസമൂഹത്തിനുണ്ട്. ഈ രാജ്യത്തു ജീവിക്കുന്നവർക്കും പുറത്തു ജീവിക്കുന്നവർക്കും ഞങ്ങളുടെ കാര്യങ്ങൾ നോക്കാൻ ഈ ഭരണകൂടമുണ്ട് എന്ന പ്രതീക്ഷയുണ്ട്. ബിഷപ് പങ്കുവച്ച പ്രശ്നങ്ങൾ തീർച്ചയായും ബന്ധപ്പെട്ടവരെ അറിയിക്കും’ – ഹരിദാസൻ പറഞ്ഞു.

English Summary: BJP District President N Haridasan Responds To Rumours On Meeting With Mar Pamplany

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com