ADVERTISEMENT

കൊൽക്കത്ത∙ വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയാണ് പ്രതിപക്ഷത്തിന്റെ മുഖമെങ്കിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഒന്നും ചെയ്യാനാകില്ലെന്ന് ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമത ബാനർജി. തൃണമൂൽ കോൺഗ്രസ് നേതാക്കളുടെ യോഗത്തിൽ മമത പങ്കുവച്ച ഇക്കാര്യം, പാർട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവിയാണ് പുറത്തുവിട്ടത്. 

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രധാന ‘ടിആർപി’ (ടെലിവിഷന്‍ റേറ്റിങ് പോയിന്റ്) രാഹുൽ ഗാന്ധിയാണെന്നും മമത പരിഹസിച്ചു. രാഹുൽ ഗാന്ധി പ്രതിക്ഷത്തിന്റെ പ്രധാന നേതാവായി വരാൻ ചരടുവലികൾ നടത്തുന്നത് ബിജെപി തന്നെയാണെന്നും മമത സൂചിപ്പിച്ചു. രാഹുൽ ഗാന്ധിയെ നേതാവാക്കി ഉയർത്തുന്നതിനായി പാർലമെന്റ് നടപടികൾ പോലും ബിജെപി തടസ്സപ്പെടുത്തുന്നു. രാഹുലിനെ ഹീറോ ആക്കുന്നതിലുള്ള ഉത്സാഹത്തിലാണ് ബിജെപിയെന്ന് മമത പറഞ്ഞു.

‘കോൺഗ്രസാണ് ബിജെപിക്കു മുന്നിൽ തലകുമ്പിട്ട് നിൽക്കുന്നത്. കോൺഗ്രസും ബിജെപിയും സിപിഎമ്മും ന്യൂനപക്ഷ വിഭാഗങ്ങളെ തൃണമൂലിനെതിരെ തിരിക്കാൻ ശ്രമിക്കുകയാണ്. ’– മുർഷിദാബാദിൽ പാർട്ടി പ്രവർത്തകരെ ഓൺലൈനായി അഭിസംബോധന ചെയ്യവെ മമതയുടെ പറഞ്ഞു. 

അതേസമയം രാഹുലിന്റെയും കോൺഗ്രസിന്റെയും പ്രതിച്ഛായ തകർക്കാൻ തൃണമൂലും ബിജെപിയും തമ്മിൽ ഇടപാടുണ്ടെന്ന് കോൺഗ്രസ് പ്രതികരിച്ചു. മമത ബാനർജി പ്രധാനമന്ത്രിയുടെ നിർദേശം അനുസരിച്ചാണ് സംസാരിക്കുന്നതെന്ന് കോൺഗ്രസ് വക്താവ് അധിർ രഞ്ജൻ ചൗധരി എഎൻഐയോട് പറഞ്ഞു. ഇഡി–സിബിഐ റെയ്ഡുകളിൽനിന്ന് സ്വയം സംരക്ഷിക്കേണ്ട ആവശ്യം മമതയ്ക്കുണ്ട്. അതുകൊണ്ടാണ് അവർ കോൺഗ്രസിനെതിരെ തിരിയുന്നത്. ഇതിലൂടെ പ്രധാനമന്ത്രിയും സന്തോഷവാനാകുമെന്നും അദ്ദേഹം പറഞ്ഞു.

Read also: സിപിഎം എംഎൽഎ എ.രാജയ്ക്ക് അർഹതയില്ല; ദേവികുളത്തെ തിരഞ്ഞെടുപ്പ് റദ്ദാക്കി ഹൈക്കോടതി

രാഹുൽ ഗാന്ധിയെ പ്രതിപക്ഷത്തിന്റെ മുഖമായി ഉയർത്തിക്കാട്ടി ബിജെപി നേട്ടം കൊയ്യുകയാണെന്ന് തൃണമൂൽ എംപി സുദിപ് ബാന്ദ്യോപാദ്യ ആരോപിച്ചിരുന്നു. അടുത്തിടെ ബംഗാളിലെ രാഷ്ട്രീയ സംഘർഷങ്ങളും ശാരദാ ചിട്ടി ഫണ്ട് അഴിമതിയും ഉയർത്തിക്കാട്ടി തൃണമൂലിനെതിരെ രാഹുൽ വിമർശനം ഉന്നയിച്ചിരുന്നു. 

മുർഷിദാബാദിൽ ത‍ൃണമൂൽ സ്ഥാനാർഥി കോൺഗ്രസിനോട് പരാജയപ്പെട്ടതോടെയാണ് കാര്യങ്ങൾ വഷളായത്. ബിജെപിയെ പിന്താങ്ങുന്നു എന്ന് ഇരു പാർട്ടികളും ഇപ്പോൾ പരസ്പരം ആരോപിക്കുകയാണ്. ലോക്സഭ തിരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ ഒരു മുന്നണിയായി കൈകോർക്കുന്നതുമായി ബന്ധപ്പെട്ട് ഇരുവരും നടത്തിയ പിൻവാതിൽ ചർച്ചകളും പരാജയപ്പെട്ടിരുന്നു. 

തിരഞ്ഞെടുപ്പിൽ തന്റെ പാർട്ടി ഒറ്റയ്ക്കു മത്സരിക്കുമെന്ന് മമത ബാനർജി പ്രഖ്യാപിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം കോൺഗ്രസിനെ കൂട്ടാതെ ബിജെപിഇതര മുന്നണി രൂപീകരിക്കുന്നതിന്റെ ചർച്ചകൾ മമതാ ബാനർജിയും സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവും തമ്മിൽ നടന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. 

English Summary: "Rahul Gandhi Is PM Modi's Biggest TRP," Mamata Banerjee Tells Party Men

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com