ADVERTISEMENT

ന്യൂഡൽഹി∙ കോടതിയിൽ മുദ്രവച്ച കവറിൽ വിവരങ്ങൾ കൈമാറുന്ന രീതിയെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്. സേനകളിൽ നിന്നു വിരമിച്ചവർക്കുള്ള ‘ഒരേ റാങ്ക്, ഒരേ പെൻഷൻ’ പദ്ധതി സംബന്ധിച്ച ഹർജി പരിഗണിക്കുമ്പോഴാണ് ചീഫ് ജസ്റ്റിസിന്റെ വിമർശനം. ഹർജിയിൽ പ്രതിരോധ മന്ത്രാലയത്തിന്റെ നിലപാട് അറിയിച്ചുകൊണ്ട് അറ്റോർണി ജനറൽ സമർപ്പിച്ച മുദ്രവച്ച കവർ സ്വീകരിക്കാൻ ചീഫ് ജസ്റ്റിസ് വിസമ്മതിച്ചു. ഒന്നുകിൽ ഇതു വായിച്ചു കേൾപ്പിക്കണമെന്നും അല്ലെങ്കിൽ തിരിച്ചെടുക്കണമെന്നും അദ്ദേഹം അറ്റോർണി ജനറലിനോട് ആവശ്യപ്പെട്ടു.

‘‘ഞങ്ങൾ രഹസ്യ രേഖകളോ മുദ്രവച്ച കവറുകളോ എടുക്കില്ല. വ്യക്തിപരമായി എനിക്ക് ഇതിനോട് എതിർപ്പുണ്ട്. കോടതിയിൽ സുതാര്യത വേണം. ഇത് ഉത്തരവുകൾ നടപ്പിലാക്കുന്നതിനെക്കുറിച്ചാണ്. അതിൽ എന്താണ് രഹസ്യം? മുദ്രവച്ച കവർ സമർപ്പിക്കുന്ന രീതി അവസാനിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. സുപ്രീം കോടതി ഇതു പിന്തുടരുകയാണെങ്കിൽ, ഹൈക്കോടതികളും പിന്തുടരും.’’ അറ്റോർണി ജനറലിനോട് ചീഫ് ജസ്റ്റിസ് പറഞ്ഞു.

മുദ്രവച്ച കവറുകൾ ജുഡീഷ്യൽ തത്ത്വങ്ങൾക്ക് പൂർണമായും എതിരാണെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ഒരു ഉറവിടമോ ആരുടെയെങ്കിലും ജീവനോ അപകടത്തിലാകുമെങ്കിൽ മാത്രമേ ഈ രീതി അവലംബിക്കാൻ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു.

‘ഒരേ റാങ്ക്, ഒരേ പെൻഷൻ’ പദ്ധതിപ്രകാരമുള്ള കുടിശിക സംബന്ധിച്ച ഹർജിയാണ് സുപ്രീം കോടതി പരിഗണിച്ചത്. കുടിശിക നൽകുന്നതിൽ സർക്കാരിന്റെ ബുദ്ധിമുട്ടുകൾ കോടതി മനസ്സിലാകുന്നുണ്ടെന്നും എന്നാൽ െചയ്യാൻ ഉദ്ദേശിക്കുന്ന കാര്യങ്ങൾ അറിയണമെന്നും കോടതി വ്യക്തമാക്കി. ഇതിനു പിന്നാലെ പ്രതിരോധ മന്ത്രാലയത്തിന്റെ റിപ്പോർട്ട് അറ്റോർണി ജനറൽ വായിച്ചു. ‘‘ബജറ്റ് വിഹിതത്തിൽനിന്ന് ഒറ്റയടിക്ക് തുക വകയിരുത്താൻ സാധിക്കില്ല. വിഭവങ്ങൾ പരിമിതമാണ്, ചെലവ് നിയന്ത്രിക്കേണ്ടതുണ്ട്.’’– റിപ്പോർട്ടിൽ പറയുന്നു.

ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ പി.എസ്.നരസിംഹ, ജെ.ബി.പർദിവാല എന്നിവരടങ്ങിയ ബെഞ്ചാണ് ഇന്ത്യൻ എക്സ്-സർവീസ്‌മെൻ മൂവ്‌മെന്റ് (ഐഇഎസ്‌എം) നൽകിയ ഹർജി പരിഗണിക്കുന്നത്. ‘ഒരേ റാങ്ക്, ഒരേ പെൻഷൻ’ പദ്ധതിപ്രകാരമുള്ള കുടിശിക മാർച്ച് 15നു മുൻപു നൽകണമെന്ന ഉത്തരവു നിലനിൽക്കെ, ഇതു 4 ഘട്ടമായി നൽകുമെന്നു വിജ്ഞാപനമിറക്കിയ പ്രതിരോധ മന്ത്രാലയത്തെ സുപ്രീം കോടതി കഴിഞ്ഞയാഴ്ച രൂക്ഷമായി വിമർശിച്ചിരുന്നു.

മാർച്ച് 15നു മുൻപ് കുടിശിക തീർക്കണമെന്നു ജനുവരി 9ന് ആണ് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചത്. ഇതു പാലിക്കാൻ കഴിയാത്ത സാഹചര്യത്തിൽ സർക്കാർ കോടതിയെ സമീപിച്ചു. ഇതിനിടെ, തുക 4 തവണയായി മാത്രമേ നൽകാൻ കഴിയൂ എന്നു ജനുവരി 20നു വിജ്ഞാപനമിറക്കി. ഇതാണു കോടതിയുടെ അതൃപ്തിക്കിടയാക്കിയത്.

English Summary: 'End Sealed Cover Business': Chief Justice Blasts Government's Top Lawyer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com