ADVERTISEMENT

കൊച്ചി∙ ദേവികുളം മണ്ഡലത്തിലെ തിരഞ്ഞെടുപ്പു ഫലം റദ്ദാക്കിക്കൊണ്ടുള്ള ഹൈക്കോടതി വിധി സിപിഎമ്മിനു‍ പുതിയ തലവേദനയാകും. ഒരു എംഎൽഎ അയോഗ്യനാകുന്നു എന്നതിനൊപ്പം, രാജയെ തോൽപിക്കാൻ ശ്രമിച്ചു എന്ന ആരോപണത്തിന്റെ പേരിൽ മുൻ എംഎൽഎ എസ്. രാജേന്ദ്രനും എം.എം.മണിയും തമ്മിൽ നടന്ന വാക്പോരും രാജേന്ദ്രന്റെ സസ്പെൻഷനും അടക്കമുള്ള സംഭവങ്ങൾക്ക് കോടതിവിധിയുടെ പശ്ചാത്തലത്തിൽ തുടർചലനങ്ങൾ ഉണ്ടാകുമോ എന്നതും അതു പാർട്ടിയെ എങ്ങനെ ബാധിക്കുമെന്നതും കാത്തിരുന്നു കാണണം.

എ.രാജയെ സ്ഥാനാർഥിയാക്കിയതിനു പിന്നാലെ സിപിഎം ജില്ലാ നേതൃത്വവുമായി മുൻ എംഎൽഎ എസ്.രാജേന്ദ്രൻ ഇടഞ്ഞിരുന്നു. ദേവികുളത്ത് എംഎൽഎയായിരുന്ന രാജന്ദ്രനെ മാറ്റിയാണ് കഴിഞ്ഞ തവണ സിപിഎം യുവനേതാവ് രാജയ്ക്ക് അവസരം നൽകിയത്. അതിൽ അതൃപ്തി പ്രകടിപ്പിച്ച രാജേന്ദ്രൻ, തിരഞ്ഞെടുപ്പിൽ രാജയെ ത‌ോൽപിക്കാൻ നീക്കം നടത്തിയെന്നു പാർട്ടിക്കുള്ളിൽത്തന്നെ ആരോപണമുയർന്നിരുന്നു. അതു ശരിവച്ച് എം.എം. മണി എംഎൽഎ തന്നെ രംഗത്തെത്തിയതോടെ രാജേന്ദ്രനും മണിയും തമ്മിൽ കനത്ത വാക്പോരാണു നടന്നത്. രാജേന്ദ്രനെ പാർട്ടി ഒരു വർഷത്തേക്കു സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. 

പട്ടികജാതി സംവരണ മണ്ഡലമായ ദേവികുളത്തു മൽസരിക്കാൻ രാജ തെറ്റായ ജാതിരേഖകളാണ് സമർ‌പ്പിച്ചതെന്നു ചൂണ്ടിക്കാട്ടി യുഡിഎഫ് സ്ഥാനാർഥിയായിരുന്ന ഡി.കുമാറാണ് ഹൈക്കോടതിയെ സമീപിച്ചത്. രാജയുടെ മാതാപിതാക്കളായ അന്തോണിയും എസ്തറും ക്രിസ്തുമത വിശ്വാസികളാണെന്നും അതേ വിശ്വാസത്തിൽത്തന്നെയാണ് രാജയും തുടരുന്നതെന്നും ഹർജിയിൽ കുമാർ ചൂണ്ടിക്കാട്ടിയിരുന്നു. ക്രിസ്തുമത വിശ്വാസി തന്നെയായ ഷൈനിപ്രിയയെ രാജ വിവാഹം ചെയ്തത് ക്രിസ്തുമത ആചാരപ്രകാരണമാണെന്നും ഹർജിയിൽ‌ പറഞ്ഞിരുന്നു. തുടർന്ന് രാജ വിചാരണ നേരിടണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു. പട്ടികജാതി സംവരണ സീറ്റിൽ മൽസരിക്കാൻ‌ രാജ യോഗ്യനല്ലെന്നു പറഞ്ഞ കോ‌ടതി, തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്ന ഡി. കുമാറിന്റെ ആവശ്യം അംഗീകരിച്ചിട്ടില്ല.

English Summary: S. Rajendran's suspension again came to light after High Court annulled Devikulam constituency election

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com