ADVERTISEMENT

തിരുവനന്തപുരം∙ സെക്രട്ടേറിയറ്റിനു പുറത്തുള്ള സർക്കാർ ഓഫിസുകളിൽ ബയോമെട്രിക് പഞ്ചിങ് നടപ്പിലാക്കാത്തതിൽ ഉദ്യോഗസ്ഥർക്കു ചീഫ് സെക്രട്ടറിയുടെ രൂക്ഷ വിമർശനം. താലൂക്ക് തല അദാലത്തുകൾ വിലയിരുത്താൻ വിളിച്ച യോഗത്തിലാണു കലക്ടർമാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ ചീഫ് സെക്രട്ടറി രൂക്ഷമായി വിമർശിച്ചത്. പഞ്ചിങ് നടപ്പിലാക്കാതെ ഇനിയും മുന്നോട്ടു പോകാനാകില്ലെന്നും പഞ്ചിങ് നടപ്പിലാക്കാത്ത ഓഫിസിലെ ജീവനക്കാർക്കു ശമ്പളം നഷ്ടമാകുമെന്നും ചീഫ് സെക്രട്ടറി മുന്നറിയിപ്പു നൽകി.

കലക്ടറേറ്റിലും ഡയറക്ടറേറ്റുകളിലും വകുപ്പ് മേധാവികളുടെ ഓഫിസുകളിലും ജനുവരി ഒന്നിനു മുൻപ് ബയോമെട്രിക് പഞ്ചിങ് സംവിധാനം നടപ്പിലാക്കി ശമ്പള വിതരണ സോഫ്റ്റുവെയറായ സ്പാർക്കുമായി ബന്ധിപ്പിക്കണമെന്നായിരുന്നു ചീഫ് സെക്രട്ടറിയുടെ ഉത്തരവ്. മറ്റെല്ലാ ഓഫിസുകളിലും മാർച്ച് 31ന് മുന്‍പ് സംവിധാനം നടപ്പിലാക്കണമെന്നും നിർദേശിച്ചു.

കലക്ടറേറ്റുകളിലെല്ലാം പഞ്ചിങ് നടപ്പിലാക്കിയെങ്കിലും മറ്റുള്ള ഓഫിസുകളിൽ നടപടികൾ ഇഴഞ്ഞു. ചീഫ് സെക്രട്ടറി നൽകിയ സമയപരിധി അവസാനിക്കാൻ ഇനി 10 ദിവസം മാത്രമുള്ളപ്പോൾ സംസ്ഥാനത്തെ ഭൂരിപക്ഷം ഓഫിസുകളിലും പ‍ഞ്ചിങ് നടപ്പിലായില്ല. 665 ഓഫിസുകളിൽ മാത്രമാണ് പഞ്ചിങ് നടപ്പിലാക്കി സ്പാര്‍ക്കുമായി ബന്ധിപ്പിച്ചത്. ഓരോ വകുപ്പ് മേധാവികളുടെയും ഓഫിസിലും പഞ്ചിങ് നടപ്പിലാക്കാൻ ഒരു നോഡൽ ഓഫിസറെ നിയമിച്ചിരുന്നു. ഈ ഓഫിസർ മുഖേനയാണു പഞ്ചിങ് സംവിധാനം സ്പാർക്കുമായി ബന്ധിപ്പിക്കേണ്ടിയിരുന്നത്. ചില സ്ഥാപനങ്ങള്‍ ബയോമെട്രിക് പഞ്ചിങ് സംവിധാനം സ്ഥാപിച്ചെങ്കിലും സ്പാർക്കുമായി ബന്ധിപ്പിച്ചില്ലെന്നും സർക്കാർ അന്വേഷണത്തിൽ കണ്ടെത്തി.

പഞ്ചിങ് നടപ്പിലാക്കിയ പ്രധാന ഓഫിസുകൾ

∙ അഡ്വ. ജനറൽ ഓഫിസ് – 466 ജീവനക്കാർ

∙ കാർഷിക ഡയറക്ട്രേറ്റ്, തിരുവനന്തപുരം – 295 ജീവനക്കാർ

∙ അനിമൽ ഹസ്ബൻഡറി ഡയറക്ടറേറ്റ് – 168 ജീവനക്കാർ

∙ കോ ഓപ്പറേറ്റീവ് സൊസൈറ്റി റജിസ്ട്രാർ ഓഫിസ് – 160 ജീവനക്കാർ

∙ എക്സൈസ് കമ്മിഷണർ ഓഫിസ് – 65 ജീവനക്കാർ

∙ ഫിഷറീസ് ഡയറക്ടറേറ്റ് – 110 ജീവനക്കാർ

∙ ആരോഗ്യവകുപ്പ് ഡയറക്ടർ ഓഫിസ് – 394 ജീവനക്കാർ

∙ ലേബർ കമ്മിഷണർ ഓഫിസ് – 98 ജീവനക്കാർ

∙ ഗവൺമെന്റ് പ്രസ് – 597 ജീവനക്കാർ

∙ തിരുവനന്തപുരം കലക്ട്രേറ്റ് – 244 ജീവനക്കാർ

∙ ലാൻഡ് റവന്യൂ കമ്മിഷണറേറ്റ് – 219 ജീവനക്കാർ

∙ കൊല്ലം കലക്ടറേറ്റ് – 221 ജീവനക്കാർ

English Summary: Biometric punching system must be implemented: Chief secretary warns

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com