ADVERTISEMENT

കൊച്ചി ∙ ദേവികുളം തിരഞ്ഞെടുപ്പ് റദ്ദാക്കിയ വിധിയിൽ കോടതിയിൽ തെളിവായത് വിവാഹ സമയത്തുള്ള ചിത്രങ്ങൾ. വിവാഹവുമായി ബന്ധപ്പെട്ട് കോടതി ഉന്നയിച്ച ചോദ്യങ്ങൾക്കു കൃത്യമായ മറുപടി നൽകാൻ രാജയ്ക്ക് കഴിയാതെ വന്നതും വിനയായി. ഹിന്ദു ആചാരപ്രകാരമായിരുന്നു വിവാഹമെന്നു രാജ പറഞ്ഞെങ്കിലും ലഭ്യമായ ഫോട്ടോകൾ ക്രൈസ്തവ വിവാഹമായിരുന്നുവെന്ന സൂചന നൽകുന്നതായി കോടതി വിലയിരുത്തി.

വിവാഹ സമയത്തു ബൈബിൾ വായിച്ചോ എന്ന ചോദ്യത്തിന് ‘ഓർക്കുന്നില്ല’ എന്നായിരുന്നു രാജയുടെ മറുപടി. ആൽബമോ ഫോട്ടോകളോ ഫൊട്ടോഗ്രഫർ നൽകിയിട്ടില്ലെന്നും അവകാശപ്പെട്ടു. താലിക്കൊപ്പം മാല ആരാണ് എടുത്തു നൽകിയത്, ചടങ്ങിൽ പൂജാരിയോ വൈദികനോ പങ്കെടുത്തോ എന്നീ ചോദ്യങ്ങളോടും അജ്ഞത കാട്ടി. ഓവർകോട്ട് അണിഞ്ഞിരുന്നത് ഏതു രീതിയിലായിരുന്നു വിവാഹമെന്നതിന്റെ സൂചനയാണ്. ക്രൈസ്തവ വധുവിന്റെ വേഷമായിരുന്നു ഭാര്യയുടേത്. പാസ്റ്ററുടെ സാന്നിധ്യവും ഹർജിക്കാരന്റെ വാദത്തെ പിന്തുണയ്ക്കുന്നതാണെന്നു കോടതി വ്യക്തമാക്കി. 

മാതാപിതാക്കൾ മതപരിവർത്തനം നടത്തിയിട്ടില്ലെന്നും ഭാര്യ ഹിന്ദുവാണെന്നും എന്നതുൾപ്പെടെ വാദങ്ങൾ തള്ളിയാണു ദേവികുളം നിയമസഭാ മണ്ഡലത്തിൽനിന്നുള്ള എ.രാജയുടെ തിരഞ്ഞെടുപ്പു ഹൈക്കോടതി അസാധുവാക്കിയത്. കുണ്ടള സിഎസ്ഐ പള്ളിയിലെ കുടുംബ റജിസ്റ്റർ, മാമോദീസ റജിസ്റ്റർ, സാക്ഷി മൊഴികൾ തുടങ്ങിയവ പരിഗണിച്ചാണ് ഉത്തരവ്. രാജയുടെ മാതാപിതാക്കളുടെ പേരുകൾ തിരുത്തിയിട്ടുണ്ടെന്നു റജിസ്റ്റർ പരിശോധിച്ചു കോടതി പറഞ്ഞു. മാതാവിന്റെ സംസ്കാര വിവരങ്ങളുള്ള റജിസ്റ്ററിലും തിരുത്തുണ്ട്. പഴയതു മായ്ച്ചു പുതിയ പേരും വിവരങ്ങളും ചേർത്തെന്നും കോടതി പറഞ്ഞു.

രാജ പത്രിക സമർപ്പിച്ചപ്പോൾ തന്നെ മതപരിവർത്തന വിഷയം ചൂണ്ടിക്കാട്ടി അതു തള്ളിക്കളയണമെന്നു യുഡിഎഫ് സ്ഥാനാർഥി ഡി.കുമാർ പരാതി നൽകിയതാണ്. റിട്ടേണിങ് ഓഫിസർ വഴങ്ങിയില്ല. ജയിച്ചാലും കേസിലേക്കു പോകുമെന്നു തോന്നിയ പാർട്ടി, രാജ മാമോദീസ മുങ്ങിയത് അടക്കമുള്ള രേഖകൾ നശിപ്പിച്ചതായി ആരോപണമുണ്ടായിരുന്നു.

English Summary: Court discusses marriage customs while hearing A. Raja's case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com