ജാഗ്രതക്കുറവില്‍ പ്രതിസന്ധിയിലായി സിപിഎം; ഉപതിരഞ്ഞെടുപ്പ് പ്രതീക്ഷയില്‍ കോണ്‍ഗ്രസ്

a-raja
SHARE

തിരുവനന്തപുരം ∙ സിപിഎമ്മിനെ വീണ്ടും പ്രതിരോധത്തിലാക്കി ദേവികുളം മണ്ഡലം. എസ്.രാജേന്ദ്രന് സീറ്റ് നിഷേധിച്ചതിനെ തുടർന്നുള്ള പൊട്ടലും ചീറ്റലുമായിരുന്നു മുമ്പെങ്കിൽ ഇപ്പോൾ പാർട്ടിക്ക് മറുപടി പറയാൻ ബാധ്യതയായത് എ.രാജയുടെ സ്ഥാനാർഥിത്വമാണ്. സ്ഥാനാർഥി നിർണയത്തിൽ പാർട്ടിക്ക് ജാഗ്രതക്കുറവുണ്ടായോ എന്ന ചോദ്യമാണ് ഉയരുന്നവയിൽ പ്രധാനം.

തണുത്തുറഞ്ഞ ദേവികുളം മണ്ഡലമാകെ എ.രാജക്ക് എംഎൽഎ സ്ഥാനം നഷ്ടമായതാണ് പ്രധാന ചർച്ച. പരിവർത്തിത ക്രൈസ്തവ വിഭാഗത്തിൽപെട്ട രാജയെ പാർട്ടി മത്സരിപ്പിക്കാൻ തീരുമാനിച്ചത് വേണ്ടത്ര പരിശോധനയില്ലാതെയാണോ എന്ന ചോദ്യത്തിന് മറുപടി പറയേണ്ട നിലയിലാണ് സിപിഎം. വ്യാജ ജാതി സർട്ടിഫിക്കറ്റ് ഉണ്ടാക്കിയെന്ന ആരോപണം ഹൈക്കോടതി ശരിവയ്‌ക്കുന്നതോടെ പാർട്ടിക്കുണ്ടായ പ്രതിസന്ധി ചെറുതല്ല. എസ്.രാജേന്ദ്രന് സീറ്റ് നിഷേധിച്ച് സ്ഥാനാർഥിയായി അവരോധിച്ച എ.രാജയ്ക്കാണ് ഈ ഗതിയെന്നതും ശ്രദ്ധേയം.

സുപ്രീംകോടതിയിൽ പോയി ഹൈക്കോടതി വിധിയെ നേരിടുമെന്ന് സിപിഎം നേതാക്കൾ പറയുമ്പോൾ അവിടെയും സമാന വിധി ആവർത്തിക്കപ്പെട്ടാൽ ദേവികുളം വീണ്ടും തിരഞ്ഞെടുപ്പ് അങ്കത്തിലേക്ക് പോകുമെന്നുറപ്പ്. അങ്ങനെയെങ്കിൽ പുതിയ സ്ഥാനാർഥിയെ കണ്ടെത്താൻ സിപിഎം പാടുപെടും. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പുതുമുഖത്തെ തേടി അവസാനം എ.രാജയെന്ന പേരിൽ ഓട്ടം അവസാനിച്ചത് തന്നെ വൈകിയാണെന്നത് അതിനുദാഹരണമാണ്.

അതേസമയം, കോൺഗ്രസിലും ഉപതിരഞ്ഞെടുപ്പ് ചർച്ച തലപൊക്കിക്കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ തവണ മത്സരിച്ച ഡി.കുമാർ സ്ഥാനാർഥിത്വ മോഹം തള്ളിക്കളഞ്ഞിട്ടില്ല. ജില്ലയ്ക്കു പുറത്തുള്ള ചില യുവ നേതാക്കളും സീറ്റിൽ കണ്ണുവച്ച് കുപ്പായം തുന്നിത്തുടങ്ങിയിട്ടുണ്ട്.

അതിനിടെ, ദേവികുളത്തെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ എ.രാജ ഇന്നു സുപ്രീം കോടതിയിൽ അപ്പീൽ നൽകിയേക്കും. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ അനുമതിയോടെയാണ് നിയമ നടപടികളിലേക്കു കടക്കുന്നത്. തന്റെ വാദം പൂർണമായും കേൾക്കാതെയാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് എന്നാണ് രാജ ഉന്നയിക്കുന്നത്. 

പട്ടികജാതിക്കാരനാണെന്ന് കണക്കാക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി 2009 ല്‍ മാവേലിക്കര ലോക്സഭ മണ്ഡലത്തിലെ കൊടിക്കുന്നില്‍ സുരേഷിന്റെ ജയം ഹൈക്കോടതി റദ്ദാക്കുകയും പിന്നീട് നിയമപോരാട്ടത്തിലൂടെ കൊടിക്കുന്നില്‍ സുരേഷ് സുപ്രീം കോടതിയിൽനിന്ന് അനുകൂലവിധി സമ്പാദിച്ചതും ചൂണ്ടിക്കാട്ടാനാണ് നീക്കം. ഹൈക്കോടതി വിധി സ്വാഗതം ചെയ്തും വ്യാജരേഖ ചമച്ച് അനർഹനെ സ്ഥാനാർഥിയാക്കി പട്ടികജാതിക്കാരെ വഞ്ചിച്ച സിപിഎം മാപ്പ് പറയണമെന്നാവശ്യപ്പെട്ടും കോൺഗ്രസിന്റെ നേതൃത്വത്തിൽ ഇടുക്കിയിലെ വിവിധ മണ്ഡലങ്ങളിൽ പ്രകടനങ്ങളും പ്രതിഷേധയോഗങ്ങളും നടന്നു

English Summary: Devikulam elections put CPM on the defensive again

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

Video

വേഗം പണിയാം! ചെറിയ കുടുംബത്തിന് പറ്റിയ വീട്

MORE VIDEOS