ADVERTISEMENT

തിരുവനന്തപുരം∙ ബിജെപി–ആർഎസ്‌എസ് പ്രവർത്തകർ തന്നെ ആക്രമിച്ച കേസിൽ പ്രതികളെ വിട്ടയച്ചത് സിപിഎം നേതാക്കൾ മൊഴി മാറ്റിയതിനാലാണെന്ന് മുൻമന്ത്രിയും സിപിഐ അസിസ്റ്റന്റ് സെക്രട്ടറിയുമായ ഇ.ചന്ദ്രശേഖരൻ. സഭയിൽ നടത്തിയ വ്യക്തിപരമായ വിശദീകരണത്തിലാണ് ഇ.ചന്ദ്രശേഖരൻ അതൃപ്തി പരസ്യമാക്കിയത്. സാക്ഷികൾ കൂറുമാറിയിട്ടില്ലെന്ന് സിപിഎം എംഎൽഎ കുഞ്ഞഹമ്മദ് കുട്ടി നിയമസഭയിൽ പറഞ്ഞിരുന്നു.

തിരഞ്ഞെടുപ്പിൽ വിജയിച്ചതിനെ തുടർന്ന് വോട്ടർമാരെ നന്ദി അറിയിക്കാൻ പോയപ്പോൾ തന്നെയും എല്‍ഡിഎഫ് നേതാക്കളെയും ബിജെപിക്കാർ ആക്രമിച്ചതായി ഇ.ചന്ദ്രശേഖരൻ പറഞ്ഞു. കാസർകോട് അഡീഷനൽ സെഷൻസ് കോടതിയിൽ (രണ്ട്) വിചാരണ നടന്നു. തന്നെ ആക്രമിച്ചതായി പൊലീസിനു നൽകിയ മൊഴിയാണ് കോടതിയിലും പറഞ്ഞത്. എന്നാൽ, തന്നെ ആക്രമിച്ചതായി നേരത്തെ പൊലീസിനു മുന്നിൽ മൊഴി നൽകിയ 4 സാക്ഷികൾ മൊഴി മാറ്റി. ഇതു കോടതി വിധിന്യായത്തിൽ പറഞ്ഞിട്ടുണ്ടെന്ന് ചന്ദ്രശേഖരൻ ചൂണ്ടിക്കാട്ടി.

ഫെബ്രുവരി 2ന്, നയപ്രഖ്യാപന പ്രസംഗത്തിന് നന്ദിപറഞ്ഞുകൊണ്ടുള്ള ചർച്ചയിൽ‌ സാക്ഷികളെല്ലാം ഒരേ നിലയിലാണ് മൊഴി നൽകിയതെന്നും പ്രതികളെ ആരും തിരിച്ചറിയാത്തതാണ് കേസ് പരാജയപ്പെടാൻ ഇടയാക്കിയതെന്നും കുറ്റ്യാടി എംഎൽഎ പറഞ്ഞത് വസ്തുതാ വിരുദ്ധമാണ്. പൊലീസ് സ്റ്റേഷനില്‍ പ്രതികളെ തിരിച്ചറിഞ്ഞവർ കോടതിയിൽ മൊഴി മാറ്റിയതാണ് തിരിച്ചടിയായതെന്നും ഇ.ചന്ദ്രശേഖരൻ പറഞ്ഞു. കയ്യടിയോടെയാണ് പ്രതിപക്ഷം ചന്ദ്രശേഖരന്റെ വിശദീകരണം കേട്ടത്.

സിപിഎം നേതാക്കൾ മൊഴി മാറ്റിയത് മുന്നണിയിലും തർക്കങ്ങൾക്ക് ഇടയാക്കിയിരുന്നു. എന്നാൽ, ഇ.ചന്ദ്രശേഖരനെ ആക്രമിച്ച പ്രവർത്തകരെ കോടതി വിട്ടയച്ചത് സിപിഐയുടെ വീഴ്ചയെന്നാണ് ഒരു വിഭാഗം നേതാക്കൾ പറയുന്നത്. ചന്ദ്രശേഖരൻ മന്ത്രിയായപ്പോഴോ പിന്നീടോ കേസിന്റെ വിവരങ്ങൾ സിപിഎമ്മുമായി ചർച്ച ചെയ്തില്ലെന്നും ഇടതു മുന്നണിയിലും വിഷയം ചർച്ചയായില്ലെന്നും നേതാക്കൾ ചൂണ്ടിക്കാട്ടിയിരുന്നു.

Content Highlights: E Chandrasekharan, CPI, CPM, Kerala Assembly

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com