ADVERTISEMENT

കോട്ടയം ∙ കർഷകരുടെ മാനസിക സംഘർഷവും ജനങ്ങളുടെ ബുദ്ധിമുട്ടും കണ്ടാണ് തലശേരി ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി ബിജെപി അനുകൂല നിലപാട് പ്രകടിപ്പിച്ചതെന്ന് കേരള ജനപക്ഷം (സെക്കുലർ) ചെയർമാൻ പി.സി.ജോർജ്. ഇടതു സർക്കാർ കർഷകരെ വഞ്ചിക്കുകയാണ്. ഫാരിസ് അബൂബക്കറിന്റെ നേതൃത്വത്തിൽ 17 അംഗങ്ങളുള്ള ടീമാണ് കേരളം ഭരിക്കുന്നത്. മന്ത്രി മുഹമ്മദ് റിയാസിന്റെ ബന്ധുവായ ഫാരിസ് അബൂബക്കറിനെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയുടേതെന്നും ജോർജ് കുറ്റപ്പെടുത്തി.

കഴിഞ്ഞ ആറു വർഷമായി മുഖ്യമന്ത്രിയുടെ നിഴലും മാർഗദർശിയുമാണ് ഫാരിസ് അബൂബക്കറെന്ന് മുൻപും പി.സി.ജോർജ് ആരോപിച്ചിരുന്നു. പിണറായിയുടെ രണ്ടു മക്കളുടെ മൂന്നു കല്യാണത്തിന്റെ തലേന്നും ഫാരിസ് അബൂബക്കർ വീട്ടിലെത്തിയിരുന്നു. ഫാരിസ് അബൂബക്കർ നിഴൽ സാന്നിദ്ധ്യമായി മുഖ്യമന്ത്രിക്ക് ഒപ്പമുണ്ട്. 2009ൽ കോഴിക്കോട് സീറ്റ് വീരേന്ദ്രകുമാറിൽ നിന്ന് പിടിച്ചെടുത്തത് ഫാരിസിന്റെ നിർദേശപ്രകാരമാണ്. അന്ന് അവിടെ മത്സരിച്ചത് മുഹമ്മദ് റിയാസാണ്. പെയ്മെന്റ് സീറ്റ് എന്ന് അന്നേ ആരോപണമുണ്ടായിരുന്നുവെന്നും ജോർജ് മുൻപ് പറഞ്ഞിരുന്നു.

‌2012 മുതൽ മുഖ്യമന്ത്രിയുടെ സാമ്പത്തിക ഇടപാടുകളെയും രാഷ്ട്രീയ നീക്കങ്ങളെയും നിയന്ത്രിക്കുന്നത് ഫാരിസ് അബൂബക്കർ ആണെന്നും ജോർജ് ആരോപിച്ചിരുന്നു. സോളർ കേസിലെ പ്രതി നൽകിയ പീഡന പരാതിയിൽ അറസ്റ്റിലായ ജോർജ് കോടതിയിൽനിന്നു ജാമ്യം നേടി പുറത്തിറങ്ങിയശേഷമാണ് അന്ന് ഈ ആരോപണങ്ങളുന്നയിച്ചത്. 2016 മുതൽ അമേരിക്ക കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഫാരിസ് അബൂബക്കറുമായുള്ള സാമ്പത്തിക ഇടപാടുകൾക്കു വേണ്ടിയാണോ പിണറായി വിജയൻ തുടർച്ചയായി അമേരിക്ക സന്ദർശിക്കുന്നതെന്ന് കേന്ദ്ര സർക്കാരും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇഡി) അന്വേഷിക്കണമെന്നു ജോർജ് ആവശ്യപ്പെട്ടിരുന്നു.

English Summary: Faris Aboobaker is the relative of minister Mohammed Riyas, says PC George

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com