ADVERTISEMENT

വാഷിങ്ടൻ ∙ പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകിയതുൾപ്പെടെ വിദേശ രാജ്യങ്ങളിൽനിന്നു ലഭിച്ച വിലയേറിയ സമ്മാനങ്ങളിൽ പലതും മുൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വെളിപ്പെടുത്തിയില്ലെന്നു റിപ്പോർട്ട്. 47,000 ഡോളർ മൂല്യമുള്ള 17 സമ്മാനങ്ങളാണ് ഇന്ത്യയിൽനിന്നു ലഭിച്ചത്. ആകെ 2.5 ലക്ഷം ഡോളർ മൂല്യമുള്ള സമ്മാനങ്ങൾ വെളിപ്പെടുത്താതെ ട്രംപ് സൂക്ഷിച്ചിട്ടുണ്ട്.

ഡെമോക്രാറ്റ് പാർട്ടി സമിതിയാണു റിപ്പോർട്ട് പുറത്തുവിട്ടത്. നരേന്ദ്ര മോദിയെ കൂടാതെ മുൻ പ്രസിഡന്റ് റാംനാഥ് കോവിന്ദ്, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവരുൾപ്പെടെയാണു ട്രംപിനു സമ്മാനങ്ങൾ കൈമാറിയത്. സൗദി വാളുകൾ, ഇന്ത്യൻ ആഭരണങ്ങൾ, ട്രംപിന്റെ വലിയ പോർട്രെയിറ്റ് തുടങ്ങിയവയാണു സമ്മാനങ്ങളുടെ കൂട്ടത്തിൽ വിലയേറിയവ. പ്രസിഡന്റിനു ലഭിക്കുന്ന സമ്മാനങ്ങൾ വെളിപ്പെടുത്തണമെന്നാണ് നിയമം.

Read Also: രാഷ്ട്രീയ നേതാക്കളുടെ കള്ളപ്പണമുണ്ടെന്ന് കണ്ടെത്തൽ; ഉറവിടം വെളിപ്പെടുത്താതെ 100 കോടി നിക്ഷേപം...

8,500 ഡോളർ വിലയുള്ള അലങ്കാര പാത്രമാണു യോഗി ആദിത്യനാഥ് സമ്മാനിച്ചത്. 6,600 ഡോളറിന്റെ ഇന്ത്യൻ പരവതാനി റാംനാഥ് കോവിന്ദും, ഷർട്ടിന്റെ കയ്യറ്റത്ത് ഉപയോഗിക്കുന്ന 1,900 ഡോളറിന്റെ കഫ്‌ലിങ്ക്സ് മോദിയും സമ്മാനിച്ചു. 4,600 ഡോളറിന്റെ താജ്‍മഹൽ മാതൃക അടക്കമുള്ളവയും ട്രംപ് വെളിപ്പെടുത്താത്ത ഇന്ത്യൻ സമ്മാനങ്ങളുടെ കൂട്ടത്തിലുണ്ട്.

സമ്മാനങ്ങളുമായി ബന്ധപ്പെട്ട നിയമം പാലിക്കുന്നതിൽ ട്രംപ് പരാജയപ്പെട്ടെന്നു ഡെമോക്രാറ്റ് കമ്മിറ്റിയുടെ റിപ്പോർട്ട് ആരോപിക്കുന്നു. യുഎസിന്റെ 45–ാം പ്രസിഡന്റായിരുന്ന ട്രംപ്, 2017 മുതൽ 2021 വരെയാണ് അധികാരത്തിലുണ്ടായിരുന്നത്. നൂറിലേറെ വിദേശസമ്മാനങ്ങളെ പറ്റി ട്രംപ് വെളിപ്പെടുത്തിയില്ലെന്നു റിപ്പോർട്ട് കുറ്റപ്പെടുത്തി. അധികാരത്തിലിരുന്ന സമയത്ത് കുടുംബാംഗങ്ങളുമൊത്ത് നടത്തിയ വിദേശ സന്ദർശനങ്ങളിൽ ലഭിച്ച സമ്മാനങ്ങൾ ഉൾപ്പെടെയാണിത്.

English Summary: Indian Jewellery, Saudi Swords Among Gifts That Trump Did Not Disclose

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com