ബെംഗളൂരു∙ ഹിന്ദുത്വത്തെപ്പറ്റിയുള്ള ട്വീറ്റ് വിവാദമായതിനു പിന്നാലെ കന്നട നടൻ ചേതൻ അഹിംസ എന്നറിയപ്പെടുന്ന ചേതൻ കുമാർ അറസ്റ്റിൽ. ‘‘ഹിന്ദുത്വം നുണകളിലാണു നിർമിച്ചിരിക്കുന്നത്’’ എന്ന ട്വീറ്റിന്റെ പേരിലാണ് ചേതനെ അറസ്റ്റ് ചെയ്തത്. ശേഷാദ്രിപുരം പൊലീസ് കസ്റ്റഡിയിലെടുത്ത ചേതനെ ജില്ലാ കോടതിയിൽ ഹാജരാക്കി. ദലിത് ആക്ടിവിസ്റ്റായ നടനെതിരെ മതവിശ്വാസത്തെ അപമാനിച്ചു എന്നതടക്കമുള്ള വകുപ്പുകളാണു ചുമത്തിയിട്ടുള്ളത്.
സമൂഹത്തിൽ ശത്രുത വളർത്തുന്ന പ്രസ്താവനയാണു ചേതന്റേതെന്നാണ് പൊലീസിന്റെ ആരോപണം. ‘‘ഹിന്ദുത്വം നുണകളിലാണു നിർമിച്ചിട്ടുള്ളത്. സവർക്കർ: രാവണനെ തോൽപ്പിച്ച് രാമൻ അയോധ്യയിലേക്കു തിരിച്ചെത്തിയപ്പോഴാണ് ഇന്ത്യാ ‘രാജ്യം’ തുടങ്ങുന്നത്– ഒരു നുണ. 1992: രാമന്റെ ജന്മസ്ഥലമാണു ബാബറി മസ്‌ജിദ്– ഒരു നുണ. 2023: ഉറിഗൗഡ–നഞ്ചെഗൗഡ എന്നിവരാണ് ടിപ്പുവിന്റെ ‘കൊലയാളികൾ’– ഒരു നുണ. ഹിന്ദുത്വത്തെ സത്യം കൊണ്ടു മാത്രമേ തോൽപ്പിക്കാനാകൂ. സത്യം എന്നതു തുല്യതയാണ്.’’– ചേതൻ ട്വീറ്റിൽ അഭിപ്രായപ്പെട്ടു.
ട്വീറ്റിനെതിരെ പരാതി കിട്ടിയതിനു പിന്നാലെയാണു ചേതനെ പൊലീസ് അറസ്റ്റ് ചെയ്തത്. 2022 ഫെബ്രുവരിയിൽ ഹിജാബ് കേസ് പരിഗണിച്ച കർണാടക ഹൈക്കോടതി ജഡ്ജി കൃഷ്ണ ദീക്ഷിതിന് എതിരായ ട്വീറ്റിന്റെ പേരിൽ നേരത്തേയും നടനെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
English Summary: Kannada Actor Chetan Kumar Arrested For 'Objectionable' Tweet On Hindutva