ADVERTISEMENT

മോസ്കോ ∙ യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള ചൈനയുടെ സമാധാന നിർദേശങ്ങൾ ഉൾപ്പെടെയുള്ളവ ആദ്യദിന കൂടിക്കാഴ്ചയിൽ ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിനും തമ്മിൽ സംസാരിച്ചതായി റിപ്പോർട്ട്. കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് വിസമ്മതിച്ചു. ഇരുനേതാക്കളും സംയുക്ത പ്രസ്താവന ഇറക്കുമെന്നും പെസ്കോവ് അറിയിച്ചു.

‘‘ഇരു നേതാക്കളും ഗൗരവമായ ചർച്ചകൾ നടത്തി. 12–ഇന നിർദേശങ്ങളാണ് യുക്രെയ്നിലെ വെടിനിർത്തലിന് ചൈന മുന്നോട്ടുവച്ചിരിക്കുന്നത്’’ – പെസ്കോവ് പറഞ്ഞു. ചൈനയുടെ നിർദേശങ്ങൾ ശ്രദ്ധാപൂർവം പഠിച്ചുവെന്നും അവ ഷി ചിൻപിങ്ങുമായി ചർച്ച ചെയ്യുമെന്നും പുട്ടിൻ തിങ്കളാഴ്ച പറഞ്ഞിരുന്നു.

∙ ‘പ്രിയ സുഹൃത്ത്’; ചർച്ച നാലു മണിക്കൂർ

തിങ്കളാഴ്ച ഇരുനേതാക്കളും നാലുമണിക്കൂറോളം ചർച്ച നടത്തിയെന്ന് രാജ്യാന്തര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ചർച്ചകൾക്കുശേഷം ക്രെംലിൻ ഒരുക്കിയ ഔദ്യോഗിക അത്താഴവിരുന്നിനു ശേഷമാണ് ചൈനീസ് സംഘത്തിനു മടങ്ങാനായത്. ഷിയും പുട്ടിനും പരസ്പരം ‘പ്രിയ സുഹൃത്ത്’ എന്നാണ് വിശേഷിപ്പിച്ചത്. സമാധാനം നടപ്പാക്കാൻ റഷ്യയിലെത്തിയ ചിൻപിങ്, യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കിയുമായി ഫോണിൽ സംസാരിക്കുമെന്നാണ് വിവരം. ഇക്കാര്യത്തിൽ സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണെന്ന് യുക്രെയ്ൻ ഉപപ്രധാനമന്ത്രി ഇറിന വെറെഷ്ചുക് പറഞ്ഞു.

∙ ബെയ്ജിങ്ങിന്റെ സമാധാന ദൗത്യം

ഷി ചിൻപിങ്ങിന്റെ സന്ദർശനത്തെ നയതന്ത്ര മിടുക്കായാണ് റഷ്യ ഉയർത്തിക്കാട്ടുന്നത്. യുദ്ധത്തിന്റെ പേരിൽ പാശ്ചാത്യ രാജ്യങ്ങൾ ഉപരോധങ്ങൾ ഏർപ്പെടുത്തിയും മറ്റും അകറ്റി നിർത്തുമ്പോൾ ചൈന മാത്രമാണ് റഷ്യയോടു സൗഹാർദ സമീപനം കാട്ടുന്നത്. രാജ്യാന്തര ക്രിമിനൽ കോടതി (ഐസിസി) പുട്ടിനെതിരെ കുറ്റംചുമത്തിയ സാഹചര്യത്തിലാണ് ചിൻപിങ്ങിന്റെ സന്ദർശനം. മോസ്കോയുമായി സാമ്പത്തിക ബന്ധം ശക്തമാക്കുന്നതിനൊപ്പം ‘ബെയ്ജിങ്ങിന്റെ സമാധാന ദൗത്യം’ എന്നത് ഉയർത്തിക്കാട്ടാൻ ചിൻപിങ്ങും ശ്രമിക്കുന്നുണ്ട്. ചൈനയുടെ നിർദേശങ്ങൾ ആദരവോടുകൂടി പരിഗണിക്കുമെന്ന പുട്ടിന്റെ നിലപാട് ചിൻപിങ്ങിന്റെ സ്വീകാര്യതയുടെ തെളിവാണ്.

∙ ‘റഷ്യയ്ക്ക് സമയം നൽകാനുള്ള നീക്കം’

ചൈനയുടെ ഈ നീക്കത്തെ റഷ്യയ്ക്ക് യുദ്ധരംഗത്ത് കൂടുതൽ സമയം നൽകാനുള്ള നീക്കമായാണ് പാശ്ചാത്യ ലോകം കാണുന്നത്. പിടിച്ചെടുത്ത നഗരങ്ങളിൽ ഇതിനകം ശക്തമാക്കിയ സുരക്ഷാസംവിധാനങ്ങൾ കൂടുതൽ ദൃഢമാക്കാനുള്ള സമയം നൽകലാണിതെന്ന് വൈറ്റ് ഹൗസ് പറയുന്നു. യുക്രെയ്നിൽനിന്ന് പുട്ടിന്റെ സൈന്യത്തെ പിൻവലിപ്പിക്കാനാണ് ചിൻപിങ് ശ്രമിക്കേണ്ടതെന്ന് വൈറ്റ് ഹൗസ് വക്താവ് ജോൺ കിർബി പറഞ്ഞു.

അതേസമയം, പൊതുവായ ചില കാര്യങ്ങളാണ് ചൈനയുടെ നിർദേശങ്ങളിൽ ഉള്ളതെന്നും യുദ്ധം എങ്ങനെ അവസാനിപ്പിക്കണമെന്നുള്ള കാര്യം വിശദീകരിക്കുന്നില്ലെന്നുമാണ് റിപ്പോർട്ട്. യുദ്ധം ആരംഭിച്ചിട്ട് ഇപ്പോൾ 13 മാസമായി. റഷ്യൻ പ്രധാനമന്ത്രി മിഖായേൽ മിഷുസ്തിനെ ചൈന സന്ദർശിക്കാൻ ചിൻപിങ് ക്ഷണിച്ചു. ഇരുരാജ്യത്തെയും പ്രധാനമന്ത്രിമാർ തമ്മിൽ സ്ഥിരമായി യോഗങ്ങൾ ചേരണമെന്നും ചിൻപിങ് പറഞ്ഞു.

English Summary: Kremlin says Putin and Xi discussed Chinese peace proposal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com