ADVERTISEMENT

തിരുവനന്തപുരം ∙ അഞ്ച് യുഡിഎഫ് എംഎൽഎമാരുടെ സത്യഗ്രഹത്തിന്റെ പശ്ചാത്തലത്തിൽ, നടുത്തളത്തിൽ സത്യഗ്രഹം നടത്തുന്നത് ശരിയായ രീതിയല്ലെന്ന് സ്പീക്കർ എ.എൻ.ഷംസീറും സഭാചട്ടം അനുസരിച്ച് നടുത്തളത്തിൽ സത്യഗ്രഹം ഇരിക്കാൻ കഴിയില്ലെന്ന് മന്ത്രി കെ.രാജനും ചൂണ്ടിക്കാട്ടിയെങ്കിലും സഭാതലത്തിലെ സത്യഗ്രഹ സമരം ഇതാദ്യമല്ലെന്ന് ചരിത്രം. 1974 ഒക്ടോബർ 21നാണ് സഭയിലെ ആദ്യ സത്യഗ്രഹ സമരം നടന്നത്. അന്ന് ഇഎംഎസിന്റെ നേതൃത്വത്തിൽ 5 എംഎൽഎമാർ സഭാതലത്തിൽ സത്യഗ്രഹം തുടങ്ങി. അഴിമതി നടത്തിയ മന്ത്രിമാർ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം. തുടർന്ന് സഭ നിർത്തിവച്ചു. ഒരു മണിക്കൂറിൽ സമരം അവസാനിച്ചു.

ഇതേ ആവശ്യം ഉന്നയിച്ച് 1975 ഫെബ്രുവരി 25ന് ഇഎംഎസ് സഭയ്ക്കുള്ളിൽ നിരാഹാര സമരം പ്രഖ്യാപിച്ചു. പ്രതിപക്ഷം ഒരു രാത്രി മുഴുവൻ നിയമസഭയിൽ തുടർന്നു. അടുത്ത ദിവസം രാവിലെ എട്ടരയ്ക്ക് സഭ അനിശ്ചിത കാലത്തേക്കു പിരിഞ്ഞു. അതോടെ നിരാഹാര സത്യഗ്രഹം അവസാനിച്ചു.

പിന്നീട് പ്ലസ് ടു അഴിമതി വിഷയത്തിൽ 2000 ജൂലൈ 17ന് യുഡിഎഫ് സത്യഗ്രഹ സമരം ആരംഭിച്ചു. കെ.ബാബു, ബാബു ദിവാകരൻ, സി.ജെ.ജോയ്, മാമൻ മത്തായി, ശോഭന ജോർജ് എന്നിവരാണ് സമരം പ്രഖ്യാപിച്ചത്. അന്ന് എം.വിജയകുമാർ ആയിരുന്നു സ്പീക്കർ. സഭയ്ക്കുള്ളിലെ ലൈറ്റും എസിയും ഓഫ് ചെയ്യാൻ സ്പീക്കർ നിർദ്ദേശിച്ചു. ഉള്ളിൽ ഇരിക്കാനാകാതെ സമരക്കാർ പുറത്തിറങ്ങി. അതോടെ സമരം അവസാനിച്ചു. സഭ അനിശ്ചിത കാലത്തേക്ക് പിരിയുകയും ചെയ്തു.

സഭയ്ക്കുള്ളിൽ പ്രതിപക്ഷ എംഎൽഎമാരും വാച്ച് ആൻഡ് വാർഡുമായി സംഘർഷമുണ്ടായതിനെ തുടർന്ന് 2011 ഒക്ടോബർ 17ന് ജെയിംസ് മാത്യുവിനെയും ടി.വി.രാജേഷിനെയും സസ്പെൻഡ് ചെയ്തിരുന്നു. അന്ന് സഭയ്ക്കുള്ളിൽ വി.എസ്.അച്യുതാനന്ദൻ സത്യഗ്രഹം പ്രഖ്യാപിച്ചു. ഒരു രാത്രി മുഴുവൻ പ്രതിപക്ഷം സഭയ്ക്കുള്ളിൽ തുടർന്നു. അടുത്ത ദിവസം സഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു.

ബാർകോഴ ആരോപണം സൃഷ്ടിച്ച വിവാദക്കൊടുങ്കാറ്റിനിടെ കെ.എം.മാണി ബജറ്റ് അവതരിപ്പിക്കാതിരിക്കാൻ 2015 മാർച്ച് 12ന് പ്രതിപക്ഷം ഒന്നടങ്കം സഭയ്ക്കുള്ളിൽ തുടർന്നു. അടുത്ത ദിവസം രാവിലെ സഭ സാക്ഷ്യം വഹിച്ചത് സമാനതകളില്ലാത്ത സംഭവവികാസങ്ങൾക്ക്. അന്ന് കടുത്ത പ്രതിഷേധത്തിനിടെ കെ.എം. മാണി ബജറ്റ് അവതരിപ്പിച്ചു.

English Summary: History of MLA Strike In Kerala Assembly

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com