തിരുവനന്തപുരം ∙ പേരും ഫോൺ നമ്പരും അശ്ലീല കമന്റോടെ റെയിൽവേ സ്റ്റേഷനിലെ ശുചിമുറി ഭിത്തിയിൽ എഴുതിവച്ചയാളെ കണ്ടെത്താൻ 5 വർഷം തെളിവു ശേഖരണവും നിയമപോരാട്ടവും നടത്തിയ വനിതയ്ക്കു ഒടുവിൽ ജയം. കേസിൽ പൊലീസ് എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.
തിരുവനന്തപുരം ജില്ലയിലെ ശ്രീകാര്യത്തു നേരത്തേ താമസിച്ചിരുന്ന വീട്ടമ്മയാണ് പരാതിക്കാരി. 2018 മേയ് നാലു മുതൽ അശ്ലീല സംഭാഷണവുമായി ഫോൺ വിളികൾ പതിവായതോടെയാണ് പരാതിക്കാരി സംഭവം അന്വേഷിക്കുന്നത്. ഇങ്ങനെ വിളിച്ചൊരാളാണ് സൗത്ത് റെയിൽവേ സ്റ്റേഷന്റെ ശുചിമുറിയിൽ ഈ നമ്പർ എഴുതി വച്ചിരിക്കുകയാണെന്നു പറഞ്ഞത്. നമ്പർ എഴുതി വച്ചിട്ടുള്ളതിന്റെ ദൃശ്യം ഫോട്ടോയെടുത്ത് അയച്ചുകൊടുക്കുകയും ചെയ്തു.
കയ്യക്ഷരത്തിൽ പരിചയം തോന്നിയ പരാതിക്കാരിക്കു തന്റെ വീട് ഉൾപ്പെട്ട റസിഡന്റ്സ് അസോസിയേഷന്റെ മിനിറ്റ്സ് ബുക്കിൽ ഈ കയ്യക്ഷരം കണ്ടതായി സംശയം തോന്നി. പിന്നീട് അസോസിയേഷനിലെ പല കത്തുകൾ പരിശോധിച്ചപ്പോൾ സംശയം ബലപ്പെട്ടു. രണ്ടു കയ്യക്ഷരവും സാമ്യമുണ്ടോയെന്നു പരിശോധിക്കാൻ ബെംഗളൂരുവിലെ സക്വാര്യ ലാബിൽ കൊടുത്ത് അവിടെ സ്ഥിരീകരിച്ചു. അങ്ങനെയാണ് അതേ റസിഡന്റ്സ് അസോസിയഷനിൽ അംഗമായ ഒരാളുടേതാണ് കയ്യക്ഷരം എന്നു കണ്ടെത്തിയത്.
ഈ തെളിവുകൾ വച്ച് എറണാകുളം സിറ്റി പൊലീസ് കമ്മിഷണർക്കു പരാതി നൽകി. എഫ്ഐആർ റജിസ്റ്റർ ചെയ്തു. കോടതി നിർദ്ദേശപ്രകാരം സർക്കാർ ഫൊറൻസിക് ലാബിലും ഇത് സ്ഥിരീകരിച്ച ശേഷമാണ് കുറ്റപത്രം സമർപ്പിച്ചത്.
English Summary: Name and Phone Number of Lady at Railway Station Washroom; Chargesheet Submitted