ADVERTISEMENT

മുക്കം ∙ യുഡിഎഫ് കൺവൻഷന്റെ വേദിയിൽ ഒരു വനിത പോലും ഇല്ലാത്തതിനു രാഹുൽ ഗാന്ധിയുടെ വിമർശനം. യുഡിഎഫ് മുക്കത്ത് സംഘടിപ്പിച്ച കൺവൻഷന്റെ ഉദ്ഘാടനവും രാഹുൽ ഗാന്ധി വയനാട് മണ്ഡലത്തിൽ നടപ്പാക്കുന്ന കൈത്താങ്ങ് പദ്ധതിയിൽ നിർമിച്ച വീടുകളുടെ താക്കോൽദാനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം.  ‘രാജ്യത്ത് 50 ശതമാനവും സ്ത്രീകളാണ്. അത്രയും വേണമെന്നു ഞാൻ പറയില്ല. പക്ഷേ പത്തോ പതിനഞ്ചോ ശതമാനമെങ്കിലും ഈ വേദിയിൽ സ്ത്രീകൾക്ക് അവസരം നൽകണമായിരുന്നു’– രാഹുൽ ഗാന്ധി പറഞ്ഞു.

അതേസമയം, വീട്ടിലേക്ക് എത്രവട്ടം പൊലീസിനെ അയച്ചാലും എത്ര കേസ് എടുത്താലും എത്ര തവണ ആക്രമിച്ചാലും തന്നെ ഭയപ്പെടുത്താനാകില്ലെന്നു രാഹുൽ ഗാന്ധി വ്യക്തമാക്കി. ‘ ഞാൻ സത്യം പറഞ്ഞു കൊണ്ടേയിരിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയും ആർഎസ്എസും ബിജെപിയും ചേർന്ന് ഇന്ത്യ എന്ന ആശയത്തെ ആക്രമിക്കുകയാണ് എന്നതാണ് ആ സത്യം’– രാഹുൽ പറഞ്ഞു. 

‘‘പ്രധാനമന്ത്രിയെന്നാൽ ഇന്ത്യയല്ല.അദ്ദേഹത്തെ വിമർശിച്ചാൽ രാജ്യത്തെ വിമർശിക്കലാകില്ല. പ്രധാനമന്ത്രിയും ബിജെപിയും ആർഎസ്എസും കരുതുന്നത് അവരാണ് ഇന്ത്യ എന്നാണ്. പ്രധാനമന്ത്രി ഒരു ഇന്ത്യൻ പൗരൻ മാത്രമാണ്. പ്രധാനമന്ത്രിയെയോ ആർഎസ്എസിനെയോ ബിജെപിയോ വിമർശിക്കുന്നത് ഇന്ത്യയെ വിമർശിക്കലല്ല. യഥാർഥത്തിൽ രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളെ തകർത്തുകൊണ്ടു പ്രധാനമന്ത്രിയും ബിജെപിയും ആർഎസ്എസുമാണ് ഇന്ത്യയെ ആക്രമിക്കുന്നത്. അവർക്ക് പലരെയും ഭീഷണിപ്പെടുത്താം, സമ്മർദത്തിലാക്കാം. പക്ഷേ എന്നെ അതിനു സാധിക്കില്ല. അതിനൊരു കാരണമുണ്ട്; ഞാൻ സത്യത്തിൽ വിശ്വസിക്കുന്നു, സത്യത്തിനു വേണ്ടിയാണ് പോരാടുന്നത്. ജീവിതം മുഴുവൻ നുണ മാത്രം പറയുന്നവർക്കും നുണയുടെ മറവിൽ ഒളിച്ചിരിക്കുന്നവർക്കും ഇതു മനസ്സിലാകണമെന്നില്ല’ – രാഹുൽ ഗാന്ധി പറഞ്ഞു.

പരിസ്ഥിതി സംരക്ഷണത്തിന്റെ പേരിൽ കർഷകരെ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ബുദ്ധിമുട്ടിക്കുകയാണെന്നു രാഹുൽ ആരോപിച്ചു. കാർഷിക വിളകളുടെ വിലയിടിവും വന്യമൃഗശല്യവും മൂലം കർഷകർ ദുരിതത്തിലാണ്. സംസ്ഥാന സർക്കാർ ഈ വിഷയത്തിൽ കാര്യക്ഷമമായി ഇടപെടണമെന്നും രാഹുൽ ആവശ്യപ്പെട്ടു.

English Summary: Rahul Gandhi Criticises Absence Of Ladies In UDF Venue

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com