നാഗർകോവിൽ∙ സൗഹൃദം നടിച്ച് സ്വകാര്യ ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമത്തിൽ പങ്കുവച്ചതായി നഴ്സിങ് വിദ്യാർഥിനിയുടെ പരാതിയുമായി ബന്ധപ്പെട്ട കേസിൽ ഒളിവിലായിരുന്ന വൈദികനെ പൊലീസ് അറസ്റ്റ് ചെയ്തു.
കൊല്ലങ്കോട് ഫാത്തിമനഗർ സ്വദേശിയും അഴകിയമണ്ഡപത്തിനു സമീപം പ്ലാങ്കാലയിലെ പള്ളി വികാരിയുമായ ഫാ.ബെനഡിക്ട് ആന്റോ (29) ആണ് അറസ്റ്റിലായത്. ഒട്ടേറെ യുവതികളുമായി വൈദികന്റെ വാട്സാപ് ചാറ്റുകളും സ്വകാര്യ ദൃശ്യങ്ങളും പ്രചരിച്ചിരുന്നു. നഴ്സിങ് വിദ്യാർഥിനി ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ പരാതിയെത്തുടർന്ന് കന്യാകുമാരി ജില്ലാ സൈബർ ക്രൈം പൊലീസ് വൈദികനെതിരെ കേസെടുക്കുകയായിരുന്നു.
ഓണ്‍ലൈനിലൂടെ ലൈംഗികാതിക്രമം നടത്തുന്നുവെന്നും പള്ളിയില്‍ പോകുമ്പോഴെല്ലാം മോശമായി ശരീരത്തില്‍ സ്പര്‍ശിക്കുന്നുവെന്നുമാണ് വിദ്യാര്‍ഥിനി പരാതി നല്‍കിയത്. പിന്നീട് വീഡിയോ കോള്‍ ചെയ്യാനും വാട്‌സാപ്പിലൂടെ ചാറ്റ് ചെയ്യാനും നിര്‍ബന്ധിച്ചു. സമ്മര്‍ദത്തെത്തുടര്‍ന്ന് വൈദികനെ വിളിച്ചപ്പോഴാണ് ഓണ്‍ലൈനിലൂടെയുള്ള ലൈംഗിക അതിക്രമമുണ്ടായതെന്നാണ് വിദ്യാര്‍ഥിനിയുടെ പരാതിയില്‍ പറയുന്നത്. നിരവധി പെൺകുട്ടികൾ പീഡനത്തിനിരയായിട്ടുണ്ടെന്നാണ് വിവരം.
വൈദികന്റെ ഫോണും ലാപ്‌ടോപ്പും മോഷ്ടിച്ചവര്‍ അശ്ലീല ചിത്രങ്ങളും വിഡിയോയും സാമൂഹ്യ മാധ്യമങ്ങള്‍വഴി പ്രചരിപ്പിച്ചുെവന്നാണ് പുറത്തുവരുന്ന വിവരം. ഒളിവിൽ പോയ വൈദികനെ പിടിക്കുന്നതിനായി പൊലീസിന്റെ 2 പ്രത്യേക അന്വേഷണ സംഘങ്ങൾ രൂപീകരിച്ച് നടത്തിയ അന്വേഷണത്തിനിടെ നാഗർകോവിലിൽ നിന്നാണ് വൈദികനെ പിടികൂടിയത്. പൊലീസ് കൂടുതൽ അന്വേഷണം നടത്തി വരുന്നു.
English Summary: Rape case: Priest arrested in Nagercoil