ADVERTISEMENT

തിരുവനന്തപുരം ∙ രണ്ടാം പിണറായി സര്‍ക്കാരിന്‍റെ കാലത്തെ ഏറ്റവും സംഘര്‍ഷഭരിതമായ നിയമസഭാ സമ്മേളനകാലത്തിനാണു ചൊവ്വാഴ്ച തിരശീല വീണത്. സ്പീക്കറുടെ ഓഫിസിന് മുന്നില്‍ സംഘര്‍ഷമുണ്ടായ ശേഷം അഞ്ചുമണിക്കൂറോളം മാത്രമാണ് എല്ലാ ദിവസങ്ങളിലും കൂടി നിയമസഭ നടന്നത്. എട്ട് അടിയന്തര പ്രമേയ നോട്ടിസുകള്‍ക്ക് അനുമതി നിഷേധിക്കുന്ന അപൂര്‍വമായ സാഹചര്യവും ഇത്തവണയുണ്ടായി.

മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറയേണ്ടിയിരുന്ന അടിയന്തരപ്രമേയ നോട്ടിസുകളും ചോദ്യങ്ങളും ഒഴിവാക്കുന്നതിന് ആസൂത്രിത നീക്കം നടന്നെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. പതിനഞ്ചാം കേരള നിയമസഭയുടെ എട്ടാം സമ്മേളനം പുതുവര്‍ഷത്തില്‍ നടക്കുമോ എന്ന് ആദ്യം സംശയമായിരുന്നു. ഗവര്‍ണറോട് ഇടഞ്ഞുനിന്ന സര്‍ക്കാര്‍, നയപ്രഖ്യാപനപ്രസംഗം ഒഴിവാക്കുന്നതിനായി ഡിസംബറില്‍ ചേര്‍ന്ന സമ്മേളനം പുതുവര്‍ഷത്തില്‍ തുടരാനായിരുന്നു ആദ്യം ആലോചിച്ചത്. ഗവര്‍ണറുമായി പതിവുപോലെ ഒത്തുതീര്‍പ്പില്‍ എത്തിയതോടെ നയപ്രഖ്യാപനം നടന്നു.

ലൈഫ് മിഷന്‍ കേസ് അടിയന്തര പ്രമേയമായി വന്നപ്പോള്‍ മാത്യു കുഴല്‍നാടന്‍റെ ആരോപണങ്ങള്‍ക്ക് മുന്നില്‍ മുഖ്യമന്ത്രിക്ക് നിയന്ത്രണം വിട്ടു. ഇതോടെ അടിയന്തരപ്രമേയങ്ങള്‍ക്ക് സര്‍ക്കാര്‍ മൂക്കുകയറിട്ടു തുടങ്ങി. എട്ട് അടിയന്തരപ്രമേയ നോട്ടിസുകള്‍ക്ക് സ്പീക്കര്‍ അനുമതിയേ നല്‍കിയില്ല. പലതിനും മുഖ്യമന്ത്രി മറുപടി നല്‍കേണ്ടതായിരുന്നു. ഭരണപക്ഷത്തുനിന്ന് ബഹളത്തിന് തുടക്കമിടുന്ന കാഴ്ചയും പലപ്പോഴുമുണ്ടായി. മുഖംനോക്കാതെ സ്പീക്കറുടെ റൂളിങ് വന്നു. പിന്നീട് സ്ഥിതിമാറി. ബഹളം വച്ച ഷാഫി പറമ്പില്‍ തോല്‍ക്കുമെന്നു പറയാനും സ്പീക്കര്‍ മടിച്ചില്ല.

അടിയന്തര പ്രമേയങ്ങള്‍ തുടര്‍ച്ചയായി നിഷേധിച്ചതോടെ, സ്പീക്കറെ സര്‍ക്കാര്‍ നിയന്ത്രിച്ച് അവകാശം ലംഘിക്കുന്നെന്നായി പ്രതിപക്ഷം. നിയമസഭയുടെ നടുത്തളത്തില്‍ പ്രതിപക്ഷം സമാന്തരസഭ ചേര്‍ന്നു. സ്പീക്കറുടെ ഓഫിസിന് മുന്നിലെ പ്രതിപക്ഷ സമരത്തോടെ കാര്യങ്ങളുടെ പിടിവിട്ടു. ഏഴ് പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പിട്ട് കേസെടുത്തു. ഭരണപക്ഷത്തെ രണ്ടുപേര്‍ക്കെതിരെ ജാമ്യംനല്‍കാവുന്ന വകുപ്പിട്ടും കേസ്. ഷാഫിക്കെതിരെ പറഞ്ഞത് പിന്‍വലിച്ച് സ്പീക്കറുടെ റൂളിങ്. പ്രതിപക്ഷ ആവശ്യങ്ങളോട് അനുഭാവം പുലര്‍ത്തുന്നതായിരുന്നു റൂളിങ്. എന്നാല്‍ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനുമായി ചര്‍ച്ച നടത്തി പ്രശ്നം തീര്‍ക്കാന്‍ മുഖ്യമന്ത്രി തയാറാകാത്തത് ഭരണപക്ഷത്തിന്‍റെ നിലപാട് വ്യക്തമാക്കി.

English Summary: Tense assembly session in second Pinarayi Vijayan government

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com