ADVERTISEMENT

ന്യൂഡൽഹി∙ ഡൽഹിയിലെ ബ്രിട്ടിഷ് ഹൈക്കമ്മിഷനുമുന്നിലെ സുരക്ഷ കുറച്ച് കേന്ദ്ര സർക്കാർ. ബ്രിട്ടിഷ് ഹൈക്കമ്മിഷന്റെയും ഹൈക്കമ്മിഷണറുടെ വസതിക്കു മുന്നിലെയും സുരക്ഷയാണ് കേന്ദ്രം വെട്ടിക്കുറച്ചത്. ഖലിസ്ഥാൻ അനുകൂലികൾ ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ ഓഫിസിനു നേർക്ക് ആക്രമണം നടത്തിയതിൽ ബ്രിട്ടന്‍ ശക്തമായ പ്രതികരണം എടുക്കാതിരുന്നതിനെത്തുടർന്നാണ് ഇന്ത്യയും നടപടിയെടുത്തതെന്നാണ് സൂചന.

ബ്രിട്ടിഷ് ഹൈക്കമ്മിഷറുടെ വസതിക്കു മുന്നിൽനിന്ന്. ചിത്രം: ജെ. സുരേഷ് ∙ മനോരമ
ബ്രിട്ടിഷ് ഹൈക്കമ്മിഷറുടെ വസതിക്കു മുന്നിൽനിന്ന്. ചിത്രം: ജെ. സുരേഷ് ∙ മനോരമ

ഇന്ത്യയിൽ ചില രാജ്യങ്ങളുടെ എംബസികൾക്ക് കാര്യമായ സുരക്ഷാ പ്രശ്നം ഇല്ലെന്നു വിലയിരുത്തിയാണ് കേന്ദ്രത്തിന്റെ നടപടിയെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഭീഷണിയുണ്ടായിട്ടും യുകെയിലും യൂറോപ്പിലും ഇന്ത്യൻ നയതന്ത്രജ്ഞർക്ക് ആവശ്യത്തിനു സുരക്ഷ ഒരുക്കാൻ പല സർക്കാരുകളും തയാറാകുന്നില്ലെന്നു ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ ട്വീറ്റ് ചെയ്തു.

ബ്രിട്ടിഷ് ഹൈക്കമ്മിഷനു മുന്നിൽനിന്നുള്ള കാഴ്ച. സുരക്ഷാഭടൻമാരെയും ബാരിക്കേഡുകളും ഇന്ത്യ പിൻവലിച്ചു. (Photo - Twitter/@ANI)
ബ്രിട്ടിഷ് ഹൈക്കമ്മിഷനു മുന്നിൽനിന്നുള്ള കാഴ്ച. സുരക്ഷാഭടൻമാരെയും ബാരിക്കേഡുകളും ഇന്ത്യ പിൻവലിച്ചു. (Photo - Twitter/@ANI)

ഖലിസ്ഥാൻ അനുകൂലികളുടെ ആക്രമണം ഉണ്ടായേക്കുമെന്ന രഹസ്യാന്വേഷണ വിവരം ഉണ്ടായിട്ടും ആവശ്യത്തിന് സുരക്ഷയൊരുക്കാൻ യുകെ തയാറായില്ലെന്ന വികാരമാണ് ഇന്ത്യയ്ക്കുള്ളത്. സുരക്ഷാ കാര്യങ്ങള്‍ അല്ലാത്തവയിലും ബന്ധപ്പെട്ട നടപടികളെടുത്ത് ബ്രിട്ടിഷ് സർക്കാരിന് ശക്തമായ സന്ദേശം നൽകാനാണ് കേന്ദ്രത്തിന്റെ തീരുമാനം.

ബ്രിട്ടിഷ് ഹൈക്കമ്മിഷനു മുന്നിൽനിന്നുള്ള കാഴ്ച. സുരക്ഷാഭടൻമാരെയും ബാരിക്കേഡുകളും ഇന്ത്യ പിൻവലിച്ചു. ചിത്രം: ജെ. സുരേഷ് ∙ മനോരമ
ബ്രിട്ടിഷ് ഹൈക്കമ്മിഷനു മുന്നിൽനിന്നുള്ള കാഴ്ച. സുരക്ഷാഭടൻമാരെയും ബാരിക്കേഡുകളും ഇന്ത്യ പിൻവലിച്ചു. ചിത്രം: ജെ. സുരേഷ് ∙ മനോരമ

ഖലിസ്ഥാൻ അനുകൂലിയും പിടികിട്ടാപ്പുള്ളിയുമായ അമൃത്പാൽ സിങ്ങിനായി നടത്തുന്ന തിരച്ചിലിൽ പ്രതിഷേധിച്ച് നടത്തിയ പ്രകടനത്തിനിടെ ഞായറാഴ്ചയാണ് ഇന്ത്യൻ പതാക താഴ്ത്തി ഖലിസ്ഥാൻ പതാക ഉയർത്താൻ ശ്രമിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. യുഎസിലെ സാൻഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺസുലേറ്റിനുനേരെയും ആക്രമണം ഉണ്ടായി. യുഎസ് സർക്കാർ ഇതിനെ ശക്തമായി അപലപിച്ചെങ്കിലും പ്രാദേശിക ഭരണകൂടം ഇതുവരെ കാര്യമായ നടപടികൾ എടുത്തിട്ടില്ല. കാനഡ സർക്കാരും ഇന്ത്യാവിരുദ്ധ ശക്തികൾക്കെതിരെ ശക്തമായ നടപടിയെടുക്കില്ലെന്ന വികാരമാണ് ഇന്ത്യയ്ക്കുള്ളത്.

English Summary: India scales down security for British establishments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com