ADVERTISEMENT

തിരുവനന്തപുരം∙ കൈക്കൂലിക്കേസ് ഒതുക്കാൻ കൈക്കൂലി വാങ്ങിയെന്ന ആരോപണം നേരിടുന്ന വിജിലൻസ് സ്പെഷൽ സെൽ യൂണിറ്റ് ഡിവൈഎസ്പി പി.വേലായുധൻ നായര്‍ അറസ്റ്റ് ഭയന്ന് മുങ്ങി. വീട്ടിൽ വിജിലൻസ് സംഘം റെയ്ഡ് നടത്തുന്നതിനിടെയാണ് ഡിവൈഎസ്പി മുങ്ങിയത്. ഇന്നലെ ഉച്ചയ്ക്ക് തുടങ്ങിയ റെയ്ഡ് രാത്രി ഒൻപതുവരെ തുടർന്നിരുന്നു. തിരുവനന്തപുരം സ്പെഷൽ സെൽ യൂറ്റിറ്റ്–രണ്ട് എസ്പിയുടെ നേതൃത്വത്തിലുള്ള ഉദ്യോസ്ഥരാണ് റെയ്ഡ് നടത്തിയത്. 

റെയ്ഡ് അവസാനഘട്ടത്തിലേക്ക് എത്തുന്നതിനിടെ, വേലായുധൻ നായര്‍ സ്റ്റേറ്റ്മെന്റില്‍ ഒപ്പുവച്ചശേഷം വീടിന്റെ പിന്നിലൂടെ കടന്നുകളയുകയായിരുന്നു. വിജിലൻസ് സംഘവും കുടുംബാംഗങ്ങളും ഇന്നു പുലർച്ചവരെ തിരിച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. വിവരം വിജിലൻസ് എസ്പി കഴക്കൂട്ടം പൊലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. റെയ്ഡിൽ വേലായുധൻ നായരുടെ മൊബൈൽ ഫോൺ പിടിച്ചെടുത്തിരുന്നു. അറസ്റ്റ് ചെയ്തേക്കുമെന്ന് മനസ്സിലാക്കിയതിനെ തുടർന്നാണ് മുങ്ങിയതെന്നാണ് സൂചന. 

വേലായുധൻ നായരും അടുത്തിടെ കൈക്കൂലി കേസിൽ അറസ്റ്റിലായ തിരുവല്ല മുനിസിപ്പാലിറ്റി മുൻ സെക്രട്ടറി എസ്.നാരായണനുമായി സാമ്പത്തിക ഇടപാട് ഉൾപ്പെടെ നടത്തിയതിന്റെ തെളിവുകൾ വിജിലൻസിനു നേരത്തേ ലഭിച്ചിരുന്നു. എസ്.നാരായണൻ അവിഹിത സ്വത്തു സമ്പാദിച്ചെന്ന കേസ് എഴുതിത്തള്ളാൻ വേലായുധൻ നായർ 50,000 രൂപ കൈപ്പറ്റിയതിന്റെ രേഖകളും വിജിലൻസ് ശേഖരിച്ചിരുന്നു. തിരുവനന്തപുരത്തും ആലപ്പുഴയിലുമായി നാരായണൻ ഒട്ടേറെ വസ്തുക്കൾ വാങ്ങിയതിന്റെ രേഖകളും കണ്ടെടുത്തിട്ടുണ്ട്. 

നാരായണനെയും തിരുവല്ല മുനിസിപ്പാലിറ്റി ഓഫിസ് അസിസ്റ്റന്റ് ഹസീന ബീഗത്തെയും 25,000 രൂപ കൈക്കൂലി വാങ്ങുമ്പോൾ 2 ആഴ്ച മുൻപു വിജിലൻസ് അറസ്റ്റു ചെയ്തിരുന്നു. ഈ കേസ് അന്വേഷണത്തിനിടെയാണു വേലായുധൻ നായരും നാരായണനും മുൻപു നടത്തിയ സാമ്പത്തിക ഇടപാടുകൾ പത്തനംതിട്ട വിജിലൻസ് ഡിവൈഎസ്പി ഹരി വിദ്യാധരൻ കണ്ടെത്തിയത്. 2021–22 കാലയളവിൽ നാരായണൻ ചെങ്ങന്നൂർ മുനിസിപ്പൽ സെക്രട്ടറിയായിരിക്കെ ഫെഡറൽ ബാങ്കിന്റെ ചെങ്ങന്നൂർ ബ്രാഞ്ചിൽ നിന്നു കഴക്കൂട്ടം ബ്രാഞ്ചിലേക്കു 2021 സെപ്റ്റംബർ 30നു വേലായുധൻ നായരുടെ മകൻ ശ്യാംലാലിന്റെ അക്കൗണ്ടിലേക്കു 50,000 രൂപ മാറ്റിയതായി പ്രഥമ വിവര റിപ്പോർട്ടിൽ പറയുന്നു. 

നാരായണനെതിരായ അവിഹിത സ്വത്തു സമ്പാദന കേസ് അന്വേഷിച്ചിരുന്നതു സ്പെഷൽ സെൽ ഡിവൈഎസ്പിയായിരുന്ന വേലായുധൻ നായരായിരുന്നു. ഇതിനു പിന്നാലെ നാരായണനെതിരായ കേസ് ‘മിസ്റ്റേക്ക് ഓഫ് ഫാക്ട്’ ആണെന്നും തുടർനടപടി ആവശ്യമില്ലെന്നും കാണിച്ചു വിജിലൻസ് കോടതിയിൽ നാരായണനെ കുറ്റവിമുക്തനാക്കി റിപ്പോർട്ട് നൽകി. റിപ്പോർട്ട് വിജിലൻസ് എസ്പി റെജി ജേക്കബ് വിജിലൻസ് ഡയറക്ടർ മനോജ് ഏബ്രഹാമിനു കൈമാറിയതിനു പിന്നാലെയാണു വേലായുധൻ നായർക്കെതിരെ കേസ് റജിസ്റ്റർ ചെയ്യാൻ ഡയറക്ടർ നിർദേശിച്ചത്.

English Summary: Bribery Case: Vigilance DySP flees during Raid

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com